സിഎഎ: വിലക്ക് ലംഘിച്ച് ഡല്‍ഹി ജമാമസ്ജിദില്‍ നിന്ന് ആയിരങ്ങളുടെ ബഹുജനമാര്‍ച്ച്; പൊലീസിനെ വെട്ടിച്ച് ചന്ദ്രശേഖര്‍ ആസാദിന്റെ എന്‍ട്രി
പൗരത്വനിയമത്തിനെതിരെ ഡല്‍ഹി ജമാ മസ്ജിദിന് മുന്നില്‍ ബഹുജനപ്രതിഷേധം. വെള്ളിയാഴ്ച്ച നിസ്‌കാരത്തിന് ശേഷം വിശ്വാസികള്‍ പള്ളിയ്ക്ക് മുന്നില്‍ തന്നെ സംഘടിച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ഭീം ആര്‍മി പ്രവര്‍ത്തകരും ഇവരോടൊപ്പം ചേര്‍ന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ഭീം ആര്‍മി നേതാവ് പ്രതിഷേധ സ്ഥലത്ത് എത്തിയത്. ഭരണഘടനയുടെ പകര്‍പ്പും അംബേദ്കറുടെ ചിത്രവുമായി ആസാദ് പെട്ടെന്ന് ജനക്കൂട്ടത്തിനിടയില്‍ പ്രത്യക്ഷനാകുകയായിരുന്നു.
ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ ജമാ മസ്ജിദില്‍ നിന്ന് ജന്തര്‍ മന്ദറിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. പക്ഷെ, എങ്ങനെയെങ്കിലും താന്‍ ജന്ദര്‍ മന്തറിലെത്തുമെന്ന് ആസാദ് ട്വീറ്റ് ചെയ്തിരുന്നു. നീല ജാക്കറ്റുകൊണ്ട് മുഖം മറച്ചിരുന്ന ആസാദിനെ മസ്ജിദിന്റെ പടികളില്‍ കണ്ടതോടെ 'ജയ് ഭീം' വിളികള്‍ മുഴങ്ങി. പ്രതിഷേധക്കാരെ തള്ളിനീക്കാന്‍ പൊലീസ് തയ്യാറെടുത്തു. പ്രതിഷേധക്കാരുടെ നീക്കം മുകളില്‍ നിന്നും നിരീക്ഷിക്കാന്‍ പൊലീസ് ഡ്രോണുകള്‍ പറത്തുന്നുണ്ടായിരുന്നു.
അംബേദ്കറിന്റേയും കാന്‍ഷി റാമിന്റേയും ഭഗത് സിങ്ങിന്റേയും ചിത്രങ്ങളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. ജനക്കൂട്ടം ഇന്‍ക്വിലാബും സാരേ ജഹാന്‍ സെ അച്ചായും മുഴക്കുന്നുണ്ടായിരുന്നു.
മസ്ജിദിന്റെ പടവുകളില്‍ നിന്ന് ചന്ദ്രശേഖര്‍ ആസാദ് ഭരണഘടനയുടെ ആമുഖം ഉറക്കെ വായിച്ചപ്പോള്‍ പ്രതിഷേധക്കാര്‍ ഏറ്റുചൊല്ലി. കറുത്ത റിബണ്‍ അണിഞ്ഞ ജനക്കൂട്ടം മോസ്‌ക് കോംപ്ലക്‌സില്‍ നിന്ന് നിരത്തിലേക്കിറങ്ങി. ജമാ മസ്ജിദിന്റെ ഇടുങ്ങിയ തെരുവുകള്‍ ദേശീയ പതാകയും പ്ലക്കാഡും പിടിച്ച പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞു. തടയാനാകാത്തവിധമുള്ള ജനക്കൂട്ടത്തെ കണ്ടതോടെ പൊലീസ് ശൈലി മാറ്റി. മതനേതാക്കളെ കണ്ട് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ അഭ്യര്‍ത്ഥിച്ചു. ചന്ദ്രശേഖര്‍ ആസാദിന്റെ അടുത്തെത്തിയപ്പോള്‍ പൊലീസ് അദ്ദേഹത്തെ പിടികൂടി. വാഹനത്തിലേക്ക് കയറ്റാന്‍ കൊണ്ടുപോകുന്നതിനിടെ ആസാദ് പൊലീസിന്റെ പിടിവിടുവിച്ച് ജനക്കൂട്ടത്തിനുള്ളിലേക്ക് കയറി അപ്രത്യക്ഷനായി. പിന്നീട് ദര്യാഗഞ്ചില്‍ വെച്ച് ആസാദിനെ കസ്റ്റഡിയിലെടുത്തെങ്കിലും അവിടെ വെച്ച് വീണ്ടും രക്ഷപ്പെടല്‍ നടത്തിയെന്ന് ഭീം ആര്‍മി പ്രതികരിച്ചു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം