മോഡി തരുന്ന വീടെന്ന് പ്രചാരണം, ഫൈബര്‍ കൊണ്ട് ചുവരുകള്‍; കോര്‍പറേറ്റ് ഫണ്ടുമായി ബിജെപി നേതാക്കള്‍ അട്ടപ്പാടി ഊരുകള്‍ കൈയടക്കുന്നതിങ്ങനെ 

മോഡി തരുന്ന വീടെന്ന് പ്രചാരണം, ഫൈബര്‍ കൊണ്ട് ചുവരുകള്‍; കോര്‍പറേറ്റ് ഫണ്ടുമായി ബിജെപി നേതാക്കള്‍ അട്ടപ്പാടി ഊരുകള്‍ കൈയടക്കുന്നതിങ്ങനെ 

Published on

അട്ടപ്പാടിയില്‍ പാട്ടകൃഷിയുടെ പേരില്‍ അനധികൃതമായി ആദിവാസി ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ച് വിവാദത്തിലായ എച്ച് ആര്‍ ഡി എസ് (ഹൈറേഞ്ച് റൂറല്‍ ഡവല്പമെന്റ് സെസൈറ്റി) നിര്‍മ്മിച്ച വീടുകള്‍ക്കെതിരെയും ആരോപണം. ആദിവാസികള്‍ക്കായി വീട് നിര്‍മ്മിച്ച് നല്‍കുന്നതും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് പട്ടിക വര്‍ഗ വികസന വകുപ്പ് കണ്ടെത്തി. ഇത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് നല്‍കി. ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എസ് കൃഷ്ണകുമാര്‍ പ്രസിഡന്റായിട്ടുള്ള എന്‍ജിഒയാണ് എച്ച്ആര്‍ഡിഎസ്.

ആദിവാസി ഭൂമിയില്‍ അനധികൃതമായാണ് വീട് നിര്‍മ്മാണം നടത്തിയതെന്നാണ് ഐടിഡിപിയുടെ കണ്ടെത്തല്‍. ആദിവാസികള്‍ക്കായി സര്‍ക്കാരിതര ഏജന്‍സികള്‍ വീട് നിര്‍മ്മിച്ച് നല്‍കുമ്പോള്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ അനുമതി തേടണം. ഈ ഭൂമിയിലെ ഏത് തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തികളും സബ് കളക്ടറെ മുന്‍കൂട്ടി അറിയിക്കുകയും വേണം. എന്നാല്‍ വീടുകളുടെ പണി പൂര്‍ത്തിയായതിന് ശേഷമാണ് ഇക്കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.

പ്രളയത്തിന് ശേഷം കുറെ എന്‍ജിഒകള്‍ വീട് നിര്‍മ്മിച്ച് നല്‍കുന്നുണ്ടെങ്കിലും ആദിവാസികളുടെ ഭൂമിയിലാകുമ്പോള്‍ അനുമതി വാങ്ങണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എച്ച്ആര്‍ഡിഎസ് പണികഴിപ്പിച്ച വീടുകളുടെ കെട്ടുറപ്പ് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഫൈബര്‍ ഷീറ്റുകള്‍ കൊണ്ടാണ് ചുവര് നിര്‍മ്മിച്ചിരിക്കുന്നത്. ആനയിറങ്ങുന്ന സ്ഥലങ്ങളില്‍ ഇത്തരം വീടുകള്‍ സുരക്ഷിതമാണോയെന്ന കാര്യവും പരിശോധിക്കേണ്ടി വരുമെന്ന് ഐഡിടിപി ഓഫീസര്‍ ദ ക്യൂവിനോട് പറഞ്ഞു.  

കെട്ടിടം പണി തുടങ്ങുന്നതിന് മുമ്പ് പഞ്ചായത്തില്‍ നിന്നും അനുമതി തേടിയില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഷോളയൂര്‍ പഞ്ചായത്തിലാണ്. വീട് പണി പൂര്‍ത്തിയായെന്നും കൈവശാവകാശ രേഖ നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള പട്ടിക എച്ച്ആര്‍ഡിഎസ് കൈമാറിയപ്പോഴാണ് പദ്ധതിയെക്കുറിച്ച് അറിയുന്നതെന്ന് ഷോളയൂര്‍ പഞ്ചായത്ത് വികസനകാര്യ സമിതി അദ്ധ്യക്ഷന്‍ അനീഷ് വ്യക്തമാക്കി.

ആദിവാസി മേഖലയിലെ വീട് കൊടുക്കാനാഗ്രഹിക്കുന്നവരുടെ പട്ടിക കൈമാറുകയോ പഞ്ചായത്ത് തയ്യാറാക്കിയ വീടില്ലാത്തവരുടെ ലിസ്റ്റ് പരിശോധിക്കുകയോ ചെയ്തിരുന്നില്ല. വീട് പണി പൂര്‍ത്തിയായതിന് ശേഷം ഓണര്‍ഷിപ്പ് നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പഞ്ചായത്ത്. എല്ലാ രേഖകളും സമര്‍പ്പിച്ച കുറച്ച് പേര്‍ക്ക് കൈവശവകാശം നല്‍കിയിട്ടുണ്ട്.

അനീഷ്, ഷോളയൂര്‍ പഞ്ചായത്ത്  

ആദിവാസികള്‍ക്ക് മാത്രമായി സദ്ഗൃഹ

ഇന്ത്യയിലെ ആദിവാസി മേഖലയില്‍ എച്ച്ആര്‍ഡിഎസ് വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയാണ് സദ്ഗൃഹ. സംസ്ഥാനത്ത് മൂന്ന് ജില്ലകളിലാണ് പദ്ധതി. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലെ ഇരുള, കുറുമ്പ, മുഡുഗ എന്നീ ഗോത്രവിഭാഗത്തിലുള്ളവര്‍ക്ക് മാത്രമാണ് വീടുകള്‍. മൂന്ന് സെന്റെങ്കിലും സ്വന്തം പേരിലുള്ളവര്‍ക്ക് 3,92,580 രൂപ ചിലവുള്ള വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. വീട്ടിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയാണിത്. കോര്‍പറേറ്റ് കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടും വിദേശരാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായവും വിനിയോഗിക്കുന്നുണ്ടെന്ന് സൊസൈറ്റി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വയനാട് ജില്ലയില്‍ പൂര്‍ത്തിയാക്കിയ വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി.

പദ്ധതിക്കെതിരെ രാഷ്ട്രീയ ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. ബിജെപി പ്രദേശിക നേതൃത്വം നല്‍കിയ പട്ടികയിലുള്ളവര്‍ക്കാണ് വീട് നല്‍കിയതെന്നാണ് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണം. എച്ച് ആര്‍ ഡി എസിന്റെ പ്രസിഡന്റായ എസ് കൃഷ്ണകുമാര്‍ ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയതും ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നതും ചൂണ്ടിക്കാണിക്കുന്നു. അജി കൃഷ്ണന്‍ എന്ന ആള്‍ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ബിജു കൃഷ്ണന്റെ സഹോദരനാണ് അജി കൃഷ്ണന്‍. ബിജു കൃഷ്ണന്‍ അട്ടപ്പാടി പദ്ധതിയുടെ പ്രൊജക്ട് ഡയറക്ടറുമായിരുന്നു. ബിജുവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം എച്ച്ആര്‍ഡിഎസിന്റെ ഫേസ്ബുക്ക് പേജില്‍ തിരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളും ആരോപണങ്ങളും പോസ്റ്റ് ചെയ്തിരുന്നു. ഇത് വിമര്‍ശനത്തിന് ഇടയാക്കി. വീടുകളുടെ നിര്‍മ്മാണോദ്ഘാടനത്തിന് പാലക്കാട് എം പിയായിരുന്ന എം ബി രാജേഷിനെ ക്ഷണിച്ചെങ്കിലും പ്രാദേശിക നേതൃത്വം ഇടപെട്ടത്തിനേത്തുടര്‍ന്ന് അദ്ദേഹം പിന്മാറുകയാണുണ്ടായത്. ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എ കെ ബാലനും പരിപാടിയില്‍ പങ്കെടുത്താതെ പിന്‍വലിഞ്ഞു.

മോഡി തരുന്ന വീടെന്ന് പ്രചാരണം, ഫൈബര്‍ കൊണ്ട് ചുവരുകള്‍; കോര്‍പറേറ്റ് ഫണ്ടുമായി ബിജെപി നേതാക്കള്‍ അട്ടപ്പാടി ഊരുകള്‍ കൈയടക്കുന്നതിങ്ങനെ 
അട്ടപ്പാടി ആദിവാസി ഭൂമിയില്‍ അനധികൃത പാട്ടക്കൃഷി; ഊരുകളില്‍ വീടും കൃഷിയിടവും എന്‍ ജി ഒ കൈയടക്കുന്നെന്ന് ആരോപണം 

മോദി നല്‍കുന്ന വീടെന്നാണ് ഇവിടെ പ്രചരിപ്പിക്കുന്നത്. ലൈഫ് പദ്ധതിയുടെ സര്‍വേ തുടങ്ങിയ സമയത്ത് ബിജെപി പ്രവര്‍ത്തകര്‍ സമാന്തരമായി ലിസ്റ്റുണ്ടാക്കി. ആര്‍എസ്എസിന്റെ നേതാക്കളാണ് പദ്ധതിക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ആദിവാസികളുടെ പേരില്‍ പണം തട്ടുകയാണെന്നാണ് ഞങ്ങളുടെ സംശയം.

അനീഷ്

പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ ആദിവാസികള്‍ക്കായി സദ്ഗൃഹ എന്ന പേരിലാണ് എച്ച്ആര്‍ഡിഎസ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലായി ആയിരം വീടുകള്‍ നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപനം. ഇതില്‍ മുന്നൂറ് വീടുകളുടെ പണി പൂര്‍ത്തിയായെന്നാണ് എച്ച്ആര്‍ഡിഎസ് അവകാശപ്പെടുന്നത്. 163 വീടുകള്‍ നിര്‍മ്മിച്ചതായാണ് ഐ ടി ഡി പി ഓഫീസര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. സദ്ഗൃഹയ്ക്ക പുറമേ കര്‍ഷക, നിരാമയ, ജ്വാലമുഖി എന്നീ പദ്ധതികള്‍ കൂടി എച്ച് ആര്‍ ഡി എസ് അട്ടപ്പാടിയില്‍ നടപ്പാക്കുന്നുണ്ട്. ആദിവാസികളുമായി കരാറുണ്ടാക്കി പട്ടകൃഷി ചെയ്യാനുള്ള നീക്കവും പട്ടിക വര്‍ഗ വികസന വകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ തടഞ്ഞിരിക്കുകയാണ്.

logo
The Cue
www.thecue.in