‘ഇന്ത്യന്‍ സൈന്യം പൂര്‍ണമായും മതേതരം’; കരസേനാ മേധാവി ബിപിന്‍ റാവത്ത്
ഇന്ത്യന്‍ സൈന്യം അങ്ങേയറ്റം മതേതരമാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഇന്ത്യന്‍ സായുധ സേനകളെ മുന്നോട്ട് നയിക്കുന്ന മൂല്യങ്ങള്‍ മനുഷ്യത്യവും സഭ്യതയുമാണെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. അവര്‍ അങ്ങേയറ്റം മതനിരപേക്ഷതയുള്ളവരാണ്. അച്ചടക്കമുള്ളവരാണ്. മനുഷ്യാവകാശങ്ങളോടും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളോടും പൂര്‍ണ ബഹുമാനമാണ് ഞങ്ങള്‍ക്കുള്ളത്. സാങ്കേതിക വിദ്യയോടെ മാറിക്കൊണ്ടിരിക്കുന്ന യുദ്ധ തന്ത്രങ്ങളാണ് ഇപ്പോഴത്തെ വെല്ലുവിളിയെന്നും സൈനിക മേധാവി കൂട്ടിച്ചേര്‍ത്തു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സൈനിക മേധാവിയുടെ പ്രതികരണം.
പൗരത്വ നിമയഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച് ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ജനങ്ങളെ ശരിയായ ദിശയില്‍ നയിക്കുന്നവരാണ് നേതാക്കള്‍, തെറ്റായ വഴിയില്‍ നയിക്കുന്നവര്‍ നേതാക്കളല്ല എന്നായിരുന്നു ബിപിന്‍ റാവത്തിന്റെ വിവാദ പരാമര്‍ശം. കലാലയങ്ങളിലെയും സര്‍വകലാശാലയിലെയും വിദ്യാര്‍ത്ഥികള്‍ അക്രമം നടത്തുന്നതിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും, ഇത് ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ്. ഇതല്ല നേതൃത്വമെന്നും റാവത്ത് ദില്ലിയില്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞിരുന്നു.
ആദ്യമായി ഒരു കരസേനാ മേധാവി രാഷ്ട്രീയപ്രസ്താവന നടത്തിയതിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നു. നിഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ട ഔദ്യോഗിക പദവിയിലിരുന്ന് രാഷ്ട്രീയ പ്രസ്താവന നടത്തുന്നതിലെ അനൗചിത്യം കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഇന്ന് രാഷ്ട്രീയ വിഷയങ്ങളില്‍ സേനാ മേധാവിയെ സംസാരിക്കാന്‍ അനുവദിച്ചാല്‍ നാളെ സൈന്യത്തിന് രാജ്യം പിടിച്ചെടുക്കാനുള്ള നീക്കത്തിനും അത് അനുമതിയാകുമെന്ന് കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കലപ്പ പ്രതികരിച്ചു. 'തെറ്റായ വഴിയില്‍ നയിക്കുന്നവരല്ല നേതാക്കളെന്ന പ്രസ്താവനയോട് യോജിക്കുന്നു, സാമുദായിക ലഹളയുടെ പേരില്‍ അണികളെ വംശഹത്യക്ക് പ്രേരിപ്പിക്കുന്നവരുമല്ല നേതാക്കള്‍ എന്ന വാദത്തോട് താങ്കള്‍ യോജിക്കുന്നുവോ ജനറല്‍ സാഹേബ്' എന്നായിരുന്നു ദിഗ് വിജയ് സിംഗിന്റെ പരിഹാസം.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം