‘റഡാറില്‍ നിന്ന് കാര്‍മേഘം രക്ഷിക്കും’; മോദിയുടെ ‘കണ്ടുപിടുത്തത്തിന്’ പരിഹാസവര്‍ഷം
പാകിസ്താനെതിരെ വ്യോമാക്രമണം നടത്തിയത് സംബന്ധിച്ച് ടെലിവിഷന്‍ അഭിമുഖത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തില്‍ വിവാദം കത്തുന്നു. അതിര്‍ത്തി കടന്ന് ബലാകോട്ടില്‍ വ്യോമാക്രമണം നടത്തിയത് സംബന്ധിച്ചായിരുന്നു പ്രസ്താവന.
‘രാത്രി 9.30 ഓടെ വ്യോമാക്രമണ പദ്ധതിയെക്കുറിച്ച് വിശകലനം ചെയ്തു. 12 മണിയോടെ വീണ്ടും അവലോകനം നടന്നു. പക്ഷേ കാലാവസ്ഥ പെട്ടെന്ന് മോശമായി. ആകാശം മേഘാവൃതമായിരുന്നു. പ്രത്യാക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റിയാലോയെന്നായിരുന്നു വിദഗ്ധരുള്‍പ്പെട്ട വിലയിരുത്തല്‍ സമിതിയുടെ അഭിപ്രായം. എന്നാല്‍ എന്റെ മനസ്സില്‍ രണ്ട് കാര്യങ്ങളാണുണ്ടായിരുന്നത്. ഒന്ന് അതീവ രഹസ്യമാണ്. രണ്ടാമത്തേത് ഇതാണ്, ഞാന്‍ പറഞ്ഞു, ശാസ്ത്രത്തില്‍ വൈദഗ്ധ്യമുള്ള ഒരാളല്ല ഞാന്‍. ആകാശം മേഘാവൃതമാണ്, മഴയുമുണ്ട്. അത് നമുക്ക് അനുകൂലമാണ്. മേഘങ്ങള്‍ നമുക്ക് രക്ഷയാകും. നമുക്ക് പാകിസ്താന്റെ റഡാറില്‍ നിന്ന് രക്ഷപ്പെടാനാകും. ഇതുകേട്ടപ്പോള്‍ എല്ലാവരും ആശയക്കുഴപ്പത്തിലായി. ഒടുവില്‍ ഞാന്‍ പറഞ്ഞു. മേഘങ്ങള്‍ രക്ഷിക്കും, നമുക്ക് മുന്നോട്ടുപോകാം’
നരേന്ദ്രമോദി
മേഘങ്ങളുണ്ടെങ്കില്‍ റഡാറില്‍ നിന്ന് രക്ഷപ്പെടാമെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല. ഏത് മോശം കാലാവസ്ഥയിലും ഓരോ ചലനങ്ങളും റഡാറില്‍ കൃത്യമായി പതിയും. വാസ്തവമിതായിരിക്കെയാണ് പ്രധാനമന്ത്രിയുടെ അബദ്ധപ്രസ്താവന.
ഫെബ്രുവരി 26 ന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ വ്യോമസേന പാക് അതിര്‍ത്തി മറികടന്ന് ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ പ്രത്യാക്രമണം. വ്യോമാക്രമണത്തിന്റെ കഥയെന്ന പേരില്‍ ബിജെപി ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ മോദിയുടെ വാക്കുകള്‍ പങ്കുവെയ്ക്കുകയായിരുന്നു. അഭിമുഖത്തിന്റെ ഒരു മിനിട്ട് വീഡിയോയും പോസ്റ്റ് ചെയ്തു. എന്നാല്‍ മോദിയുടെ അശാസ്ത്രീയ വാദം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിതുറന്നു. തൊട്ടുപിന്നാലെ പ്രതിഷേധവും പരിഹാസവുമുയര്‍ന്നു. ഇതോടെ ബിജെപി പേജില്‍ നിന്ന് ഈ പോസ്റ്റ് അപ്രത്യക്ഷമായി.
തമാശകളിക്കേണ്ടതല്ല ദേശസുരക്ഷാ വിഷയങ്ങളെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. നിരുത്തരവാദപരമായ പ്രസ്താവന അപമാനകരമാണെന്നും ഇത്തരമൊരാള്‍ പ്രധാനമന്ത്രി പദവിയില്‍ തുടരുന്നത് ഉചിതമല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മോദിക്കെതിരെ വ്യാപകമായി ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനാല്‍ വോട്ടുനേടാനുള്ള മോദീ തന്ത്രമാണിതെന്ന വിമര്‍ശനവും ഉയരുന്നു.