‘സിഎഎ പ്രക്ഷോഭം ഏതെങ്കിലും മതത്തിന് വേണ്ടിയല്ല’; സമരം ഇന്ത്യയ്ക്ക് വേണ്ടിയാകണമെന്ന് ശശി തരൂര്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം ഇസ്ലാമിസ്റ്റ് തീവ്രവാദത്തിന് വളമാകുന്ന അവസ്ഥയുണ്ടാകരുതെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പ്രതിഷേധക്കാര്‍ 'ലാ ഇലാഹ, ഇല്ലല്ലാഹ്' വിളിച്ചുകൊണ്ട് നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് തരൂരിന്റെ പ്രസ്താവന. സിഎഎ-എന്‍ആര്‍സി പ്രക്ഷോഭങ്ങളില്‍ നമ്മള്‍ ശബ്ദമുയര്‍ത്തുന്നത് എല്ലാം ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. ബഹുത്വവും നാനാത്വവും കവര്‍ന്നെടുക്കാന്‍ ഒരു തരത്തിലുള്ള മതമൗലിക വാദത്തേയും അനുവദിക്കരുതെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.
ഹിന്ദുത്വ തീവ്രവാദത്തിനെതിരായ നമ്മുടെ പോരാട്ടം ഇസ്ലാമിസ്റ്റ് തീവ്രവാദത്തിന് വളമിടുന്നതാകരുത്.
ശശി തരൂര്‍
കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യാ റെസിസ്റ്റ്‌സ് എന്ന ട്വിറ്റര്‍ അക്കൗണ്ട് രംഗത്തെത്തി. തരൂരിന്റേത് മൃദുമതഭ്രാന്താണെന്ന് ഇരുപതിനായിരത്തിലധികം പേര്‍ പിന്തുടരുന്ന ഹാന്‍ഡില്‍ കുറ്റപ്പെടുത്തി.
ഭാരമുള്ള ഒരു കല്ല് ഉയര്‍ത്തുമ്പോള്‍ പോലും ‘ജയ് ബജ്‌റങ് ബലി’ മുഴക്കുന്നവര്‍ ഈ രാജ്യത്തുണ്ട്. അതിനെയാരും വര്‍ഗീയതയെന്ന് വിളിക്കാറില്ല. മുസ്ലീംകള്‍ ചുവരിനോട് ചേര്‍ത്ത് ഞെരുക്കപ്പെടുകയാണിന്ന്. ആവശ്യങ്ങള്‍ മതേതരമായിരിക്കെ, മനസ്ഥൈര്യം നിലനിര്‍ത്താന്‍ മതാത്മക മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് തെറ്റല്ല. ഈ സോഫ്റ്റ് മതഭ്രാന്തില്‍ നിന്ന് ഞങ്ങളെ വെറുതെവിടൂ.
ഇന്ത്യാ റെസിസ്റ്റ്‌സ്
ആരേയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന മറുപടിയുമായി ശശി തരൂര്‍ രംഗത്തെത്തി. ഞങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ആളുകള്‍ക്കും ഈ സമരം ഇന്ത്യയ്ക്ക് വേണ്ടിയാണ്. ഇസ്ലാമിനെയോ ഹിന്ദൂയിസത്തേയോ സംബന്ധിച്ചല്ല. അത് നമ്മുടെ ഭരണഘടനാ മൂല്യങ്ങള്‍ക്കും അടിസ്ഥാനപ്രമാണങ്ങള്‍ക്കും വേണ്ടിയാണ്. ബഹുത്വം സംരക്ഷിക്കാനായാണ്. ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കാനാണ്. സമരം മതവിശ്വാസങ്ങള്‍ തമ്മില്‍ അല്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം