ബിജെപിയുടെ ‘സുവര്‍ണാവസരം’ വോട്ടില്‍ ഹൈജാക്ക് ചെയ്ത് കോണ്‍ഗ്രസ്
ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ആറുമാസത്തിന്റെ ദൂരം മാത്രം ശേഷിക്കെ 2018 സെപ്റ്റംബര്‍ 28 നാണ് ശബരിമലയില്‍ ഏത് സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രീം കോടതി വിധിച്ചത്. സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് വൈകാതെ നടപ്പാക്കുമെന്ന് വ്യക്തമാക്കി. വിധിയെ തുണച്ച് സിപിഎമ്മും ഇടതുമുന്നണിയും രംഗത്തെത്തി. വിധിയെ അനുകൂലിച്ച കൂട്ടത്തില്‍ കോണ്‍ഗ്രസും ബിജെപിയുമുണ്ടായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിധി സ്വാഗതം ചെയ്തു. ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉത്തരവിനെ തുണച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. ആര്‍എസ്എസ് വിധിയെ അനുകൂലിച്ചു. ബിജെപി മുഖപത്രമായ ജന്‍മഭൂമി പിറ്റേന്ന് അനുകൂല വാര്‍ത്ത നല്‍കി. എന്നാല്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് വിധിക്കെതിരെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ തുറന്നടിച്ചു. ആര്‍ത്തവം അശുദ്ധമാണെന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും കെ സുധാകരന്‍ പറഞ്ഞു. പതിയെ മറ്റ് കോണ്‍ഗ്രസ് നേതാക്കളും നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് വിധിയെ എതിര്‍ത്തു. വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്ന് രമേശ് ചെന്നിത്തല തിരുത്തി. മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വിധിക്കെതിരെ നിലപാടെടുത്തു. വിഷയം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നുവെന്ന് കണ്ടതോടെ ബിജെപി നിലപാടുമാറ്റി. വിധിക്കെതിരെ പ്രസ്താവനകളുമായി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ള മുതലുള്ള നേതാക്കള്‍ അണിനിരന്നു. ആര്‍എസ്എസ് നിലപാട് വിഴുങ്ങി. ബിജെപി സംസ്ഥാന വ്യാപകമായി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങി.
തങ്ങള്‍ ശബരിമല വിശ്വാസികള്‍ക്കൊപ്പമാണെന്ന് മുസ്ലിം ലീഗും, കേരള കോണ്‍ഗ്രസും പരസ്യനിലപാടെടുത്ത് രംഗത്തെത്തി. ഈ വിധി നടപ്പാക്കിയാല്‍ നാളെ ന്യൂനപക്ഷ വിശ്വാസങ്ങളിലേക്കും ഭരണകൂട-കോടതി ഇടപെടലുകള്‍ക്ക് സാധ്യതയുണ്ടെന്ന വികാരം നേതാക്കള്‍ പറയാതെ പങ്കുവെച്ചു. പത്തനംതിട്ടയില്‍ പ്രാര്‍ത്ഥനാസംഗമം സംഘടിപ്പിച്ച് യുഡിഎഫ് വിഷയമേറ്റെടുത്തു. മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നതോടെ സംഘപരിവാര്‍ സംഘടനകള്‍ സംഘര്‍ഷമഴിച്ചുവിട്ടു. നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും ബിജെപി അനുകൂല സംഘടനകളുടെ പ്രതിഷേധമരങ്ങേറി. ദര്‍ശനത്തിനെത്തുന്നവരെ തടയുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തു. പലയിടത്തും പൊലീസ് ലാത്തിച്ചാര്‍ജുണ്ടായി. പൊലീസ് സംരക്ഷണയില്‍ ചിലര്‍ക്ക് ദര്‍ശനം ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറക്കേണ്ടി വന്നു. ഒടുവില്‍ ജനുവരി ഒന്നിന് പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ച് ബിന്ദു, കനകദുര്‍ഗ്ഗ എന്നീ യുവതികള്‍ പൊലീസ് സംരക്ഷണയില്‍ ദര്‍ശനം നടത്തി. ഇതോടെ സംഘപരിവാര്‍ പ്രതിഷേധം കടുപ്പിച്ചു. പലകുറി ലാത്തിച്ചാര്‍ജുണ്ടായി. സന്നിധാനത്ത് ശരണംവിളികള്‍ക്ക് പകരം മുദ്രാവാക്യങ്ങളുയര്‍ന്നു. തുടര്‍ ഹര്‍ത്താലുകളുണ്ടായി.
അക്രമാസക്ത സമരങ്ങള്‍ക്ക് പക്ഷേ കോണ്‍ഗ്രസ് മുതിര്‍ന്നില്ല. കെ സുധാകരന്‍ നേരിട്ട് നിലയ്ക്കലിലെത്തി പൊലീസുകാര്‍ക്കെതിരെ കയര്‍ത്തു. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വിഎസ് ശിവകുമാര്‍, അടൂര്‍പ്രകാശ് എന്നിവര്‍ പമ്പയില്‍ ക്യാംപ് ചെയ്തു. പക്ഷേ യുവതീ പ്രവേശന വിധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി സ്വാഗതം ചെയ്തതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി. ഇടയ്ക്ക് കോണ്‍ഗ്രസ് പ്രത്യക്ഷ പ്രതിഷേധങ്ങളില്‍ നിന്ന് പിന്‍മാറി. പാര്‍ട്ടി കൊടിയോ ബാനറുകളോ ഉപയോഗിച്ച് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് കെപിസിസി, പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവും നല്‍കി. ഇടക്കിടെ, വിശ്വാസികള്‍ക്കൊപ്പമാണ് തങ്ങളെന്ന് നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പ്രത്യക്ഷ സമരം വേണ്ടെന്ന നിലപാട് അധികം വൈകാതെ കെപിസിസി രാഷ്ട്രീയകാര്യസമിതി പിന്‍വലിച്ചു. ശേഷം മൂന്നിടങ്ങളില്‍ നിന്നായി പത്തനംതിട്ടയിലേക്ക് കോണ്‍ഗ്രസ് വിശ്വാസ സംരക്ഷണ ജാഥ സംഘടിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് കെ മുരളീധരനും തൊടുപുഴയില്‍ നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആലപ്പുഴയില്‍ നിന്ന് ഷാനിമോള്‍ ഉസ്മാനും കാസര്‍കോട് നിന്ന് കെ സുധാകരനും പത്തനംതിട്ടയിലേക്ക് പ്രചരണയാത്ര നയിച്ചു. വര്‍ഗീയതയെ തുരത്തുക, വിശ്വാസം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു ജാഥ. കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കിക്കാതെ ബിജെപി ശബരിമലയെ കലാപഭൂമിയാക്കുകയാണെന്നും സംസ്ഥാനസര്‍ക്കാര്‍ ഇതിന് ഒത്താശ ചെയ്യുകയാണെന്നും ജാഥകളിലുടനീളം കോണ്‍ഗ്രസ് പ്രചരണം നടത്തി.
കേരളസന്ദര്‍ശനത്തിനിടെ രാഹുല്‍ഗാന്ധിയും നിലപാട്മാറ്റി. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ് തിരുത്തി. ഇതിനിടെയാണ് ശബരിമല സുവര്‍ണാവസരമാണെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗം പുറത്തായത്. അക്ഷരാര്‍ത്ഥത്തില്‍ അത് അന്വര്‍ത്ഥമാക്കാനായിരുന്നു ബിജെപി ശ്രമം. അതിനിടെ റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടി. സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിച്ച് നവോത്ഥാന സന്ദേശമുയര്‍ത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പരമാവധി വോട്ടാക്കാനായിരുന്നു ബിജെപി നീക്കം. മുന്നണിക്ക് അവതരിപ്പിക്കാനാകുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെന്ന നിലയില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെയും ശബരിമലയുള്‍പ്പെടുന്ന പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെയും തൃശൂരില്‍ സുരേഷ് ഗോപിയെയും ഇറക്കി. അതേസമയം വിഷയത്തില്‍ എന്‍എസ്എസ് ബിജെപിയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയതും നിര്‍ണായകമായി. ബിജെപിയുടേത് വഞ്ചനാപരമായ നിലപാടാണെന്നായിരുന്നു എന്‍എസ്എസ് നിലപാട്. വിധിക്കെതിരെ ഓര്‍ഡിനന്‍സ് സാധ്യത പരിഗണിക്കാതെ ബഹളമുണ്ടാക്കുകയായിരുന്നു ബിജെപിയെന്നാണ് എന്‍എസ്എസ് തുറന്നടിച്ചു. ഫലത്തില്‍ വിശ്വാസി സമൂഹത്തോടൊപ്പം എന്‍എസ്എസിന്റെ പിന്‍തുണയും യുഡിഎഫിന് അനുകൂലമായി. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നേക്കാമെന്ന തോന്നല്‍ വിശ്വാസികളില്‍ ഉടലെടുത്തു. ശബരിമല വിഷയത്തില്‍ ന്യൂനപക്ഷങ്ങളും കോണ്‍ഗ്രസിന്റെ നിലപാടിനൊപ്പം നിന്നു. സമാന രീതിയില്‍ നാളെ ന്യൂനപക്ഷങ്ങളുടെ വിശ്വാസത്തിന് പോറലേല്‍ക്കുന്ന നീക്കങ്ങള്‍ക്കും സാധ്യതയുണ്ടെന്ന വികാരം ഇളക്കിവിടാന്‍ യുഡിഎഫിനായിരുന്നു. വിശ്വാസസംരക്ഷണ ജാഥ നയിച്ച കെ സുധാകരന്‍ കണ്ണൂരിലും കെ മുരളീധരന്‍ വടകരയിലും ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായെത്തിയത് യാദൃശ്ചികമായിരുന്നില്ല. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് വേണ്ടി ചാനല്‍ചര്‍ച്ചകളില്‍ സജീവമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോടും പ്രശ്‌നത്തിലിടപെട്ട അടൂര്‍പ്രകാശ് ആറ്റിങ്ങലിലിലും സ്ഥാനാര്‍ത്ഥികളായതും കൃത്യമായ രാഷ്ട്രീയ നീക്കമായിരുന്നു. വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ആവര്‍ത്തിക്കുകയും ചെയ്തു.
ബിജെപിക്കുവേണ്ടി സംസ്ഥാനത്ത് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷായും ഊന്നിപ്പറഞ്ഞതും ശബരിമല വിഷയമായിരുന്നു. സുപ്രീം കോടതി വിധിയെ എതിര്‍ക്കാതെ അത് നടപ്പാക്കാന്‍ ചുമതലയുള്ള പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയായിരുന്നു ആക്രമണങ്ങളത്രയും. വിഷയത്തില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെട്ടെന്ന് മോദിയും അമിത്ഷായും കേരളത്തില്‍ പ്രസംഗിച്ചു. ഇതിനെതിരെ ജനവിധിയുണ്ടാകുമെന്നും പറഞ്ഞുവെച്ചു. അയ്യപ്പന്റെ പേരില്‍ വോട്ടുചോദിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് മറികടന്നാണ് പല നേതാക്കളും പ്രചരണ രംഗത്ത് മുന്നേറിയത്.ശബരിമലയുടെ പേരില്‍ വോട്ടുതേടിയതിന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ്ഗോപിക്ക് കളക്ടര്‍ ടിവി അനുപമ നോട്ടീസ് നല്‍കിയിരുന്നു.കറുപ്പണിഞ്ഞാണ് പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വോട്ടുതേടിയത്. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് മത്സരിക്കാനെത്തിയ കുമ്മനം രാജശേഖരന്‍ കെട്ടുനിറച്ച് ശബരിമല സന്ദര്‍ശനം നടത്തുകയാണ് ആദ്യം ചെയ്തത്. ഇത്തരത്തിലെല്ലാം ശബരിമല വിഷയം സജീവമായി ഉപയോഗിച്ചിട്ടും ബിജെപി സംസ്ഥാനത്ത് പച്ചതൊട്ടില്ല. പ്രതീക്ഷവെച്ച പത്തനംതിട്ട, തിരുവനന്തപുരം തൃശൂര്‍ മണ്ഡലങ്ങളില്‍ ചലനമുണ്ടാക്കാന്‍ ബിജെപിക്കായില്ല.എന്നാല്‍ വിഷയം യുഡിഎഫിന് അനുകൂലമായാണ് ജനവിധിയില്‍ പ്രതിഫലിച്ചത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും മൂന്നിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയായി ബിജെപിയുടെ 'പ്രമുഖര്‍' ഉയര്‍ന്നുവന്നില്ല. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്, രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ശബരിമല ക്ഷേത്രമുള്‍പ്പെടുന്ന പത്തനംതിട്ട പിടിക്കാനെത്തിയ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായി. തൃശൂര്‍ ഇങ്ങെടുക്കുകയാണെന്ന് പറഞ്ഞ സുരേഷ്ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു.എന്നാല്‍ കോണ്‍ഗ്രസ് കണ്ണൂരിലും വടകരയിലും കാസര്‍കോടും ആറ്റിങ്ങലിലും തിരുവന്തപുരത്തും മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആലപ്പുഴയില്‍ മാത്രമാണ് യുഡിഎഫിന് കാലിടറിയത്. ശബരിമല വിഷയം ആളിക്കത്തിച്ചത് ബിജെപിയാണെങ്കിലും വോട്ടാക്കിയത് കോണ്‍ഗ്രസാണ്.