ബാലുവിന്റെ മരണത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് അച്ഛന്‍, തമ്പിയുമായി തൊഴില്‍പരമായ ബന്ധം മാത്രം
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണവും സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്താന്‍ കഴിയില്ലെന്ന് അച്ഛന്‍ കെ സി ഉണ്ണി. പിടിയിലായവര്‍ മാനേജര്‍മാരായിരുന്നുവെങ്കിലും സ്വര്‍ണക്കടത്തില്‍ ബന്ധമില്ല. തട്ടിപ്പും വെട്ടിപ്പും നടത്താന്‍ ബാലഭാസ്‌കര്‍ സമ്മതിക്കില്ലെന്നും കെ സി ഉണ്ണി പറഞ്ഞു.
ഒക്ടോബര്‍ രണ്ടിനാണ് ബാലു മരിച്ചത്. ഇവര്‍ നവംബര്‍ പതിനെട്ടിനാണ് ഇവര്‍ കള്ളക്കടത്ത് തുടങ്ങിയതെന്ന് ഡിആര്‍ഐ ടൈംസ് ഓഫ് ഇന്ത്യക്ക് കൊടുത്ത പ്രസ്താവനയില്‍ പറയുന്നുണ്ട്. ബാലു മരിച്ചതിന് ശേഷമാണ് കള്ളക്കടത്ത് തുടങ്ങിയത്. ബാലുവിന്റെ മരണത്തോടെ വരുമാനം കുറഞ്ഞു, അതുകൊണ്ട് ഈ വഴിക്ക് തിരിഞ്ഞുവെന്നാണ് തമ്പിയുടെ മൊഴി. സത്യം പുറത്ത് വരട്ടെ.
സ്വര്‍ണക്കടത്ത് നടത്താന്‍ ബാലഭാസ്‌കര്‍ അനുവദിക്കില്ലെന്ന് കെ സി ഉണ്ണി പറഞ്ഞു. പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നവരായിരുന്നു പ്രകാശന്‍തമ്പിയും വിഷ്ണു. അതിന് പ്രതിഫലം നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രകാശന്‍തമ്പി പ്രചരിപ്പിക്കുന്ന തരത്തിലുള്ള അടുപ്പമൊന്നും ബാലഭാസ്‌കറുമായി ഉണ്ടായിരുന്നില്ലെന്നും കെ സി ഉണ്ണി വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സത്യം തെളിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും. ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിന്റെ പേരില്‍ പല വൃക്തികളും അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുന്നുണ്ട്. സംശയമുള്ള ആളുകളുടെ പേരുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയരുതെന്ന് ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംശയമുള്ള കാര്യങ്ങള്‍ പലതും പറയാനുണ്ടെന്നും കെ സി ഉണ്ണി പറഞ്ഞു. അപകടത്തില്‍ സംശയം തോന്നിയത് കൊണ്ടാണ് പരാതി നല്‍കിയത്. സത്യം പുറത്ത് വരുന്നത് വരെ കാത്തിരിക്കും. എന്നാല്‍ ഇതിന് പിന്നില്‍ ആരാണെന്ന് ചൂണ്ടിക്കാണിക്കാനുള്ള വ്യക്തമായ തെളിവുകള്‍ തങ്ങളുടെ കൈയ്യിലില്ല. സംശയങ്ങളും ദുരൂഹതകളും തുറന്ന് പറയാനെ കഴിയുകയുള്ളു.
ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ കുടുംബത്തിന് വ്യക്തതയില്ലെന്നും കെ സി ഉണ്ണി വ്യക്തമാക്കി. പണം നിക്ഷേപിക്കാറുണ്ടെന്ന് പറയാറുണ്ട്. എന്നാല്‍ അതിനുള്ള രേഖകള്‍ തങ്ങളുടെ കൈവശമില്ല. എത്ര രൂപ എവിടെയൊക്കെ നിക്ഷേപിച്ചുവെന്ന് അറിയില്ല. വിഷ്ണുവിന്റെ കമ്പനിയില്‍ ഇന്‍വെസ്‌ററ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.
‘ബാലു ആശുപത്രിയില്‍ കിടക്കുമ്പോള്‍ വിഷ്ണുവിനോട് ഇക്കാര്യം തിരക്കി. 20 ലക്ഷം രൂപ തന്റെ കൈവശമുണ്ടെന്ന് വിഷ്ണു സമ്മതിച്ചു’.
ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് പ്രകാശന്‍തമ്പിക്കും വിഷ്ണുവിനും ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും അന്വേഷണ സംഘത്തിന് പരാതി നല്‍കുമെന്നും കെ സി ഉണ്ണി പറഞ്ഞതായി മാധ്യമവാര്‍ത്തകളുണ്ടായിരുന്നു. ഇവര്‍ രണ്ട് പേരും ബാലഭാസ്‌കറിന്റെ മാനേജര്‍മാരല്ലെന്ന് ഭാര്യ ലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.