‘നികുതി വാടകയല്ല’; രാജ്യത്ത് നിന്നോടിക്കുമ്പോള്‍ അടച്ച ജിഎസ്ടി തിരികെ തരുമോയെന്ന് ഷാന്‍ റഹ്മാന്‍
പൗരത്വഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. ഇത്രയും നാള്‍ അടച്ച നികുതികള്‍ വാടകയാണോയെന്ന് സംഗീതജ്ഞന്‍ ചോദിച്ചു. രാജ്യത്ത് നിന്നോടിക്കുമ്പോള്‍ നികുതി തിരികെ തരുമോ എന്ന് വ്യക്തമാക്കണം. ഇന്‍കം ടാക്‌സും ജിഎസ്ടിയും വാങ്ങിയിട്ടും തിരിച്ചൊന്നും ലഭിച്ചില്ല. അപ്പോള്‍ ആ പണം നിങ്ങളുടെ അക്കൗണ്ടില്‍ തന്നെ കാണും. വിലക്കയറ്റത്തില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും സാമ്പത്തികമാന്ദ്യത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം കൂടിയാണിതെന്നും ഷാന്‍ പറഞ്ഞു.
ഇതുവരെ അടച്ച നികുതികള്‍ ഈ രാജ്യത്ത് നില്‍ക്കാനുള്ള വാടകയായിരുന്നോ? ഞങ്ങളുടെ രാജ്യം?
ഷാന്‍ റഹ്മാന്‍
പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സിനിമാരംഗത്തെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. പാര്‍വ്വതി, അമല പോള്‍, അനശ്വര രാജന്‍, റിമ കല്ലിങ്കല്‍, ടൊവീനോ തോമസ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട്, ബിനീഷ് ബാസ്റ്റന്‍, വിനീത് ശ്രീനിവാസന്‍, മമ്മൂട്ടി, ലിജോ ജോസ് പെല്ലിശ്ശേരി, ഭദ്രന്‍, അനൂപ് മേനോന്‍ എന്നിവര്‍ പൗരത്വനിയമത്തിനും എന്‍ആര്‍സിക്കുമെതിരെ പ്രതികരിച്ചിരുന്നു.
ഷാന്‍ റഹ്മാന്റെ പ്രതികരണം
“ഹേയ് ബില്ലുകാരാ, നിങ്ങള്‍ ഈ ആള്‍ക്കാരെ മുഴുവന്‍ രാജ്യത്ത് നിന്നോടിക്കുമ്പോള്‍ അതുവരെ അടച്ച നികുതിയെല്ലാം തിരികെ തരുമോ? ആദായ നികുതിയും ജിഎസ്ടിയുമെല്ലാം? കാരണം നിങ്ങള്‍ അതുകൊണ്ട് ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാണ്. അതെല്ലാം നിങ്ങളുടെ അക്കൗണ്ടുകളില്‍ ഭദ്രമാണ്. 'നിങ്ങള്‍ രാജ്യം വിടണം, പക്ഷെ നിങ്ങളുടെ പണം ഞങ്ങളുടേതാണ്' എന്ന ചീപ്പ് മറുപടി നല്‍കാനാണോ ഉദ്ദേശം. ഇതുവരെ അടച്ച നികുതികള്‍ ഈ രാജ്യത്ത് നില്‍ക്കാനുള്ള വാടകയായിരുന്നോ? ഞങ്ങളുടെ രാജ്യം?
ഇന്ത്യ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ നിങ്ങള്‍ നടത്തിയ നാടകം ഫലിച്ചു. ആരും ഇപ്പോള്‍ വിലക്കയറ്റത്തേക്കുറിച്ച് പറയുന്നില്ല. ജിഡിപി ചരിത്രപരമായ കൂപ്പുകുത്തല്‍ നടത്തിയതിനേക്കുറിച്ച് ആരും മിണ്ടുന്നില്ല. ആരും തൊഴിലില്ലായ്മയേക്കുറിച്ച് പറയുന്നില്ല. കൊള്ളാം.”
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം