സിഎഎ പ്രക്ഷോഭം: യുപിയില്‍ 18 പേര്‍ കൊല്ലപ്പെട്ടു; 5,000 പേര്‍ കസ്റ്റഡിയില്‍; പൊലീസ് വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ ഉത്തര്‍പ്രദേശില്‍ മാത്രം ഇതുവരെ കൊല്ലപ്പെട്ടത് 18 പേര്‍. വ്യാഴാഴ്ച്ച മുതലുണ്ടായ പ്രതിഷേധത്തേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവരില്‍ എട്ട് വയസുകാരനുമുണ്ട്. സമരക്കാരില്‍ 705 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 5,400ഓളം പേരെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരില്‍ 250 പേര്‍ക്കെതിരെ യുപി സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തിയേക്കും. സാമൂഹിക പ്രവര്‍ത്തകരായ ദീപക് കബീര്‍ (ദീപക് മിശ്ര), എസ് ആര്‍ ദാര്‍പുരി എന്നിവരും അറസ്റ്റിലായവരെ കൂട്ടത്തിലുണ്ട്. കലാപം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി 60 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം.
പ്രതിഷേധക്കാര്‍ക്ക് നേരെ ഒരു ബുള്ളറ്റ് പോലും ഉതിര്‍ത്തിട്ടില്ലെന്ന യുപി പൊലീസ് മേധാവി ഒപി സിങ്ങിന്റെ വാദം നുണയെന്ന് തെളിഞ്ഞു. കാണ്‍പൂരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഘര്‍ഷത്തിനിടെ ഹെല്‍മെറ്റും ജാക്കറ്റും അണിഞ്ഞ ഓഫീസര്‍ ഒരു മൂലയിലേക്ക് തോക്കുമായി നീങ്ങുന്നതും വെടിയുതിര്‍ക്കുന്നതുമാണ് വീഡിയോയിലുള്ളത്.
ശഹരന്‍പൂര്‍, ദിയോബന്ദ്, ഷംലി, മുസഫര്‍നഗര്‍, മീററ്റ്, ഗാസിയാബാദ്, ഹാപൂര്‍, സംഫാല്‍, അലിഗഢ്, ബഹ്‌റെയ്ച്ച്, ഫിറോസാബാദ്, കാണ്‍പൂര്‍, ബദോഹി, ഗൊരഖ്പൂര്‍ എന്നിവിടങ്ങളിലാണ് രൂക്ഷമായ പ്രതിഷേധം അരങ്ങേറുന്നത്. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ബദോഹി, ബഹ്‌റെയ്ച്ച്, അമ്രോഹ, ഫരൂരുഖാബാദ്, ഗാസിയാബാദ്, വാരണാസി, മുസഫര്‍നഗര്‍, ശഹരന്‍പൂര്‍, ഹാപൂര്‍, ഹാത്രാസ്, ബുലന്ദ്ഷഹര്‍, ഹാമിര്‍പൂര്‍, മഹോബ ജില്ലകളില്‍ വെള്ളിയാഴ്ച്ച സംഘര്‍ഷമുണ്ടായിരുന്നു.
നാല് ദിവസത്തിന് ശേഷം അലിഗഢ് സര്‍വ്വകലാശാലയില്‍ വീണ്ടും പ്രതിഷേധങ്ങള്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഒപ്പം മറ്റ് ജീവനക്കാരും സമരം ചെയ്യുന്നുണ്ട്.
സമൂഹമാധ്യമങ്ങള്‍ യുപി പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. കലാപാഹ്വാനം നടത്തിയെന്നാരോപിച്ച് 13,000ത്തോളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളാണ് നിരീക്ഷിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അക്രമത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് 100ലധികം ആളുകളെ അറസ്റ്റ് ചെയ്തു.
പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ പ്രതിഷേധക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ യുപി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് വേണ്ടി മാത്രം ഒരു നാലംഗ പ്രത്യേക സമിതിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ചിരുന്നു.
പ്രതിഷേധക്കാര്‍ക്ക് തങ്ങള്‍ക്ക് നേരെ നാടന്‍ തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയാണെന്ന് പൊലീസ് ആരോപിച്ചു. പ്രതിഷേധക്കാര്‍ പരസ്പരം വെടിവെച്ചതുകൊണ്ടാണ് 18 പേര്‍ മരിച്ചതെന്നും ഡിജിപി ഒ പി സിങ്ങ് പറഞ്ഞു. പ്രതിഷേധിക്കുന്നവര്‍ സ്ത്രീകളേയും കുട്ടികളേയും മനുഷ്യകവചമാക്കുകയാണ്. വെടിയേറ്റുമരിച്ചവരില്‍ മിക്കവരുടേയും ശരീരത്തില്‍ നിന്ന് കണ്ടെത്തിയത് നാടന്‍ നിര്‍മ്മിത വെടിയുണ്ടകളാണ്. പൊലീസിന്റെ വെടികൊണ്ട് ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും ഡിജിപി പറഞ്ഞു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം