മറുകണ്ടം ചാടിയതിന് പ്രത്യുപകാരം ; മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ അജിത് പവാറിന് അഴിമതി കേസുകളില്‍ ക്ലീന്‍ചിറ്റ്
ബിജെപിക്കൊപ്പം ചേര്‍ന്ന് മഹാരാഷ്ട്ര ഉപമുഖ്യന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ അജിത് പവാറിന് അഴിമതി കേസുകളില്‍ ക്ലീന്‍ ചിറ്റ്. സംസ്ഥാന ജലവിഭവ മന്ത്രിയായിരിക്കെ വിവിധ പദ്ധതികള്‍ നടപ്പാക്കിയതില്‍ അഴിമതി കണ്ടെത്തി രജിസ്റ്റര്‍ ചെയ്ത 9 കേസുകളാണ് അവസാനിപ്പിച്ചത്. മഹാരാഷ്ട്ര അഴിമതി വിരുദ്ധ ബ്യൂറോയുടേതാണ് നടപടി. 1999 - 2009 കാലയളവിലാണ് അജിത് പവാര്‍ ജലവിഭവ മന്ത്രിയായി പ്രവര്‍ത്തിച്ചത്. വിദര്‍ഭ, കൊങ്കണ്‍ മേഖലകളില്‍ ജലസേചന പദ്ധതി നടപ്പാക്കിയതില്‍ എഴുപതിനായിരം കോടിയുടെ അഴിമതിയാണ് വ്യക്തമായത്. മൂവായിരത്തോളം ടെന്‍ഡറുകള്‍ ക്രമവിരുദ്ധമാണെന്നും ആന്റി കറപ്ഷന്‍ ബ്യൂറോ കണ്ടെത്തിയിരുന്നു. ഇതില്‍ 20 കേസുകള്‍ അജിത് പവാറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയില്‍ 9 എണ്ണത്തിലാണ് അദ്ദേഹത്തെ പൊടുന്നനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.
അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായതും 9 കേസുകള്‍ അവസാനിപ്പിച്ചതും തമ്മില്‍ ബന്ധമില്ലെന്നാണ് അഴിമതി വിരുദ്ധ ബ്യൂറോയുടെ വാദം. 2012 ലാണ് വന്‍ അഴിമതി പുറത്തായത്. ഒരു പതിറ്റാണ്ടിനിടെ 42.500 കോടി ചെലവഴിച്ചിട്ടും ലക്ഷ്യമിട്ടതിന്റെ 0.1 % മേഖലയില്‍ മാത്രമേ പദ്ധതികള്‍ സാക്ഷാത്കരിക്കാനായിട്ടുള്ളൂവെന്ന് കണ്ടെത്തുകയായിരുന്നു. അഴിമതി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് അജിത് പവാര്‍ രാജിവെയ്ക്കുകയും തുടര്‍ന്ന് 3 മാസത്തിന് ശേഷം മന്ത്രിസഭയില്‍ തിരിച്ചെത്തുകയും ചെയ്തു.2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അജിത് പവാറിനെതിരായ അഴിമതി ആരോപണം മുന്‍നിര്‍ത്തിയായിരുന്നു ബിജെപിയുടെ പ്രചരണം. ഇത് ബിജെപി അനുകൂല രാഷ്ട്രീയ സാഹചര്യമുണ്ടാക്കുകയും ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാവുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി മൂന്നാം നാളാണ് ഇദ്ദേഹത്തിനെതിരായ 9 കേസുകള്‍ അവസാനിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ ബിജെപിയെയും അജിത് പവാറിനെയും പരിഹസിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്തെത്തി. ഈ നടപടിയില്‍ അദ്ഭുതമില്ല, 'പൊതുതാല്‍പ്പര്യം' പരിഗണിച്ച് ബിജെപി അജിത് പവാര്‍ സഖ്യം സ്വീകരിച്ച നടപടിയാണിത്. ഇതാണ് പൊതുജീവിതത്തിലെ ബിജെപിയുടെ സാന്‍മാര്‍ഗികതയെന്നും അദ്ദേഹം കളിയാക്കി. എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറിന്റെ അനന്തരവനാണ് അജിത് പവാര്‍. ബിജെപിക്ക് പിന്‍തുണ പ്രഖ്യാപിച്ചതിന് പിന്നാലെ അജിത് പവാറിനെ എന്‍സിപിയുടെ നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു.