‘കള്ളക്കേസുകളെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു’; സിഐ നവാസിനെ കാണാതായതില്‍ ഭാര്യയുടെ വെളിപ്പെടുത്തല്‍
മട്ടാഞ്ചേരി സിഐ നവാസിനെ കാണാതായ സംഭവത്തില്‍ ഭാര്യ, മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. നവാസ് നാടുവിടാന്‍ കാരണം മേലുദ്യോഗസ്ഥരുടെ പീഡനമാണെന്ന് ഭാര്യ പറഞ്ഞു. കള്ളക്കേസുകളെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ നവാസിനെ നിര്‍ബന്ധിച്ചിരുന്നു. ഓഫീസര്‍മാര്‍ നവാസിനെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇക്കാര്യം ഭര്‍ത്താവ് തന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും ഓഫീസറുടെ പേര് തന്നോട് പറഞ്ഞിട്ടില്ല. ഇവര്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടികള്‍ നടപടിയെടുക്കണമെന്നും ഭാര്യ ആവശ്യപ്പെട്ടു. വയര്‍ലെസ് സെറ്റ് വഴി എസിപിയുമായി വാഗ്വാദം നടന്നിരുന്നു. വയര്‍ലെസ് സെറ്റ് രേഖകള്‍ പരിശോധിക്കാന്‍ അന്വേഷണസംഘം തയ്യാറാകണമെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം തെക്കന്‍കേരളത്തിലെ 4 ജില്ലകളില്‍ നവാസിനായി അന്വേഷണസംഘം തെരച്ചില്‍ നടത്തി വരികയാണ്. ഭാര്യക്ക് സുഖമില്ലെന്നും യാത്ര പോവുകയാണെന്നുമാണ് ഒരു ബന്ധുവിന് നവാസ് ഏറ്റവും ഒടുവില്‍ അയച്ച സന്ദേശം. ബന്ധുവിന്റെ അമ്മയെ ക്വാട്ടേഴ്‌സിലേക്ക് അയക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. കെഎസ്ഇബി വിജിലന്‍സില്‍ ജോലി ചെയ്യുന്ന പൊലീസുകാരന്റെ വാഹനത്തില്‍ നവാസ് കായംകുളംവരെ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കായംകുളം കോടതിയില്‍ പോകാന്‍ എത്തിയതാണെന്നാണ് ഇദ്ദേഹത്തോട് പറഞ്ഞത്. എന്നാല്‍ കോടതിയില്‍ പോയിട്ടില്ലെന്ന് വ്യക്തമായി.
അതേസമയം കായംകുളത്തെ ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസ് പരിശോധന നടത്തി. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കായംകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ നവാസ് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ മുതലാണ് നവാസിനെ കാണാതായത്. ഭാര്യയുടെ പരാതിയില്‍ കൊച്ചി സൗത്ത് പൊലീസാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരിക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐ എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകള്‍ ഇദ്ദേഹം കഴിഞ്ഞദിവസം ഒഴിഞ്ഞിരുന്നു. ഔദ്യോഗിക സിംകാര്‍ഡും വയര്‍ലെസ് സെറ്റും അദ്ദേഹം തിരിച്ചേല്‍പ്പിച്ചിട്ടുമുണ്ട്.
ചേര്‍ത്തല കുത്തിയതോട് സ്വദേശിയാണ് നവാസ്.ഒരു മേലുദ്യോഗസ്ഥനുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതിന് ശേഷമാണ് കാണാതായതെന്ന് വ്യക്തമായിട്ടുണ്ട്. ഈ സംഭവത്തിന് പിന്നാലെ ഇയാള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് വിവരം. സീനിയര്‍ ഉദ്യോഗസ്ഥനുമായി സിഐക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന് ഐജി വിജയ് സാക്കറെ വ്യക്തമാക്കിയിട്ടുമുണ്ട്. മട്ടാഞ്ചേരിയില്‍ വ്യാഴാഴ്ച ചുമതലയേറ്റെടുക്കാനിരിക്കെയാണ് ഇദ്ദേഹത്തെ കാണാതായത്.