പൗരത്വ പ്രക്ഷോഭത്തിന്റെ പുതുവര്‍ഷരാവ്, ജാമിയയിലും ഷഹീന്‍ ബാഗിലും ദേശീയ ഗാനത്തോടെ വരവേറ്റ് പ്രതിഷേധക്കാര്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അലയടിച്ച് രാജ്യതലസ്ഥാനത്തെ പുതുവര്‍ഷരാവ്. കൊണാട്ട് പ്ലേസില്‍ കോണ്‍ഗ്രസ് നിരാഹാര സമരം നടത്തി പ്രതിഷേധിച്ചു. കേരളത്തിലും ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് സമാന്തരമായി വിവിധ സംഘടനകള്‍ പുതുവര്‍ഷരാവിനെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ രാവാക്കി മാറ്റി. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ട ഡല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥികള്‍ പുതുവര്‍ഷ രാവിലും സമരം തുടരുകയായിരുന്നു. ജാമിയാ നഗറില്‍ ദേശീയ ഗാനം പാടി പ്രതിഷേധം തുടര്‍ന്നു വിദ്യാര്‍ത്ഥികള്‍. വന്‍പങ്കാളിത്തത്തില്‍ ആയിരുന്നു ഈ പ്രതിഷേധ രാവ്. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും ചൊല്ലി.
ദക്ഷിണ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ ആയിരത്തിലേറെ പേര്‍ പങ്കെടുത്ത് പ്രതിഷേധം നടന്നു. ആസാദി മുദ്രാവാക്യത്തോടെയായിരുന്നു പ്രതിഷേധം. വലിയ തോതിലുള്ള സ്ത്രീ പങ്കാളിത്തത്തിലാണ് ഡല്‍ഹിയിലെ മിക്ക പുതുവര്‍ഷ പ്രതിഷേധങ്ങളുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വരുന്ന തലമുറയുടെ ഭാവിക്ക് വേണ്ടിയാണ് ഈ സമരമെന്ന് സമരത്തില്‍ പങ്കെടുത്ത 33കാരിയായ സൈമ എന്‍ഡിടിവിയോട് പറഞ്ഞു.
ഞങ്ങളുടെ കുട്ടികള്‍ക്ക് ഭാവി ഇല്ലാതാവുകയാണ്. അമ്മ എന്ന നിലയില്‍ അവര്‍ക്ക് വേണ്ടി തെരുവിലിറങ്ങുകയാണ്. ഇത് എനിക്ക് വേണ്ടി മാത്രമുള്ള പോരാട്ടമല്ല, ഭരണഘടനയെ സംരക്ഷിക്കാന്‍ വേണ്ടി കൂടിയാണ് ഈ സമരം. ആദ്യമായാണ് ഇത്തരമൊരു സമരത്തിന്റെ ഭാഗമാകുന്നതെന്നും സൈമ.
ദേശീയ പതാകയേന്തിയാണ് ഷഹീന്‍ ബാഗിലെ പ്രതിഷേധ സമരത്തിനെത്തിയവര്‍ പുതുവര്‍ഷപ്പുലരിയെ വവേറ്റത്. 12മണിയായതോടെ ദേശീയ ഗാനം പാടി
കോഴിക്കോട്ട് എസ് എഫ് ഐയുംല ഡിവൈഎഫ്‌ഐയും ഭരണഘടന വായിച്ചാണ് പുതിയ വര്‍ഷത്തെ എതിരേറ്റത്. ജെഎന്‍യു സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്ന ഉമര്‍ഖാലിദിനെ പങ്കെടുപ്പിച്ച് ന്യൂ ഇയര്‍ ആസാദി കോഴിക്കോട്ട് നടന്നു. കോഴിക്കോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചു. ജാമിയ മില്ലിയ വിദ്യാര്‍ത്ഥികളുടെ സമരത്തിന് ഐക്യദാര്‍ഡ്യവുമായി ചലച്ചിത്ര താരങ്ങളായ സ്വരാ ഭാസ്‌കറും പ്രകാ്ശ് രാജും ഇന്ന് എത്തുന്നുണ്ട്.