അയോധ്യവിധിയില്‍ പ്രതികരണം: എം സ്വരാജിനെതിരെ ബിജെപിയുടെ പരാതി
അയോധ്യയിലെ തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വിട്ടുനല്‍കിക്കൊണ്ടുള്ള സുപ്രീം കോടതിവിധിയേക്കുറിച്ച് പ്രതികരിച്ച സിപിഐഎം എംഎല്‍എ എം സ്വരാജിനെതിരെ ബിജെപി പരാതി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവാണ് ഡിജിപി ലോകനാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. സ്വരാജിന്റെ 'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ?' എന്ന ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് ബിജെപി പൊലീസിനെ സമീപിച്ചിരിക്കുന്നത്.
സുപ്രീം കോടതിവിധിയില്‍ ഒരു വിഭാഗം ജനങ്ങളില്‍ ആശങ്കയും അതുവഴി പരസ്പര വിശ്വാസമില്ലായ്മയും വര്‍ഗീയതയും കലാപവും ഉണ്ടാക്കാനാണ് എം സ്വരാജ് ശ്രമിച്ചത്.
പ്രകാശ് ബാബു
മുഖ്യമന്ത്രിയും ഡിജിപിയും ഇക്കാര്യത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ നേരിട്ട് കോടതിയെ സമീപിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു. പോസ്റ്റ് ചെയ്ത് അഞ്ച് മണിക്കൂറിനകം രണ്ടായിരത്തോളം പേരാണ് എം സ്വരാജിന്റെ പ്രതികരണം ഷെയര്‍ ചെയ്തിരിക്കുന്നത്. എഫ്ബി കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ബിജെപി പരാതി.
അയോധ്യവിധിക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പര്‍ധയുണ്ടാക്കുന്ന വിധത്തില്‍ അഭിപ്രായ പ്രകടനം നടത്തിയെന്നാരോപിച്ച് എറണാകുളത്ത് രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. കൊച്ചി സെന്‍ട്രന്‍ പൊലീസാണ് കേസെടുത്തത്. കേരള പൊലീസിന്റെ സൈബര്‍ ഡോം വിഭാഗമാണ് പോസ്റ്റ് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ ഐപിസി 153എ, 550 ബി, 120 വകുപ്പുകളാണ് ചാര്‍ത്തിയിരിക്കുന്നത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം