ചോള രാജവംശത്തിനെതിരെ പരാമര്‍ശം, ഹിന്ദു മക്കള്‍ കക്ഷിയുടെ പരാതിയില്‍ പാ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തു
ചോള രാജവംശത്തിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ തമിഴ് സിനിമാ സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തു. ജാതി സ്പര്‍ധയുണ്ടാക്കിയെന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ പരാതിയിലാണ് തിരുപനന്തല്‍ പൊലീസ് കേസെടുത്തത്. ദളിത് ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ നിലം പാന്‍പാട്ടു മയ്യത്തിന്റെ സ്ഥാപകന്‍ കൂടിയാണ് 'കാലാ' സംവിധായകന്‍ പാ രഞ്ജിത്ത്.
ചോള രാജവംശത്തിന്റെ കാലത്ത് ദളിതര്‍ അനുഭവിച്ച ദുരിതങ്ങളെ കുറച്ച് ദളിത് സംഘടനയായ നീല പുലിഗള്‍ ഇയക്കത്തിന്റ പൊതുപരിപാടിയിലാണ് പാ രഞ്ജിത്ത് പറഞ്ഞത്. രാജരാജചോളന്റെ കാലത്ത് ദളിതരുടെ ഭൂമി പിടിച്ചെടുത്തെന്നും ദളിത് വിഭാഗങ്ങളെ അടിച്ചമര്‍ത്തിയെന്നുമുള്ള പാ രഞ്ജിത്തിന്റെ പരാമര്‍ശമാണ് ഹിന്ദുമക്കള്‍ കക്ഷിയെ ചൊടിപ്പിച്ചത്.
നീല പുലിഗള്‍ ഇയക്കത്തിന്റെ സ്ഥാപക നേതാവ് ഉമര്‍ ഫറൂഖിന്റെ ചരമ വാര്‍ഷിക ദിനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഹിന്ദു മക്കള്‍ കക്ഷിയുടെ തഞ്ചാവൂര്‍ മുന്‍ സെക്രട്ടറി ബാലയാണ് പാ രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്.
ഐപിസി വകുപ്പ് 153 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കലാപമുണ്ടാക്കാനുള്ള മനപ്പൂര്‍വ്വ ശ്രമത്തിനാണ് ഈ വകുപ്പ് പ്രകാരം കേസെടുക്കുക. ഐപിസി 153(a) (1) (a) പ്രകാരം വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് ഇടയില്‍ ശത്രുത വളര്‍ത്താനുള്ള ശ്രമവും ചാര്‍ജ് ചെയ്തിട്ടുണ്ട്.
ഭൂമിക്ക് വേണ്ടിയുള്ള ദളിതരുടെ പോരാട്ടങ്ങളെ കുറിച്ചും കഷ്ടപ്പാടുകളെ കുറിച്ചുമാണ് പാ രഞ്ജിത്ത് പറഞ്ഞത്. ഉമര്‍ ഫറൂഖ് ദളിതര്‍ക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളെ കുറിച്ചു പറയുന്നതിന് ഇടയിലാണ് ചോള ഭരണകാലത്തുണ്ടായ ദളിത് അടിച്ചമര്‍ത്തലുകളെ കുറിച്ചും പാ രഞ്ജിത്ത് പരാമര്‍ശിച്ചത്.
രാജ രാജ ചോളന്റെ കാലത്ത് ദളിതരില്‍ നിന്ന് ഭൂമി പിടിച്ചെടുക്കപ്പെട്ടെന്നും ഈ കാലഘട്ടത്തിലാണ് ദേവദാസി സമ്പ്രദായം ആരംഭിച്ചതെന്നും പാ രഞ്ജിത് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.