എസ്എന്‍ഡിപി പിടിക്കാന്‍ ബിജെപി; സെന്‍കുമാറിനേയും സുഭാഷ് വാസുവിനെയും മുന്നില്‍ നിര്‍ത്തി നീക്കം

എസ്എന്‍ഡിപി പിടിക്കാന്‍ ബിജെപി; സെന്‍കുമാറിനേയും സുഭാഷ് വാസുവിനെയും മുന്നില്‍ നിര്‍ത്തി നീക്കം

Published on

എസ്എന്‍ഡിപി പിടിക്കാനുള്ള ശ്രമം ബിജെപി നേതൃത്വം നടത്തുന്നതായി സൂചന. വെള്ളാപ്പള്ളി നടേശനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ സുഭാഷ് വാസു രംഗത്തെത്തിയത് ഈ നീക്കത്തിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സുഭാഷ് വാസുവിനൊപ്പം മുന്‍ ഡിജിപി ടി പിസെന്‍കുമാറിനേയും മുന്‍നിര്‍ത്തിയാണ് നീക്കം. ബിജെപി നേതൃത്വത്തിലെ ഒരു വിഭാഗം സുഭാഷ് വാസുവിന്റെ വിമത നീക്കത്തിന് പിന്തുണ നല്‍കുന്നുണ്ട്. എസ്എന്‍ഡിപിയിലെ വിമതവിഭാഗവും സുഭാഷ് വാസുവിനൊപ്പമുണ്ടെന്നാണ് സൂചന.

വെള്ളാപ്പള്ളി നടേശന്റേയും തുഷാറിന്റെയും വിശ്വസ്തനായാണ് സുഭാഷ് വാസു എസ്എന്‍ഡിപിയില്‍ നിന്നിരുന്നത്. ഇപ്പോളത്തെ പിണക്കത്തിന് പിന്നില്‍ രാഷ്ട്രീയ ചരടുവലികള്‍ക്കൊപ്പം സാമ്പത്തിക ആരോപണങ്ങളും ഉയരുന്നുണ്ട്. എസ്എന്‍ഡിപിയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്നും ട്രസ്റ്റിലും വന്‍ അഴിമതി നടക്കുന്നുവെന്നും സുഭാഷ് വാസു ആരോപിക്കുന്നു. ട്രസ്റ്റിന് കീഴിലെ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസത്തിനും ജോലിക്കും വന്‍ കോഴയാണ് ഈടാക്കുന്നത്. മറ്റ് സമുദായ സ്ഥാപനങ്ങളിലേതിനേക്കാള്‍ ഉയര്‍ന്ന തുക വാങ്ങുന്നതായും സുഭാഷ് വാസു പറയുന്നു.

സംഘടനയിലെ വിമതരെ ഒന്നിപ്പിച്ചു പരസ്യം പോരാട്ടത്തിനാണ് ശ്രമം. 136 യൂണിയനുകളാണ് എസ്എന്‍ഡിപിക്കുള്ളത്. ഇതില്‍ 90 എണ്ണം തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ പരസ്യപ്രതികരണത്തിന് സുഭാഷ് വാസു തയ്യാറായിട്ടില്ല. സംഘടനയ്ക്കകത്ത് നിന്നു കൊണ്ട് പോരാടാനാണ് ശ്രമമെന്നാണ് സൂചന.

മാവേലിക്കര യൂണിയന്‍ പ്രസിഡണ്ട് കൂടിയായ സുഭാഷ് വാസുവിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിനെ തുടര്‍ന്നാണ് നീക്കങ്ങളെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. സുഭാഷ് വാസുവിന്റെ ആരോപണങ്ങളോട് പരസ്യമായി പ്രതികരിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ തയ്യാറായിട്ടില്ല.

logo
The Cue
www.thecue.in