‘സിബിഐ ദൈവമല്ല’, എല്ലാ കേസുകളും അവര്‍ക്ക് വിടേണ്ടതില്ലെന്നും സുപ്രീം കോടതി
സിബിഐ ദൈവമല്ലെന്നും എല്ലാ കേസുകളും ഈ അന്വേഷണ ഏജന്‍സിക്ക് വിടേണ്ടതില്ലെന്നും സുപ്രീം കോടതി. എല്ലാം അവര്‍ക്ക് അന്വേഷിച്ച് കണ്ടെത്താനാകണമെന്നില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി. ജസ്റ്റിസ് എന്‍ വി രമണ, സഞ്ജീവ് ഖന്ന എന്നിവരുടെ ബഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. പൊലീസ് അന്വേഷിച്ച ഒരു കേസ് സിബിഐക്ക് വിട്ട പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് രമണയാണ് പരാമര്‍ശം നടത്തിയത്. സഹോദരനെ കാണ്‍മാനില്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ശ്യാംബിര്‍ സിങ് എന്നയാള്‍ 2017 ഓഗസ്റ്റില്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2012 മുതല്‍ സഹോദരനെ കാണാനില്ലെന്നായിരുന്നു പരാതി. പിതാവില്‍ നിന്ന് ഭൂമി വാങ്ങിയ ആളുകളില്‍ നിന്ന് പണം വാങ്ങാനായി പോയ ശേഷം തിരിച്ചുവന്നിട്ടില്ലെന്ന് കാണിച്ചായിരുന്നു ഹര്‍ജി. ഇയാളെ കണ്ടെത്താനായില്ലെന്ന് കാണിച്ച് പല്‍വാല്‍ പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ ഹൈക്കോടതി കേസ് സുപ്രീം കോടതിക്ക് വിടുകയായിരുന്നു. എന്നാല്‍ സിബിഐ സുപ്രീം കോടതിയില്‍ ഇത് എതിര്‍ത്തു.
കേസില്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് പറയാനാകില്ലെന്നും കുറഞ്ഞ ഉദ്യഗസ്ഥ ശേഷി മാത്രമായതിനാല്‍ ഇത്തരം കേസുകള്‍ പരിഗണിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കോടതിയില്‍ വ്യക്തമാക്കി. കേസുകളുടെ ആധിക്യമാണെന്നും സിബിഐ കോടതിയെ ധരിപ്പിച്ചു. ഇതോടെ അന്വേഷണ ഏജന്‍സിയുടെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി നിര്‍ണായക നിരീക്ഷണം നടത്തിയത് എല്ലാ കേസുകളും സിബിഐക്ക് വിടാനാകില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ മൊത്തത്തില്‍ പ്രശ്‌നമാകുമെന്നും ജസ്റ്റിസ് രമണ പറഞ്ഞു. കേസ് അന്വേഷണം അവസാനിപ്പിച്ച പൊലീസ് നടപടി പരാതിക്കാരന് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാമെന്നും വ്യക്തമാക്കി.