ദത്തിന് വാരിക്കോരി പരോള്‍, പ്രത്യകാവധി, ജാമ്യം, മോചനം; തടവില്‍ തുടര്‍ന്ന് പേരറിവാളന്‍; ഇരട്ടനീതിയുടെ സാക്ഷ്യം
സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെ ശിക്ഷായിളവ് നല്‍കി മോചിപ്പിച്ചതെന്ന് വെളിപ്പെടുത്തല്‍. 1993 ലെ ബോംബെ സ്ഫോടനകേസില്‍ സുപ്രീം കോടതി ദത്തിനെ അഞ്ചുവര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ ആയുധനിയമപ്രകാരം ശിക്ഷയനുഭവിക്കുന്ന പ്രതികളെ മോചിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയായിരിക്കണമെന്ന സുപ്രധാന വിധി ലംഘിക്കപ്പെട്ടെന്നാണ് വ്യക്തമായിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ മോചനം കേന്ദ്രസര്‍ക്കാരുമായി ആലോചിച്ചായിരുന്നില്ലെന്ന് വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയില്‍ യെര്‍വാദ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
രാജീവ് ഗാന്ധി വധകേസില്‍ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന പേരറിവാളനാണ് നിരന്തര പോരാട്ടത്തിലൂടെ ഇക്കാര്യം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. 3 വര്‍ഷം തുടര്‍ച്ചയായി വിവരാവകാശ നിയമപ്രകാരം പോരാട്ടം നടത്തി പേരറിവാളന്‍ രേഖകളടക്കം സമ്പാദിച്ചു. വിശദാംശങ്ങളോ രേഖകളോ നല്‍കാനാകില്ലെന്ന ജയില്‍ അധികൃതരുടെ നിഷേധ നിലപാടിനെ 3 വര്‍ഷം നീണ്ട തുടര്‍ ചോദ്യം ചെയ്യലുകളിലൂടെ മറികടക്കുകയായിരുന്നു പേരറിവാളന്‍.
തടവില്‍ നല്ല പെരുമാറ്റമായിരുന്നു സഞ്ജയ് ദത്തിന്റേതെന്ന് വിലയിരുത്തിയാണ് താരത്തെ മോചിപ്പിച്ചത്. ആയുധ നിയമങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രനിയമപ്രകാരം ചുമത്തപ്പെട്ട കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയേ മോചനം പാടുള്ളൂവെന്ന് പേരറിവാളന്റെ സഹ തടവുകാരനായ മുരുകന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ഇതിന്റെ നഗ്‌നമായ ലംഘനമാണ് സഞ്ജയ് ദത്തിന്റെ കാര്യത്തിലുണ്ടായത്.
ആയുധനിയമപ്രകാരമാണ് സഞ്ജയ് ദത്തിനെ അഞ്ചുവര്‍ഷത്തേക്ക് ശിക്ഷിച്ചത്. അതായത് സഞ്ജയ് ദത്തിന് ശിക്ഷാ ഇളവ് നല്‍കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നര്‍ത്ഥം. ദത്തിന്റെ മോചനത്തിന് ഒരു മാസത്തിന് ശേഷം 2016 മാര്‍ച്ച് 24 നാണ് പേരറിവാളന്‍ ആദ്യ വിവരാവകാശ അപേക്ഷ നല്‍കുന്നത്. യെര്‍വാദ ജയിലില്‍, ശിക്ഷായിളവ് നല്‍കിയതുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും, ചര്‍ച്ചകളുടെ മിനുട്സും നിയമത്തിലെ വകുപ്പുകളും കേന്ദ്ര നിയമം അനുശാസിക്കുന്ന വിഷയങ്ങളും തേടിയാണ് അപേക്ഷിച്ചത്. തന്റെ പ്രതിനിധിയെ അവ പരിശോധിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യാതൊരു മറുപടിയും ലഭ്യമായില്ല.
പേരറിവാളന്‍ വീണ്ടും ചോദ്യങ്ങളുന്നയിച്ചു. ഇതോടെ, ദത്തിന്റെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെയോ യോഗങ്ങളുടെയോ മിനുട്സ് അടക്കമുള്ള രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നാണ്് 2016 എപ്രില്‍ 20 ന് സമര്‍പ്പിച്ച അപേക്ഷയ്ക്ക് മറുപടി ലഭിച്ചത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടിയിട്ടില്ലെന്നും മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.
2016 മെയ് 4 ന് വീണ്ടും പേരറിവാളന്‍ അപേക്ഷ നല്‍കി. ജയില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ ഇതിന് രണ്ട് ആഴ്ചയ്ക്ക് ശേഷം മറുപടി വന്നു. തേര്‍ഡ് പാര്‍ട്ടി വിശദാംശങ്ങള്‍ ആയതിനാല്‍ ജയിലില്‍ ഒന്നും സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു അപ്പോഴത്തെ മറുപടി. വിഷയത്തില്‍ ജൂണ്‍ 26 ന് നടന്ന ഹിയറിംഗില്‍ തന്റെ ഭാഗം അഭിഭാഷകന്‍ മുഖേന അറിയിക്കാന്‍ പേരറിവാളന് അവസരം ലഭിച്ചു. അഭിഭാഷകന്‍ പേരറിവാളന്റെ ചോദ്യങ്ങള്‍ യെര്‍വാദ ജയിലില്‍ അപ്പീല്‍ കേള്‍ക്കാന്‍ നിയോഗിക്കപ്പെട്ട സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചു. എന്നാല്‍ പേരറിവാളന്‍ വിശദാംശങ്ങള്‍ ലഭ്യമാകാന്‍ അര്‍ഹനല്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.
എന്നാല്‍ പേരറിവാളന്റെ പോരാട്ടം ഇവിടെ അവസാനിച്ചില്ല. തുടര്‍ന്ന് മഹാരാഷ്ട്ര വിവരാവകാശ കമ്മീഷനെ സമീപിച്ചു. പത്തുമാസം കാത്തിരിക്കേണ്ടി വന്നെങ്കിലും ജയിലിനോട് വിവരങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദേശിച്ചുള്ള ഇടക്കാല ഉത്തരവ് കമ്മീഷനില്‍ നിന്നുണ്ടായി. ഈ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ ജയില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 16 പേജ് മറുപടി നല്‍കി. പേരറിവാളന്റെ രണ്ട് ചോദ്യങ്ങള്‍ക്ക് മാത്രമാണ് മറുപടി ലഭിച്ചത്. ഇതോടെ ഇദ്ദേഹം വീണ്ടും ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കി. ഇതോടെ ഏപ്രില്‍ 29 ഓടെ മുഴുവന്‍ വിവരങ്ങളും ലഭ്യമായി. മൂന്ന് വര്‍ഷത്തെ നിരന്തര പോരാട്ടത്തിന്റെ ഫലമായിരുന്നു അത്.
സഞ്ജയ് ദത്തിന്റെയും പേരറിവാളന്റെയും കേസുകളില്‍ ഒട്ടേറെ സമാനതകളുണ്ട്. രണ്ടും ടാഡ നിയമപ്രകാരം പ്രത്യേക സംഘമാണ് അന്വേഷിച്ചത്. വിചാരണ നടന്നത് ഒരേ കോടതിയിലുമാണ്. എന്നാല്‍ പിന്നീട് സഞ്ജയ് ദത്ത് ടാഡ വകുപ്പുകളില്‍ ഇളവുനേടി. എന്നാല്‍ പേരറിവാളനുമേല്‍ അതേ വകുപ്പുകള്‍ തുടരപ്പെട്ടു. സേലത്തുനിന്ന് എകെ - 56 റൈഫിളുകള്‍ നേടിയതിന് ദത്തിനുമേല്‍ കുറ്റം ചുമത്തപ്പെട്ടിരുന്നു. 9 വോള്‍ട്ടിന്റെ ബാറ്ററികള്‍ രാജീവ് ഗാന്ധി വധകേസിന്റെ ആസൂത്രകനായ ശിവരശന് കൈമാറിയെന്നായിരുന്നു പേരറിവാളന് മേല്‍ ചുമത്തപ്പെട്ട കുറ്റം.
ഇതേ ബാറ്ററികളാണ് രാജീവ് ഗാന്ധിയെ വധിക്കാന്‍ ഉപയോഗിച്ച ബെല്‍റ്റ് ബോംബില്‍ ഉണ്ടായിരുന്നതെന്നാണ് അന്വേഷണസംഘം ആരോപിച്ചത്. എന്നാല്‍ പേരറിവാളന്റെ പങ്ക് സംശയാതീതമായി തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് എസ്ഐടി അംഗം തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വിരമിച്ച ശേഷമുള്ള ഇയാളുടെ തുറന്നുപറച്ചിലിന് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല.
1991 ജൂണ്‍ 11 നാണ് പേരറിവാളന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. ജാമ്യവും പരോളും നിഷേധിക്കപ്പെട്ടാണ് ജയില്‍ വാസം തുടര്‍ന്നത്. ആദ്യമായി പരോള്‍ ലഭിച്ചത്. രണ്ടര പതിറ്റാണ്ടിനിപ്പുറം 2017 ഓഗസ്റ്റ് 24 ന്. പേരറിവാളന്‍ ഉള്‍പ്പെടെയുള്ളവരുടെ മോചനക്കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നായിരുന്നു സുപ്രീം കോടതി വിധി. ഇതേ തുടര്‍ന്ന് 2018 സെപ്റ്റംബര്‍ 9 ന് തമിഴ്നാട് മന്ത്രിസഭ യോഗം ചേര്‍ന്ന് ഇവരെ വിട്ടയക്കാന്‍ തീരുമാനമെടുത്തു. ഇതില്‍ അവസാനവാക്ക് ഗവര്‍ണറുടേത്. എന്നാല്‍ ഇതുവരെ ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ല.
സഞ്ജയ് ദത്ത് അറസ്റ്റ് ചെയ്യപ്പെടുന്നത് 1993 ഏപ്രില്‍ 19 നാണ്. എന്നാല്‍ 15 ദിവസത്തിനിപ്പുറം മെയ് 4 ന് ജാമ്യം ലഭിച്ചു. രണ്ട് മാസത്തിന് ശേഷം വീണ്ടും അറസ്റ്റിലായി. തുടര്‍ന്ന് 1995 ഒക്ടോബര്‍ 16 വരെ ജയിലില്‍. ഇതോടെ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കി. തുടര്‍ന്ന് 2007 ജൂലൈയില്‍ ആയുധ നിയമപ്രകാരം ദത്ത് കുറ്റക്കാരനാണെന്ന് വിധിക്കും വരെ ജാമ്യത്തില്‍ സ്വാതന്ത്ര്യം അനുഭവിച്ചു. എന്നാല്‍ 2007 ഓഗസ്റ്റ് 20 ന് വീണ്ടും ജാമ്യം. 2013 മാര്‍ച്ചില്‍ സുപ്രീം കോടതി ടാഡ കോടതി വിധിയില്‍ ഇളവ് വരുത്തി ശിക്ഷ 5 വര്‍ഷമായി ചുരുക്കി. ജയിലില്‍ തിരിച്ചെത്താന്‍ 4 ആഴ്ചത്തെ അവധിയും അനുവദിച്ചു. എന്നാല്‍ പുനപ്പരിശോധനാ ഹര്‍ജി തള്ളിയതിന് ശേഷം 2013 മെയിലാണ് വീണ്ടും ജയിലിലെത്തുന്നത്. നാലുമാസത്തിന് ശേഷം 14 ദിവത്തെ പ്രത്യേക വാര്‍ഷികാവധി. അത് രണ്ടാഴ്ച നീട്ടിക്കൊടുക്കുകയും ചെയ്തു.
ഒക്ടോബര്‍ 30 ന് ദത്ത് വീണ്ടും ജയിലില്‍ തിരിച്ചെത്തി. ഡിസംബര്‍ 6 ന് 30 ദിവസത്തെ പരോളില്‍ പുറത്തിറങ്ങി. എന്നാല്‍ 2014 ജനുവരിയില്‍ അദ്ദേഹം ജയിലിലേക്ക് തിരികെപ്പോയില്ല. പരോള്‍ 60 ദിവസത്തേക്ക് നീട്ടിക്കൊടുത്തു. ഫെബ്രുവരി 18 നാണ് വീണ്ടും തിരികെയെത്തുന്നത്. 2014 ഡിസംബറില്‍ 18 ദിവസത്തെ പരോള്‍ ലഭിച്ചു. അതിന് ശേഷം 2015 ഓഗസ്റ്റില്‍ 30 ദിവസത്തെ പരോള്‍. 2016 ഫെബ്രുവരി 26 ന് അദ്ദേഹം പൂര്‍ണമായും മോചിതനാക്കപ്പെടുകയും ചെയ്തു. അതായത് 120 ദിവസത്ത പരോളും 44 ദിവസത്തെ പ്രത്യേകാവധിയും ദത്തിന് ഇക്കാലയളവിനിടെ ലഭിച്ചു. സാധാരണ പ്രതികള്‍ക്ക് അപ്രാപ്യമാണിത്. ഇരട്ടനീതിയുടെ സാക്ഷ്യവും