ബിപിസിഎല്‍ വിറ്റുകളയല്‍; സംസ്ഥാനത്തിന് കനത്ത നഷ്ടം; പദ്ധതിക്ക് നീക്കിവെച്ച ഭൂമി കോര്‍പറേറ്റുകളുടെ പക്കലെത്തിയേക്കും
ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ കേരളത്തിനുണ്ടാകുക കനത്ത നഷ്ടം. തൊഴില്‍ സാധ്യത ഉയര്‍ത്തുമായിരുന്ന പല പദ്ധതികളും പൊതുമേഖലാ സ്ഥാപനം വിറ്റഴിക്കുന്നതോടെ ഇല്ലാതാകും. ബിപിസിഎല്ലിന്റെ നാല് റിഫൈനറികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൊച്ചിന്‍ റിഫൈനറി. അടുത്ത കാലത്തായി മാത്രം ഏകദേശം 40,000 കോടി രൂപയുടെ നിക്ഷേപം കൊച്ചിന്‍ റിഫൈനറിയില്‍ നടത്തിയിരുന്നു. വൈകാതെ പ്രവര്‍ത്തനം ആരംഭിക്കുന്ന പെട്രോ കെമിക്കല്‍ പദ്ധതി, 16500 കോടിയുടെ ഐആര്‍ഇപി പദ്ധതി എന്നിവ ഉള്‍പ്പെടെയാണിത്.
വലിയ തൊഴില്‍ സാധ്യതയും വികസനവും പ്രതീക്ഷിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പെട്രോ കെമിക്കല്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. പദ്ധതിയുടെ നടത്തിപ്പ് സുഗമമാകാന്‍ സര്‍ക്കാര്‍ 15 വര്‍ഷത്തേക്ക് നികുതി ഇളവുകളും കരാറുകാരുടെ നികുതി റീഫണ്ട് ഉള്‍പ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങളും പ്രഖ്യാപിക്കുകയുണ്ടായി. സ്വകാര്യവല്‍കരണത്തോടെ പദ്ധതിക്കായി നീക്കിവെച്ച ഭൂമി കോര്‍പറേറ്റുകള്‍ കൈക്കലാക്കും. കേരളത്തില്‍ മാത്രം രണ്ടായിരത്തിലധികം സ്ഥിരം ജീവനക്കാരുടേയും 15,000ല്‍ അധികം താല്‍ക്കാലിക ജീവനക്കാരുടേയും ഭാവിയെ സ്വകാര്യവല്‍കരണം ബാധിക്കും.
ബിപിസിഎല്‍ സ്വകാര്യവല്‍കരണം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു. 30,000ല്‍ അധികം സ്ഥിരം ജീവനക്കാരേയും ഒട്ടേറെ കരാര്‍ ജോലിക്കാരേയും ഓഹരി വിറ്റഴിക്കല്‍ ദോഷകരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊച്ചി റിഫൈനറി സ്ഥാപിച്ചത് കേരളത്തിന് അഞ്ച് ശതമാനം ഓഹരിയുണ്ടായിരുന്നു. റിഫൈനറി ബിപിസിഎല്‍ ഏറ്റെടുത്തപ്പോള്‍ സംസ്ഥാനത്തിന്റെ ഓഹരി നിലനിര്‍ത്തുകയും ബോര്‍ഡില്‍ ഒരു ഡയറക്ടറെ ഉള്‍പ്പെടുത്തുകയും ചെയ്തു. ബിപിസിഎല്‍ അതിന്റെ ഉല്പാദനശേഷി വര്‍ധിപ്പിച്ചുപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തികവും സാമ്പത്തികേതരവുമായ പിന്തുണ നല്‍കി യിട്ടുണ്ട്. 85 കോടി വരുന്നവര്‍ക്ക് കോണ്‍ട്രാക്ട് നികുതി പൂര്‍ണമായി തിരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. കമ്പനിയുടെ ശേഷി വര്‍ധിക്കു മ്പോള്‍ അധികമായി ലഭിക്കുന്ന വാറ്റ് വരുമാനം ദീര്‍ഘകാല വായ്പ യായി കണക്കാക്കാനും സംസ്ഥാനം തയ്യാറായി. ഈ നിലയില്‍ 1,500 കോടി രൂപയാണ് കേരളം ഈ പൊതുമേഖലാ കമ്പനിക്ക് വായ്പയായി നല്‍കാന്‍ നിശ്ചയിച്ചത്. ഈ സഹായമെല്ലാം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് പൊതുമേഖലയിലുള്ള എണ്ണ ശുദ്ധീകരണശാല വികസിക്കണമെന്ന താല്പര്യത്തോടെയാണെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ബിപിസിഎല്‍ കൊച്ചി റിഫൈനറിക്ക് സമീപത്തായി വന്‍കിട പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. കൊച്ചി റിഫൈനറിയില്‍ ക്രൂഡ് ഓയില്‍ സംസ്‌കരണം കഴിഞ്ഞ് ബാക്കി വരുന്ന പദാര്‍ത്ഥങ്ങളാണ് നിര്‍ദിഷ്ട പാര്‍ക്കില്‍ ഉല്പാദനത്തിന് ആവശ്യമായി വരിക. പെട്രോകെമിക്കല്‍ കോംപ്ലക്‌സ് വഴി 25,000 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനം ഈ മേഖലയില്‍ പ്രതീക്ഷിച്ചിരുന്നത്. ബിപിസിഎല്ലിന്റെ സ്വകാര്യവല്‍ക്കരണം കേരളത്തിന്റെ പദ്ധതിയെ അനിശ്ചിതത്വത്തിലേക്ക് തള്ളി വിട്ടിരിക്കുകയാണിപ്പോള്‍.