മോദി വിരുദ്ധ വികാരത്തില്‍ ന്യൂനപക്ഷ ഏകീകരണം, നിര്‍ണായകമായി ശബരിമല; യുഡിഎഫ് കുതിപ്പിന്റെ കാരണങ്ങള്‍

മോദി വിരുദ്ധ വികാരത്തില്‍ ന്യൂനപക്ഷ ഏകീകരണം, നിര്‍ണായകമായി ശബരിമല; യുഡിഎഫ് കുതിപ്പിന്റെ കാരണങ്ങള്‍

Published on

ദേശീയ തലത്തില്‍ ആഞ്ഞടിച്ച ബിജെപി തരംഗം കേരളത്തില്‍ ചലനമുണ്ടാക്കിയില്ല. ഇടതിന്റെ കുത്തക മണ്ഡലങ്ങളില്‍ അട്ടിമറി വിജയം നേടിയും ചരിത്രത്തിലെ ഉയര്‍ന്ന ഭൂരിപക്ഷത്തിലേക്ക് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ എത്തിച്ചും യുഡിഎഫ് കേരളത്തില്‍ ചരിത്രനേട്ടം സ്വന്തമാക്കുമ്പോള്‍ അനൂകുലമായത് നിരവധി ഘടകങ്ങളാണ്.

അലയടിച്ച് മോദി വിരുദ്ധ വികാരം

നരേന്ദ്രമോദി സര്‍ക്കാരിന്റെ നിലപാടുകള്‍ക്കും നയങ്ങള്‍ക്കും എതിരെ സംസ്ഥാനത്ത് ശക്തമായ വിധിയെഴുത്തുണ്ടായെന്ന് തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു. റാഫേല്‍ കരാറിലെ അഴിമതി ആരോപണം, പശുവിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ അരങ്ങേറിയ ക്രൂരഹത്യകള്‍, ദളിത് വിരുദ്ധത, ഇന്ധനവില വര്‍ധന, വിലക്കയറ്റം, തൊഴിലില്ലായ്മ, നോട്ടുനിരോധനം,ജിഎസ്ടിയിലെ വീഴ്ച,ഭരണഘടനാ സ്ഥാപനങ്ങളെ കാവിവല്‍ക്കരിക്കല്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം എന്‍ഡിഎ സര്‍ക്കാരിനെതിരെ കേരളത്തില്‍ വികാരം ശക്തമായിരുന്നു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ കേന്ദ്രത്തില്‍ രാഹുലിന്റെ നേതൃത്വത്തിലുള്ള ശക്തമായ സര്‍ക്കാര്‍ രൂപപ്പെടണമെന്ന ചിന്ത കേരളത്തില്‍ വലിയൊരു വിഭാഗം വോട്ടര്‍മാരിലുണ്ടായെന്നാണ് മനസിലാക്കേണ്ടത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിക്കേ ദേശീയതലത്തില്‍ ബിജെപിയെ മാറ്റിനിര്‍ത്താനാകൂ എന്ന വികാരത്തോടെ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചെന്ന് വ്യക്തം. ഇടതുമുന്നണിയുടെ പരമ്പരാഗത വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ യുഡിഎഫിന് കഴിഞ്ഞെന്ന് വേണം കരുതാന്‍.

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യുഡിഎഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണമുണ്ടായി. മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പം അണിനിരന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്ക് പ്രഹരമേല്‍പ്പിക്കാന്‍ ആ വിഭാഗങ്ങള്‍ ഉറച്ചെത്തിയെന്ന് പോളിങ് ബൂത്തുകള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. ന്യൂനപക്ഷ ശക്തി കേന്ദ്രങ്ങളില്‍ ഉയര്‍ന്ന പോളിങ് നിരക്കും ഇത് അടിവരയിടുകയുണ്ടായി. പശുവിന്റെ പേരില്‍ മുസ്ലിം മതസ്ഥരെ ആള്‍ക്കൂട്ട വിചാരണയ്ക്ക് ശേഷം മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയായത് ആ വിഭാഗത്തില്‍ അരക്ഷിതബോധം വളര്‍ത്തിയിരുന്നു. ഇതിന്റെ പ്രതിഫലനം വോട്ടിംഗിലുണ്ടായി. മുസ്ലിം ക്രിസ്ത്യന്‍ മേധാവിത്വ മേഖലകള്‍ക്ക് പുറമെ മറ്റിടങ്ങളിലും ന്യൂനപക്ഷം യുഡിഎഫിനെ തുണച്ചു. നായര്‍-ദളിത് വോട്ടുകളും യുഡിഎഫിന് അനുകൂലമായി.

ശബരിമല വിശ്വാസികള്‍ കോണ്‍ഗ്രസിനെ തുണച്ചു

ശബരിലമയിലെ യുവതീപ്രവേശനത്തിലെ സുപ്രീം കോടതി വിധി പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതില്‍ ബിജെപിയാണ് മുന്നിലുണ്ടായിരുന്നതെങ്കിലും തെരഞ്ഞെടുപ്പില്‍ ഇത് കോണ്‍ഗ്രസിന് വോട്ടായെന്ന് വേണം കരുതാന്‍. തുടക്കത്തില്‍ യുവതി പ്രവേശനത്തെ അനുകൂലിച്ച ബിജെപിയും കോണ്‍ഗ്രസും വിശ്വാസികളുടെ എതിര്‍പ്പ് മനസിലാക്കി മറുകണ്ടം ചാടിയിരുന്നു. ശബരിമലയിലും നിലയ്ക്കലും ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധവും സമരപരിപാടികളും സംഘര്‍ഷഭരിതമായപ്പോള്‍ വിശ്വാസികള്‍ക്കിടയിലും ഭിന്നത രൂപപ്പെട്ടിരുന്നു. ശബരിമല സുവര്‍ണാവസരമാണെന്ന് ബിജെപി അധ്യക്ഷന്‍ തന്നെ പ്രഖ്യാപിച്ചതും, ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് വാദവും ഫലത്തില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തു. വയനാട് സ്ഥാനാര്‍ത്ഥിയായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയും കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം നിന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് പ്രചരണങ്ങളില്‍ നിരന്തരം പ്രസംഗിച്ചിരുന്നു. ശബരിമലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചരണങ്ങളിലൂടെ വിശ്വാസി സമൂഹത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചത് കെ സുധാകരനും രമ്യാ ഹരിദാസും അടക്കമുള്ള നേതാക്കള്‍ക്കും ഗുണം ചെയ്തിട്ടുണ്ട്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ച പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ അക്രമാസക്തമായ സമരം അഴിച്ചുവിട്ട ബിജെപിക്ക് അതിന്റെ ആനുകൂല്യം പത്തനംതിട്ടയിലും തിരുവനന്തപുരത്തും അടക്കം ലഭിച്ചതുമില്ല. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഇത് അസ്ഥാനത്തായി. ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ട തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വിജയിക്കാനായതുമില്ല. ശബരിമല വിഷയത്തില്‍ ബിജെപിയുടേത് വഞ്ചനാപരമായ നിലപാടാണെന്ന് എന്‍എസ് എസ് പ്രസ്താവിച്ചിരുന്നു. വിധിക്കെതിരെ ഓര്‍ഡിനന്‍സ് സാധ്യത പരിഗണിക്കാതെ ബഹളമുണ്ടാക്കുകയായിരുന്നു ബിജെപിയെന്നാണ് എന്‍എസ്എസ് നിലപാട് വ്യക്തമാക്കിയത്. യുവതി പ്രവേശനത്തെ എതിര്‍ത്ത വിശ്വാസികള്‍ക്കൊപ്പം, എന്‍എസ്എസിന്റെ പിന്‍തുണയും യുഡിഎഫിന് ഗുണം ചെയ്തു. ശബരിമലയ്ക്ക് സമാനമായി ന്യൂനപക്ഷ ആരാധനാലയങ്ങളിലും സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന കോണ്‍ഗ്രസിന്റെ പ്രചരണവും വോട്ടായി മാറിയെന്ന് വേണം കരുതാന്‍.

ജനവിധിയില്‍ നിര്‍ണ്ണായകമായി പ്രളയം

പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് പുറത്തുവന്നത്. ഡാം മാനേജ്മെന്റില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. മുന്നറിയിപ്പില്ലാതെയാണ് ഡാമുകള്‍ തുറന്നതെന്ന വിവരങ്ങള്‍ പുറത്തുവന്നു. ഇത് സംസ്ഥാന സര്‍ക്കാരിനെതിരെ ജനവികാരമുയരാന്‍ കാരണമായി. മധ്യകേരളത്തിലെ കുത്തക മേഖലകളില്‍ പോലും സിപിഎമ്മിന് അടിതെറ്റാന്‍ പ്രളയം നിര്‍ണ്ണായക ഘടകമായി. വയനാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി, എന്നിവിടങ്ങളില്‍ പ്രളയം കനത്ത നാശം വിതച്ചിരുന്നു. ഈ ജില്ലകളില്‍ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നേരിട്ടു.

കൊലപാതക രാഷ്ട്രീയത്തില്‍ ജനരോഷം

പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് കാസര്‍കോട്ട് ശരത്ലാല്‍, കൃപേഷ് എന്നീ യൂത്ത് കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെട്ടത്. സിപിഎം പ്രാദേശിക നേതൃത്വമാണ് കൊലപാതകത്തിന് പിന്നിലെന്ന് വെളിപ്പെട്ടു. കണ്ണൂരില്‍ ശുഹൈബ് എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലും സിപിഐഎം ആണ് പ്രതിസ്ഥാനത്ത് വന്നത്. രണ്ട് കൊലപാതക കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട പി ജയരാജനെ സിപിഎം വടകരയില്‍ സ്ഥാനാര്‍ത്ഥിയായതും യുഡിഎഫ് പ്രചരണ ഘട്ടത്തില്‍ കാര്യമായി ഉപയോഗിച്ചു. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ശരത് ലാലിന്റെയും കൃപേഷിന്റെയും ചിത്രങ്ങളുപയോഗിച്ചാണ് യുഡിഎഫ് പ്രചരണം നടത്തിയത്. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ സിപിഎമ്മിന് പ്രഹരമേല്‍ക്കാന്‍ ഇത് നിര്‍ണ്ണായകകാരണമായി.

കേരളത്തില്‍ മാത്രമുണ്ടായ രാഹുല്‍ തരംഗം

അപ്രതീക്ഷിതമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായെത്തിയത് യുഡിഎഫ് കുതിപ്പിന് കരുത്തായി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മുന്നണി ക്യാംപിന് ഉണര്‍വ്വേകാന്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് സാധിച്ചു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന തരത്തിലുള്ള രാഹുലിന്റെ പ്രഭാവം യുവവോട്ടര്‍മാരെയും ആകര്‍ഷിച്ചെന്ന് വേണം കരുതാന്‍.

പിണറായി സര്‍ക്കാരിന്റെ നയങ്ങളോടുള്ള എതിര്‍പ്പ്

പിണറായി വിജയന്‍ സര്‍ക്കാര്‍ മൂന്നുവര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഭരണത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങളില്‍ ഉള്ള വിയോജിപ്പ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് വേണം കരുതാന്‍. ഇത് പ്രകടിപ്പിക്കാന്‍ കൈവന്ന അവസരമായി ഒരു വിഭാഗം വോട്ടര്‍മാര്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ സമ്മതിദാനാവകാശം വിനിയോഗിച്ചു. അത്തരത്തില്‍ ഇടതുസര്‍ക്കാരിന്റെ നയങ്ങളോടുള്ള വിയോജിപ്പും പോളിംഗില്‍ പ്രതിഫലിച്ചെന്ന് വ്യക്തം.

logo
The Cue
www.thecue.in