പ്രഗ്യയുടെ ഗോഡ്‌സെ വിവാദത്തിലും രാജീവ് ഗാന്ധിയെ വലിച്ചിട്ട് ബിജെപി, തള്ളിയും പിന്താങ്ങിയും ‘ഗോഡ്‌സെ’യില്‍ ഇരട്ടത്താപ്പ്
ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിളിച്ച പ്രഗ്യാ സിങ് ഠാക്കൂറിനെ തള്ളിയും പിന്താങ്ങിയും ബിജെപിയുടെ ഇരട്ടത്താപ്പ്. ഭോപ്പാലില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ തീവ്രഹിന്ദുത്വ സംഘടന അഭിനവ് ഭാരതിന്റെയടക്കം നേതാവായ മലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂറിനെ ആദ്യം ബിജെപി നേതാക്കള്‍ തള്ളിപ്പറഞ്ഞു. ഗോഡ്‌സെയെ ന്യായീകരിക്കാനില്ലെന്നും പ്രഗ്യ പറഞ്ഞത് തെറ്റാണെന്നും ബിജെപി വൃത്തങ്ങള്‍ പ്രതികരിച്ചതോടെ പറഞ്ഞത് തിരുത്തി പ്രഗ്യ മാപ്പുപറഞ്ഞു.
തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഗാന്ധിവധ പരാമര്‍ശത്തില്‍ പ്രഗ്യയെ കൊണ്ട് മാപ്പ് പറയിച്ച് ഗോഡ്‌സേയില്‍ ബിജെപി പ്രതിരോധത്തിന് ശ്രമിക്കാഞ്ഞത്. എന്നാല്‍ ഒരുവശത്ത് മാപ്പ് പറയുമ്പോള്‍ മറുവശത്ത് ഗോഡ്‌സെയെ തള്ളാതെ ബിജെപി വൃത്തങ്ങള്‍ കാവി അജണ്ട മറകൂടാതെ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
പ്രഗ്യ പറഞ്ഞതില്‍ തെറ്റില്ലെന്നും മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും 7 പതിറ്റാണ്ടുകള്‍ക്ക് ശേഷം പഴിക്കപ്പെട്ടവരെ കേട്ടു തുടങ്ങിയിരിക്കുകയാണെന്നും കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയാണ് പറഞ്ഞത്.
ഇതിന് പിന്നാലെയാണ് ബിജെപിയുടെ കര്‍ണാടക എംപി നളിന്‍ കുമാര്‍ കടീല്‍ രാജീവ് ഗാന്ധിയേയും വിഷയത്തിലേക്ക് വലിച്ചിട്ടത്.
ഗോഡ്‌സെ ഒരാളെയാണ് കൊന്നത്, കസബ് 72 പേരെ, രാജീവ് ഗാന്ധി 17,000 പേരെയാണ് കൊന്നത്. നിങ്ങള്‍ തീരുമാനിക്കൂ ഇവരിലാരാണ് കൂടുതല്‍ ക്രൂരനെന്ന്.
നളില്‍ കുമാര്‍ കടീല്‍
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയെ അദ്ദേഹം മണ്‍മറഞ്ഞ് 28 കൊല്ലങ്ങള്‍ പിന്നിടുമ്പോഴും തിരഞ്ഞെടുപ്പിന്റെ മുഖ്യപ്രചാരണമാക്കിയാണ് ബിജെപി നീങ്ങിയത്. ഇതിന്റെ ബാക്കിപത്രമാണ് ഇപ്പോഴും രാജീവ് ഗാന്ധിയെ ഗോഡ്‌സെ വിവാദത്തിലും വലിച്ചിഴച്ച എംപിയുടെ പ്രതികരണം.
1984ല്‍ ഇന്ദിരാ ഗാന്ധി വധത്തിന് ശേഷം നടന്ന സിഖ് വിരുദ്ധ കലാപം ചൂണ്ടിക്കാട്ടിയാണ് രാജീവ് ഗാന്ധിയെ കൊലപാതകിയെന്ന് ആരോപിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് 3000 പേര്‍ സിഖ് വിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.
ഞായറാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം നടക്കാനിരിക്കെ ബിജെപിക്ക് ഗാന്ധി വധ ന്യായീകരണം തിരിച്ചടിയാകുമോയെന്ന ഭയമുണ്ട്. അതിനാല്‍ ഗോഡ്‌സെയെ ന്യായീകരിച്ച മൂന്ന് പേരോടും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം ചോദിച്ചിട്ടുണ്ട്. 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.
ഏഴാം ഘട്ടത്തോടെ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഞായറാഴ്ച പൂര്‍ത്തിയാകും പിന്നീട് വോട്ടെണ്ണല്‍, രണ്ട് ദിവസം മറികടക്കാന്‍ ബിജെപിയ്ക്ക് ഈ വിശദീകരണം ചോദിക്കല്‍ മതിയാകും. അതാണ് 10 ദിവസം സമയം നല്‍കിയുള്ള വിശദീകരണം ചോദിക്കലിന്റെ രാഷ്ട്രീയ വശം.