തൃശൂര്‍ പൂരത്തിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബിജെപി, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കില്‍ പ്രക്ഷോഭത്തിനൊരുക്കം 

തൃശൂര്‍ പൂരത്തിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബിജെപി, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കില്‍ പ്രക്ഷോഭത്തിനൊരുക്കം 

Published on

തൃശൂര്‍ പൂരത്തിന് വിലക്ക് മറികടന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാന്‍ വേണ്ടി ബിജെപി പ്രക്ഷോഭത്തിന്. നിലവിലെ വിലക്കും പ്രതിസന്ധിയും മറികടക്കാനാവില്ലെന്ന് അറിഞ്ഞ് തന്നെയാണ് ശബരിമല പ്രക്ഷോഭത്തിലെന്ന പോലെ തൃശൂര്‍ പൂരത്തിലും ബിജെപിയുടെ കലക്കവെള്ളത്തിലെ മീന്‍പിടിക്കല്‍. തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് വനംവകുപ്പാണ്. ആളെകൊല്ലി ആനയെ പൂരത്തിന് ഇറക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് വനംവകുപ്പ്. തൃശൂര്‍ കളക്ടര്‍ ടി വി അനുപമയുടെ നേതൃത്വത്തിലുള്ള നാട്ടാന നിരീക്ഷണസമിതിയോഗവും രാചന്ദ്രനുള്ള വിലക്ക് തുടരാന്‍ തന്നെയാണ് തീരുമാനിച്ചത്.

തേക്കിന്‍കാട്ടിലെ ആരവത്തിലേക്ക് തെക്കേഗോപുര നട തള്ളിത്തുറക്കല്‍ ചടങ്ങിന് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ തന്നെ വേണമെന്നാണ് പൂരപ്രേമികളില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം. ഈ ചടങ്ങിന്റെ ചുമതലയുള്ള നെയ്തലക്കാവ് ദേവസ്വം ഇതുവരേയും മറ്റൊരാനയെ ചടങ്ങിനായി നിശ്ചയിച്ചിട്ടില്ല. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലാണ് വടക്കുംനാഥ ക്ഷേത്രം. എറണാകുളം ശിവകുമാറിനെ പകരം ആനയായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചെങ്കിലും നെയ്തലക്കാവ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് വിഷയത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ കഴിയുകയുമില്ല. ഈ സാഹചര്യം മുതലെടുത്താണ് ബിജെപി പ്രക്ഷോഭത്തിന് ഇറങ്ങുന്നത്. പി സി ജോര്‍ജ് എംഎല്‍എ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രക്ഷോഭത്തിനാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്.

തൃശൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ ശബരിമല വിഷയത്തില്‍ കര്‍ശന നിലപാടെടുത്ത കളക്ടര്‍ ടിവി അനുപമയ്‌ക്കെതിരെ ബിജെപി സംഘടിതമായ ആക്രമണം നടത്തിയിരുന്നു. ടിവി അനുപമയെ അനുപമ ക്ലിന്‍സണ്‍ ജോസഫ് ആക്കിയായിരുന്നു ബിജെപിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍. പൂരത്തിലെ രാമചന്ദ്രന്റെ വിലക്കിലും അനുപമയെ ലക്ഷ്യമിട്ടുള്ള സംഘപരിവാര്‍ നീക്കം വ്യക്തമാണ്.

മേയ് 13ന് തൃശൂര്‍ പൂരം നടക്കാനിരിക്കെ 12ന് ആണ് തെക്കേ ഗോപുരനട തള്ളി തുറക്കുന്ന ചടങ്ങ്. വിലക്കില്‍ സര്‍ക്കാര്‍ ഇടപെടല്‍ സാധ്യമല്ലെന്നിരിക്കെ അതുവരെ വിഷയം കത്തിച്ചുനിര്‍ത്തി മുതലെടുക്കാനാണ് ബിജെപി ശ്രമം.

വലതു കണ്ണിന് പൂര്‍ണമായും ഇടതുകണ്ണിന് ഭാഗികമായും കാഴ്ചയില്ലാത്ത അമ്പത് വയസ് പിന്നിട്ട രാമചന്ദ്രന്‍ ഇതുവരെ 13 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. ആറ് പാപ്പാന്‍മാര്‍, നാല് സ്ത്രീകള്‍, രണ്ട് പുരുഷന്‍മാര്‍, ഒരു വിദ്യാര്‍ത്ഥി എന്നിങ്ങനെയാണ് രാമചന്ദ്രനാല്‍ ജീവന്‍ നഷ്ടമായവരുടെ പട്ടിക. ഈ വര്‍ഷം ഫെബ്രുവരി 8 ന് ആണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ മൂലം അവസാനമായി മരണമുണ്ടായത്.. പിന്നില്‍ നിന്ന് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് പേടിച്ചോടിയ ആന സമീപത്ത് നില്‍ക്കുകയായിരുന്ന രണ്ട് പേരുടെ ജീവനെടുത്തതോടെയാണ് വനംവകുപ്പ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പില്‍ നിന്ന് വിലക്കിയത്.

logo
The Cue
www.thecue.in