കാലിടറി ബിജെപി; രാഷ്ട്രീയ ഭൂപടം ചുരുങ്ങുന്നു
ഒരുരാജ്യം ഒറ്റപ്പാര്‍ട്ടി എന്ന ബിജെപിയുടെ ലക്ഷ്യത്തിന് തിരിച്ചടിയേല്‍ക്കുന്നു. 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ് മൂന്ന് വര്‍ഷം കൊണ്ട് 71 ശതമാനം പ്രദേശങ്ങളും ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ക്ക് കീഴിലായിരുന്നു. മഹാരാഷ്ട്ര കൂടി നഷ്ടപ്പെട്ടതോടെ 40 ശതമാനത്തിലേക്ക് ബിജെപി ചുരുങ്ങി.
17 സംസ്ഥാനങ്ങളിലാണ് ബിജെപി നേരിട്ടോ സഖ്യമോ ഭരിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്,പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, ഇപ്പോള്‍ മഹാരാഷ്ട്രയും ബിജെപി ഇതര സര്‍ക്കാരായതോടെയാണ് 71 ശതമാനം ഭൂപ്രദേശങ്ങളും കൈയ്യടക്കിയ പാര്‍ട്ടിയെന്നതില്‍ നിന്നും താഴേക്ക് പോയത്.
മോദി അധികാരമേല്‍ക്കുമ്പോള്‍ ഏഴ് സംസ്ഥാനങ്ങളായിരുന്നു ബിജെപി ഭരിച്ചിരുന്നത്. നാല് വര്‍ഷം കൊണ്ട് 21 സംസ്ഥാനങ്ങളിലെത്തി ബിജെപിയുടെ മുന്നേറ്റം. ഹിന്ദി ഹൃദയഭൂമി ബിജെപിക്കൊപ്പമായി. മോദി-അമിത് ഷാ കൂട്ടുകെട്ടും ചാണക്യ തന്ത്രങ്ങളുമാണ് ബിജെപിയെ തുണയ്ക്കുന്നതെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പൂര്‍ണമായി പിടിച്ചതോടെ ബിജെപിയുടെ ആത്മവിശ്വാസം ഉയര്‍ന്നു.
രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കൈവിട്ടാണ് തിരിച്ചടി തുടങ്ങിയത്. കോണ്‍ഗ്രസ് ഇവിടെ അധികാരത്തിലെത്തി. ആന്ധ്രയിലും ജമ്മു കശ്മീരിലും കൂട്ടുകെട്ട് തകര്‍ന്നു. നരേന്ദ്രമോദി രണ്ടാമത് അധികാരത്തിലെത്തിയിട്ടും തിരിച്ചടി തുടരുകയാണ്.
കൂട്ടുകക്ഷി ജനാധിപത്യം പരാജയമാണെന്നാണ് അമിത്ഷാ ഉള്‍പ്പെടെയുള്ള നേതൃത്വവും പറഞ്ഞിരുന്നത്. പ്രാദേശിക പാര്‍ട്ടികളില്‍ നിന്നും ഭരണം പിടിക്കുന്നതിനായി ചാണക്യ തന്ത്രങ്ങള്‍ പയറ്റുന്നുവെന്ന അഭിമാനത്തിനും തിരിച്ചടിയേല്‍ക്കുന്നുവെന്നാണ് മഹാരാഷ്ട്രയില്‍ കണ്ടത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം