ബംഗാളില്‍ ബിജെപിയിലേക്ക് സിപിഎം പ്രവര്‍ത്തകരുടെ ഒഴുക്ക്; തീക്കുണ്ഡത്തിലേക്ക് എടുത്തുചാടരുതെന്ന് ബുദ്ധദേബ് 

ബംഗാളില്‍ ബിജെപിയിലേക്ക് സിപിഎം പ്രവര്‍ത്തകരുടെ ഒഴുക്ക്; തീക്കുണ്ഡത്തിലേക്ക് എടുത്തുചാടരുതെന്ന് ബുദ്ധദേബ് 

Published on

പ്രവര്‍ത്തകര്‍ കൂട്ടമായി ബിജെപിയില്‍ ചേക്കേറുന്നത് പശ്ചിമബംഗാള്‍ സിപിഎമ്മിന് തലവേദനയാകുന്നു. ഇടതുപാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക് പ്രകടമാണെന്ന് ദ വയര്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വറചട്ടിയില്‍ നിന്ന് ബിജെപിയുടെ തീക്കുണ്ഡത്തിലേക്ക് എടുത്തുചാടരുതെന്ന്മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. പാര്‍ട്ടി മുഖപത്രമായ ഗണശക്തിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഗുരുതര സ്ഥിതിവിശേഷത്തില്‍ ബുദ്ധദേബ് നിലപാട് വ്യക്തമാക്കിയത്. ബംഗാളിലെ ബിജെപി വളര്‍ച്ച അപകടകരമാണ്. ആത്മഹത്യാപരമായ സമീപനം സ്വീകരിക്കുന്ന അണികളെ തിരികെ കൊണ്ടുവരികയെന്നത് പ്രധാനദൗത്യമാണെന്നും അദ്ദേഹം പറയുന്നു. ക്രോണി ക്യാപിറ്റലിസത്തിന്റെ വക്താവാണ് മോദിയെന്നും മതനിരപേക്ഷ സമൂഹമായ ബംഗാളില്‍ ധ്രുവീകരണ രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മമതാ ബാനര്‍ജിയുടെ തൃണമൂലും ബിജെപിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് വിശേഷിപ്പിച്ചുള്ള പ്രചരണമാണ് ബംഗാളില്‍ ഇടതുപക്ഷം സ്വീകരിച്ചത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയാണ് പാര്‍ട്ടിയുടെ മുഖ്യശത്രുവെന്ന് ഭട്ടാചാര്യ പറയുന്നു. ഇടതനുകൂലികള്‍ ബിജെപിയില്‍ ചേക്കേറുന്നത് കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക്കേല്‍പ്പിക്കുന്നതെന്നും ജനപ്രീതിയിലും സംഘടനാശേഷിയിലും സിപിഎമ്മിന്റെ ശക്തിക്ഷയിക്കുകയാണെന്നും ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരവധിയാളുകളെ പണം നല്‍കി ബിജെപി സ്വന്തം പാളയത്തില്‍ എത്തിക്കുന്നുണ്ട്. കൂടാതെ തൃണമൂലിനെ നേരിടാന്‍ തക്ക ശക്തമായ പാര്‍ട്ടി ബിജെപിയാണ് നിലപാടെടുത്തും നിരവധി പേര്‍ കൂറുമാറുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് സിപിഎമ്മിന് സംസ്ഥാനഭരണം നഷ്ടമായത്. 77 മുതല്‍ 2011 വരെ തുടര്‍ച്ചയായി ഭരണം കയ്യാളിയതിന് ശേഷമായിരുന്നു കനത്ത തിരിച്ചടി. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേവലം രണ്ട് സീറ്റാണ് പാര്‍ട്ടിക്ക് നേടാനായത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 39.6% ആയിരുന്നു ഇടതുമുന്നണിയുടെ വോട്ട് വിഹിതം. അന്ന് ബിജെപിക്ക് 4.06% വോട്ടാണ് സംസ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ 2016 ലെ തെരഞ്ഞെടുപ്പില്‍ സിപിഎം 25.6 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ബിജെപി വോട്ട് വിഹിതം ഇരട്ടിയിലേറെ ഉയര്‍ത്തി 10.28ശതമാനത്തിലെത്തി. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 6 ശതമാനമായിരുന്നു വോട്ടെങ്കില്‍ 2014 ല്‍ അത് 17 ശതമാനമായി മാറിയിരുന്നു. അതേസമയം സിപിഎം വോട്ട് 2009 ലെ 42 ശതമാനം 2014 ല്‍ 30 ലേക്ക് ഇടിഞ്ഞു. സിപിഎമ്മില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന ചിലരുടെ പ്രതികരണങ്ങള്‍ ഇങ്ങനെ.

സിപിഎമ്മിന് സംസ്ഥാനത്ത് നിലനില്‍പ്പില്ല. 15-20 ആളുകളേ അവരുടെ പൊതുയോഗങ്ങളി ലുള്ളൂ. അത്തരമൊരു പാര്‍ട്ടിക്കായി പ്രചരണത്തിന് ഇറങ്ങിയിട്ട് എന്തുകാര്യം. സിപിഎമ്മിലായിരിക്കുമ്പോഴും ഇപ്പോള്‍ ബിജെപിയിലായിരിക്കുമ്പോഴും മമത ബാനര്‍ജിയാണ് ഞങ്ങളുടെ ശത്രു. മമതയെ തോല്‍പ്പിക്കാന്‍, ശക്തരായ ബിജെപിയെ പിന്‍തുണയ്ക്കുന്നതാണ് നല്ലത്.

തപന്‍ ബിശ്വാസ്,ദംദം സ്വദേശി

എന്റെ കുടുംബത്തിലെ മുഴുവനാളുകളും സിപിഎം അനുകൂലികളായിരുന്നു. എന്നാലിപ്പോള്‍ വോട്ട് പാഴാകുന്ന സ്ഥിതിയാണ്. തൃണമൂലിനെ തോല്‍പ്പിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് പ്രാദേശിക നേതാക്കള്‍ വ്യക്തിപരമായി ഞങ്ങളോട് പറയുന്നത്. 

പ്രണാബ് മൊണ്ഡല്‍, റിക്ഷാ ഡ്രൈവര്‍  

ബംഗാളിലൂടെ സഞ്ചരിച്ചപ്പോള്‍ നിരവധി മണ്ഡലങ്ങളില്‍ സിപിഎമ്മില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ദൃശ്യമാണെന്ന് ദ വയര്‍ വ്യക്തമാക്കുന്നു. ബംഗ്ലാദേശ് അതിര്‍ത്തി മേഖലകളില്‍ വലിയ അളവിലാണ് പ്രവര്‍ത്തകരുടെ ചോര്‍ച്ചയെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.സിപിഎം എഎല്‍എ ഖഗേന്‍ മുര്‍മു ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മാല്‍ഡ നോര്‍ത്തില്‍ നിന്ന് ഇദ്ദേഹം ഇപ്പോള്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുകയാണ്. അതേസമയം ഇയാളെ സ്ഥാനാര്‍ത്ഥിയാക്കിയതിരെ ബിജെപി പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. മുര്‍മുവിനെതിരെ പോസ്റ്ററുകള്‍ മണ്ഡലത്തില്‍ വ്യാപകമായിരുന്നു. തൃണമൂലില്‍ നിന്ന് മോചനം നേടാന്‍ ബിജെപിയെ തെരഞ്ഞെടുക്കുകയെന്ന മണ്ടത്തരം ചെയ്യരുതെന്നാണ് മുന്‍ തൃപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചത്. ആത്മഹത്യയില്‍ കവിഞ്ഞതൊന്നുമല്ല അതെന്നും അദ്ദേഹം പറയുന്നു.

സിപിഎം വോട്ട് വിഹിതത്തില്‍ 10 ശതമാനത്തിന്റെ കുറവുണ്ടായേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇത് ബിജെപിക്ക് അനുകൂലമായി ഏകീകരിക്കപ്പെടാനുള്ള സാധ്യതയും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരുന്നത് തടയുന്നതില്‍ നേതാക്കള്‍ പരാജയപ്പെടുകയും ചെയ്തു. ബിജെപിയെയും തൃണമൂലിനെയും ഒരേ അളവില്‍ ആക്രമിച്ചായിരുന്നു ഇടത് പ്രചരണം. തൃണമൂലിനെയും ബിജെപിയെയും തുല്യരായി കണ്ട് എതിര്‍ത്തതില്‍ ഇടതുപക്ഷത്തിന് വീഴ്ചയുണ്ടായെന്ന് സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സോഷ്യല്‍ സയന്‍സസിലെ അദ്ധ്യാപകന്‍ മൊയ്ദുള്‍ ഇസ്ലാം പറയുന്നു. ഇടതുപക്ഷം ബിജെപിയെ മുഖ്യശത്രുവായി കണ്ടാണ് നേരിടേണ്ടിയിരുന്നത്. പകരം തൃണമൂലിനെ പ്രധാനശത്രുവായി കാണുകയും ബിജെപിയോട് അല്‍പ്പം മമത പ്രകടിപ്പിക്കുകയും ചെയ്‌തെന്നാണ് അനുഭവപ്പെടുന്നതെന്നും മൊയ്ദുല്‍ ഇസ്ലാം വ്യക്തമാക്കുന്നു.

logo
The Cue
www.thecue.in