ഹെലികോപ്റ്റര്‍ വിവാദം: കരാറിലുള്ളത് ഇരട്ടി വാടക; ഛത്തീസ്ഗഡിന് ലഭിക്കുന്നത് പകുതി നിരക്കില്‍
സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ വാടകക്കരാറില്‍ ക്രമക്കേടുണ്ടെന്ന ആരോപണങ്ങള്‍ രൂക്ഷമായിരിക്കെ ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കി മറ്റ് സംസ്ഥാനങ്ങളിലെ കരാര്‍ നിരക്കുകള്‍ പുറത്ത്. കേരളം നിശ്ചയിച്ചതിന്റെ പകുതി നിരക്കിലാണ് ഛത്തീസ്ഗഢ് ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നതെന്ന് തെളിഞ്ഞു. പ്രതിമാസം ഒരു ഹെലികോപ്റ്റര്‍ 20 മണിക്കൂര്‍ പറക്കാന്‍ 1.44 കോടിയാണ് പവന്‍ ഹാന്‍സിന് നല്‍കുമെന്നാണ് കേരള സര്‍ക്കാരിന്റെ കരാറിലുള്ളത്. അധിക സര്‍വ്വീസിന് മണിക്കൂറില്‍ 67,926 രൂപ വെച്ച് മണിക്കൂറിന് നല്‍കണം.
ഇതേ സൗകര്യങ്ങളുള്ള ഹെലികോപ്റ്റര്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത് 25 മണിക്കൂറിന് 85 ലക്ഷം രൂപ മാത്രം വാടക നല്‍കിയാണ്. വിങ് ഏവിയേഷന്‍ എന്ന കമ്പനിയാണ് മാവോയിസ്റ്റ് വേട്ടയ്ക്കും മറ്റുമായി ഛത്തീസ്ഗഢിന് ഹെലികോപ്റ്റര്‍ നല്‍കുന്നത്.
മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയാണ് ഹെലികോപ്റ്റര്‍ കരാറിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിയത്. പവന്‍ഹാന്‍സുമായ ധാരണയുണ്ടാക്കിയത് ഉയര്‍ന്ന തുകയ്ക്കാണെന്ന് ചൂണ്ടിക്കാണിച്ച് ചിപ്സണ്‍ ഏവിയേഷന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പവന്‍ഹാന്‍സിന് കരാര്‍ കിട്ടാന്‍ രമണ്‍ ശ്രീവാസ്തവയുടെ ഇടപെടലുണ്ടായെന്നാണ് ആരോപണം.
ബെംഗളുരു ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷന്‍ മുന്നോട്ട് വെച്ച 56 ലക്ഷത്തിന്റെ ക്വട്ടേഷന്‍ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ പവന്‍ ഹാന്‍സുമായി 1.44 കോടിയുടെ കരാറില്‍ ഒപ്പിടാന്‍ പോകുന്നത്. പ്രതിമാസം ഒരു ഹെലികോപ്റ്റര്‍ 20 മണിക്കൂര്‍ പറക്കാന്‍ 1.44 കോടിയാണ് പവന്‍ ഹാന്‍സിന് നല്‍കേണ്ട വാടക. 11 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിനാണ് പവന്‍ ഹാന്‍സ് വാടകക്ക് നല്‍കുന്നത്. ചര്‍ച്ചയില്‍ ഒരിക്കലും 11 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്റര്‍ വേണമെന്ന ആവശ്യം രമണ്‍ ശ്രീവാസ്തവ ഉന്നയിച്ചില്ലെന്ന് ചിപ്സണ്‍ ചൂണ്ടിക്കാണിക്കുന്നു. ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ വേണമെന്ന് പൊലീസ ഉപദേശകന്‍ ആവശ്യപ്പെട്ടു. അതില്ലെന്ന് അറിയിച്ചതോടെ ശ്രീവാസ്തവ ചിപ്സണുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തി. എന്നാല്‍ കരാറിലെത്തിയ പവന്‍ഹാന്‍സിന്റെ ഹെലികോപ്റ്ററുകളിലും സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലെന്ന് ചിപ്സണ്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അമിതവാടകക്ക് ഹെലികോപ്റ്റര്‍ എടുക്കുന്ന നടപടിയേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക വിശദീകരണമുണ്ടായിട്ടില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ കോടികള്‍ ചെലവഴിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനമുയരുന്നുമുണ്ട്.
1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്റര്‍ നല്‍കാമെന്ന വാഗ്ദാനം ചിപ്‌സന്‍ ഏവിയേഷന്‍ മുന്നോട്ട് വെക്കുന്നുണ്ട്. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഒരു ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്റര്‍ പ്രതിമാസം 37 ലക്ഷം രൂപയ്ക്കും ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന സിംഗിള്‍ എഞ്ചിന്‍ ഹെലികോപ്റ്റര്‍ 19 ലക്ഷം രൂപക്കും നല്‍കാമെന്ന് ചിപ്‌സണ്‍ പറയുന്നു. 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്ററുകളുടെ സേവനം 60 മണിക്കൂര്‍ നല്‍കാമെന്നും ചിപ്‌സണ്‍ ഏവിയേഷന്‍ ഉറപ്പുനല്‍കി.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം