മക്കള്‍ക്ക് ആഹാരം വാങ്ങാന്‍ പോയവനെയാണ് അവര്‍ കൊന്നത്, മുഹമ്മദ് ഫുര്‍ഖാന്റെ സഹോദരന്‍ പറയുന്നു
മക്കള്‍ക്ക് ഭക്ഷണം വാങ്ങാനായി പുറത്തു പോയപ്പോഴാണ് മുഹമ്മദ് ഫുര്‍ഖാന്‍ കൊല്ലപ്പെട്ടതെന്ന് സഹോദരന്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മുസ്ലിങ്ങളെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിലാണ് മുഹമ്മദ് ഫുര്‍ഖാന്‍ തിങ്കളാഴ്ച വൈകിട്ട് കൊല്ലപ്പെട്ടത്. കരകൗശല വസ്തുക്കളുടെ വില്‍പ്പനക്കാരനായിരുന്നു മുഹമ്മദ് ഫുര്‍ഖാന്‍. മുഹമ്മദ് ഫുര്‍ഖാന്‍ ക്രൂരമായി ആക്രമിപ്പിക്കപ്പെടുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ട ജഫ്രാബാദിന് സമീപത്തുള്ള കര്‍ത്താപുരിയിലാണ് ഫുര്‍ഖാന്‍ താമസിച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സഹോദരനെ അവസാനമായി കണ്ടെതന്നും സഹോദരന്‍ മുഹമ്മദ് ഇമ്രാന്‍ എന്‍ഡിടിവിയോട് പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30നാണ് അവസാനമായി മുഹമ്മദ് ഫുര്‍ഖാനെ കാണുന്നത്. സംഘര്‍ഷ മേഖലയില്‍ കടകളെല്ലാം അടച്ചതിനാല്‍ കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞ് ഫുര്‍ഖാന്‍ പുറത്തിറങ്ങി. സഹോദരന് കാലില്‍ വെടിയേറ്റെന്ന ഫോണ്‍ കോള്‍ ആണ് പിന്നീട് വന്നത്. ഫുര്‍ഖാനെ ഫോണില്‍ കിട്ടിയില്ല. ആശുപത്രിയിലേക്ക് എത്തിയപ്പോള്‍ എല്ലാം അവസാനിച്ചിരുന്നു. സ്വപ്‌നവും പ്രതീക്ഷയുമായിരുന്നു ഇളയ അനിയന്‍. എനിക്കെല്ലാം നഷ്ടമായി. തീരെ ചെറിയ കുട്ടികളാണ് ഫുര്‍ഖാന്റേത്, ഒരു മകനും ഒരു മകളും.
മുഹമ്മദ് ഇമ്രാന്‍, എന്‍ഡിടിവിയോട് പറഞ്ഞത്
വടക്ക് കിഴക്കന്‍ ഡല്‍ഹിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചിരുന്നു.. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലും യോഗത്തില്‍ സന്നിഹിതരായി. ഡല്‍ഹി കലാപത്തില്‍ ഗോകുല്‍പുരി പൊലീസ് കമ്മീഷണര്‍ ഓഫീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ ആണ് ആദ്യം കൊല്ലപ്പെട്ടത്. പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് വ്യാപകമായി ചര്‍ച്ചയാകുന്നത്. കലാപം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. ഗോകുല്‍പുരിയിലെ മുസ്തഫാബാദും സംഘര്‍ഷാവസ്ഥയിലാണ്. ജാഫ്രാബാദില്‍ അക്രമികള്‍ പള്ളി കത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്‍ഡിടിവി റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തകരും ആക്രമണത്തിന് ഇരയായിട്ടുണ്ട്.
അശോക് നഗര്‍, കര്‍വാള്‍ നഗര്‍, യമുനാ നഗര്‍,വിജയ് പാര്‍ക്ക് എന്നിവിടങ്ങില്‍ കലാപാന്തരീക്ഷമാണ്. തിങ്കളാഴ്ച രാത്രി മുതല്‍ ഈ മേഖലയില്‍ പൊലീസ് ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യമെങ്കില്‍ സൈന്യത്തെ വിന്യസിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു.