'അയോധ്യ'യുടെ നാള്‍വഴി : ഇന്ത്യന്‍ രാഷ്ട്രീയത്തിലും കോടതിയിലും സംഭവിച്ചത്   

'അയോധ്യ'യുടെ നാള്‍വഴി : ഇന്ത്യന്‍ രാഷ്ട്രീയത്തിലും കോടതിയിലും സംഭവിച്ചത്   
Published on

മുഗള്‍ ഭരണാധികാരിയായിരുന്ന ബാബര്‍ 1528 ല്‍ പണികഴിപ്പിച്ചതാണ് അയോധ്യയിലെ ബാബറി മസ്ജിദ് എന്നാണ് ചരിത്ര ലിഖിതം. ബാബറിന്റെ കാലത്തായിരുന്നതിനാല്‍ പള്ളിക്ക് ആ പേര് വരികയായിരുന്നു. മുസ്ലിങ്ങള്‍ ഇവിടെ ആരാധന നടത്തിപ്പോന്നു. ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം ഉണ്ടായിരുന്നു എന്ന അവകാശവാദം ഉയരുന്നത് 1853 ലാണ്. നവാബ് വാജിദ് അലി ഷാ അവധ് ഭരിക്കുമ്പോഴായിരുന്നു അത്. നിര്‍മോഹി എന്ന ഹിന്ദുവിഭാഗമായിരുന്നു ആരോപണത്തിന് പിന്നില്‍. എ.ഡി 12ാം നൂറ്റാണ്ടില്‍ അവിടെ ക്ഷേത്രമുണ്ടായിരുന്നു എന്നാണവര്‍ അവകാശപ്പെട്ടത്. പിന്നീട് പള്ളിനിര്‍മ്മാണത്തിനായി ക്ഷേത്രം തകര്‍ക്കുകയായിരുന്നുവെന്നും ഈ വിഭാഗം വാദിച്ചു. ഇതേതുടര്‍ന്ന്1853 ല്‍ അയോധ്യയില്‍ കലാപമുണ്ടായി. ഇതോടെ 1859 ല്‍ ബ്രീട്ടീഷ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് മധ്യസ്ഥതയുണ്ടാക്കി. മുസ്ലിങ്ങള്‍ക്ക് അകത്തുകടന്ന് ആരാധന നടത്താമെന്നും ഹിന്ദുക്കള്‍ക്ക് പുറത്ത് പ്രാര്‍ത്ഥിക്കാമെന്നുമായിരുന്നു വ്യവസ്ഥ. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് അയോധ്യ വിഷയത്തിലും കൊളോണിയല്‍ ഭരണകൂടം സ്വീകരിച്ചത്.

1885 ല്‍ മഹന്ത് രഘുബര്‍ ദാസ് എന്നയാളാണ് വിഷയത്തില്‍ ആദ്യ കേസ് ഫയല്‍ ചെയ്യുന്നത്. ക്ഷേത്രം പണിയാന്‍ അനുവദിക്കണമെന്നും പൂജയ്ക്ക് സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ ഫൈസാബാദ് കോടതി രഘുബര്‍ദാസിന്റെ ഹര്‍ജി തള്ളി. പിന്നീട് 1949 ല്‍ തര്‍ക്കം രൂക്ഷമായി. ഒരു വിഭാഗം ഹിന്ദുക്കള്‍ പള്ളിക്കകത്ത് രാമവിഗ്രഹം കൊണ്ടുവെച്ചു. 1949 ഡിസംബര്‍ 22 ന് രാത്രിയിലാണ് ബാബറി മസ്ജിദില്‍ ശ്രീരാമ വിഗ്രഹം സ്ഥാപിക്കപ്പെട്ടത്. അന്നത്തെ ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റിന് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നു. വിഗ്രഹം മാറ്റാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറു നിര്‍ദേശിച്ചു. എന്നാല്‍ കലാപസാധ്യത മുന്നില്‍കണ്ട് തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതമായി. വിഷയത്തില്‍ പോരാട്ടം മുറുകിയതോടെ കേന്ദ്രം സജീവമായി ഇടപെട്ടു. ബാബറി മസ്ജിദ് നിന്ന സ്ഥലം തര്‍ക്കഭൂമിയായി പ്രഖ്യാപിച്ച് കവാടം അടച്ചു. ഇതോടെ ഇരുവിഭാഗവും നിയമവഴി സ്വീകരിച്ചു. തുടര്‍ന്ന് 1950 ല്‍ രണ്ട് ഹര്‍ജികള്‍ ഫൈസാബാദ് കോടതിയുടെ പരിഗണനയ്ക്ക് വന്നു. ഗോപാല്‍ സിങ് വിശാരദ്, മഹന്ദ് പരമഹംസ് രാമചന്ദ്ര ദാസ് എന്നിവരായിരുന്നു ഹര്‍ജിക്കാര്‍. ഹിന്ദുക്കള്‍ക്ക് ഇവിടെ ആരാധനയ്ക്ക് അവസരമൊരുക്കണമെന്നായിരുന്നു ആവശ്യം. കോടതി ഇത് അംഗീകരിക്കുകയും പള്ളിക്ക് പുറത്ത് പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ 1959 ല്‍ വീണ്ടുമൊരു ഹര്‍ജി ഫൈസാബാദ് കോടതിയിലെത്തി. സ്ഥലത്തിന്റ ചുമതലാവകാശം തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് നിര്‍മ്മോഹി അഖാരയാണ് കോടതിയെ സമീപിച്ചത്. വിഗ്രഹം സ്ഥാപിച്ച സ്ഥലവും ചേര്‍ന്നുള്ള ഭാഗങ്ങളും വേണമെന്നായിരുന്നു നിലപാട്.

പള്ളിക്കകത്ത് വിഗ്രഹം സ്ഥാപിച്ചത് ചോദ്യം ചെയ്ത് 1961 ല്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് കോടതിയെ സമീപിച്ചു. പള്ളി നില്‍ക്കുന്ന സ്ഥലത്തിന് സമീപം ഖബര്‍സ്ഥാനായിരുന്നുവെന്ന് വഖഫ് ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി. ശേഷം 1984 ല്‍ ഹിന്ദു സംഘടനകള്‍ ഐക്യസമിതിക്ക് രൂപം നല്‍കി. അയോധ്യാ തര്‍ക്കത്തില്‍ ദേശവ്യാപക പ്രചരണമായിരുന്നു സമിതി രൂപീകരണത്തിന്റെ ലക്ഷ്യം. ബിജെപി നേതൃനിരയിലുണ്ടായിരുന്ന എല്‍കെ അദ്വാനിയുടെ നേതൃത്വത്തിലായിരുന്നു പ്രചരണം. 1985 ല്‍ വിശ്വഹിന്ദു പരിഷത്ത് ഉഡുപ്പിയില്‍ സംഘടിപ്പിച്ച ധര്‍മ്മസന്‍സദില്‍ വെച്ച്,രാമക്ഷേത്രത്തിന്റെ പൂട്ടുതുറക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. ഇതിന്റെ തുടര്‍ച്ചയായി 1986 ല്‍ ഹരിശങ്കര്‍ ദുബെ എന്നയാള്‍ ജില്ലാ കോടതിയെ സമീപിച്ചു. ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്ക് അവസരമൊരുക്കണമെന്നായിരുന്നു ആവശ്യം. കോടതി ഇതംഗീകരിച്ച്, കവാടം തുറന്ന് ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്ക് അനുമതി നല്‍കി വിധി പ്രസ്താവിച്ചു. 1986 ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ക്ഷേത്രം പൂജയ്ക്കായി തുറന്നുകൊടുത്തു. പ്രസ്തുത വിധി വിവാദത്തിന് തിരികൊളുത്തി. കടുത്ത പ്രതിഷേധവുമായി മുസ്ലിങ്ങള്‍ രംഗത്തെത്തി. ഈ രോഷം ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയുടെ രൂപീകരണത്തിന് വഴിതുറന്നു.

മുസ്ലീങ്ങള്‍ ബാബറി മസ്ജിദിന് മേലുള്ള അവകാശവാദം ഉപേക്ഷിക്കണമെന്നായിരുന്നു 1987 ഫെബ്രുവരി 15 ന് ബോംബെ ശിവജി പാര്‍ക്കില്‍ വാജ്‌പേയി പ്രസംഗിച്ചത്. 1989 ഏപ്രില്‍ ആറിന് നടന്ന വിരാട് ഹിന്ദു സമ്മേളനത്തില്‍, ബാബറി മസ്ജിദ് നില്‍ക്കുന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് നല്‍കണമെന്നും വാജ്‌പേയി ആവശ്യപ്പെട്ടു. അതേവര്‍ഷം മെയ് 16ന്‌ ദേശീയോദ്ഗ്രഥന കൗണ്‍സിലിലും, ക്ഷേത്രനിര്‍മ്മാണം വാജ്‌പേയി ഊന്നിപ്പറഞ്ഞു. ജൂണ്‍ 11ന് ദേശീയ നിര്‍വാഹകസമിതിയില്‍ ഇതുസംബന്ധിച്ച് പ്രമേയവും പാസാക്കി. രാമജന്‍മഭൂമി ഹിന്ദുക്കള്‍ക്ക് എന്നതായിരുന്നു പ്രധാന ആവശ്യം. 89 ല്‍ ബിജെപി പ്രകടനപത്രികയില്‍ രാമക്ഷേത്രം ഇടംപിടിച്ചു. തര്‍ക്കത്തില്‍ ഒരു കോടതിക്കും ഉത്തരവ് പുറപ്പെടുവിക്കാനാകി ല്ലെന്ന് വാജ്‌പേയി പ്രസംഗിച്ചത് 1990 സെപ്റ്റംബര്‍ 25 ന്. അതിനിടെ 1989 ല്‍ വിശ്വഹിന്ദു പരിഷത്ത് പള്ളിയോട് ചേര്‍ന്ന് രാമക്ഷേത്രത്തിന് തറക്കല്ലിട്ടിരുന്നു. പള്ളി മറ്റെവിടേക്കെങ്കിലും മാറ്റണമെന്ന് ദിയോങ്കി നന്ദന്‍ അഗര്‍വാള്‍ എന്നയാള്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെ അയോധ്യയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കോടതി അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക ബഞ്ചിന് കൈമാറി. അതിനിടെ 1989 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുവിഹിതം 11 ശതമാനമായിരുന്നതില്‍നിന്ന് 20 ആയി ഉയര്‍ന്നു. ലോക്‌സഭാ സീറ്റുകളുടെ എണ്ണം 85 ല്‍ നിന്ന് 120 ആയി. ബിജെപിയിലും സംഘപരിവാറിലും ദേശീയ രാഷ്ട്രീയത്തിലും അദ്വാനി പിടിമുറുക്കി. അതിനിടെ 90 ല്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ പള്ളിയുടെ ഒരു ഭാഗത്തിന് കേടുപാടുകള്‍ വരുത്തി. അന്നത്തെ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 1991 ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തി. അതോടെ രാമക്ഷേത്ര നിര്‍മ്മാണമെന്ന ആവശ്യം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ സജീവമായി ഉയര്‍ത്തി. കേന്ദ്രത്തില്‍ ശക്തമായ പ്രതിപക്ഷമാകാന്‍ സാധിച്ചതും തുണയായി.

അദ്വാനിയുടെ രഥയാത്ര

1990 സെപ്റ്റംബര്‍ 25 ന് സോമനാഥക്ഷേത്രത്തില്‍ നിന്ന് ലാല്‍കൃഷ്ണ അദ്വാനി രഥയാത്രയാരംഭിച്ചു. അയോധ്യയില്‍ രാമക്ഷേത്രമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു യാത്ര. ഒക്ടോബര്‍ 30 ന് അയോധ്യയില്‍ അവസാനിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു രാമരഥയാത്ര. എന്നാല്‍ ഒക്ടോബര്‍ 23 ന് ബിഹാര്‍ സമസ്തിപൂരില്‍ വെച്ച് അദ്വാനി അറസ്റ്റ് ചെയ്യപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായാണ്‌1992 ഡിസംബര്‍ 6 ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. യാത്ര പുരോഗമിക്കെ ഗുജറാത്ത്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ വര്‍ഗീയ കലാപങ്ങളുണ്ടായി. 564 പേര്‍ കലാപങ്ങളില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 1992 ഡിസംബര്‍ 6 ന് അയോധ്യയില്‍ കര്‍സേവ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 5 ന് വിഎച്ച്പി നേതാവ് വിനയ് കത്യാറുടെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്നായിരുന്നു ആസൂത്രണം. ഇതില്‍ അദ്വാനിയുണ്ടായിരുന്നു. പിറ്റേന്ന് 11.50 ന് സംഘപരിവാര്‍ സംഘടനകള്‍ ചേര്‍ന്ന് പള്ളി പൊളിച്ചു. മതമൈത്രിയെ കശാപ്പ് ചെയ്യുന്ന സംഭവമരങ്ങേറുന്ന സമയത്ത് തൊട്ടടുത്ത് രാമകഥാ മഞ്ച് വേദിയില്‍ അദ്വാനി, മുരളി മനോഹര്‍ ജോഷി, അശോക് സിംഗാള്‍, വിനയ് കത്യാര്‍, ഉമ ഭാരതി എന്നിവരുണ്ടായിരുന്നു. മസ്ജിദ് തകര്‍ത്ത ദിവസം ഹിന്ദു സംഘടനകള്‍ ശൗര്യദിനമായി ആചരിച്ചു ഇതോടെ അദ്വാനി ശക്തനായ നേതാവായി വളര്‍ന്നു.1992 ഡിസംബര്‍ 29 ന് അടല്‍ ബിഹാരി വാജ്‌പേയിയുടെ നതൃത്വത്തിലുള്ള ബിജെപി സംഘം രാഷ്ട്രപതിയെ കണ്ടു. രാമജന്‍മഭൂമിക്കുവേണ്ടി നടന്നത് ധര്‍മ്മ സന്‍സദ് നടത്തിയ ജനകീയ മുന്നേറ്റമാണെന്നായിരുന്നു‌ രാഷ്ട്രപതിക്ക് നല്‍കിയ നിവേദനത്തിലെ അവകാശവാദം.

ബാബറി മസ്ജിദ് തകര്‍ക്കല്‍ അന്വേഷിക്കുന്നതിന് പ്രധാനമന്ത്രി നരസിംഹ റാവു ലിബര്‍ഹാന്‍ കമ്മീഷനെ നിയമിച്ചു.ഡിസംബര്‍ 16 നാണ് കമ്മീഷന്‍ നിലവില്‍ വന്നത്. ബാബറി മസ്ജിദ് സംഭവത്തിന് പിന്നാലെ 1993 മാര്‍ച്ച് 12 ന് ബോംബെയുടെ വിവിധ ഭാഗങ്ങളില്‍ കലാപങ്ങള്‍ ഉണ്ടായി. സ്ഫോടന പരമ്പരകളുണ്ടായി. ഒരേ സമയം 13 ബോംബുകള്‍ പൊട്ടിത്തെറിച്ചു. 257 പേര്‍ കൊല്ലപ്പെടുകയും 700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് 2001 ലെ ബാബറി മസ്ജിദ് ദിനത്തില്‍ വിഎച്ച്പി പ്രഖ്യാപിച്ചു.പിന്നാലെ 2002 ഫെബ്രുവരിയില്‍ അയോധ്യയില്‍ നിന്ന് മടങ്ങിയ കര്‍സേവകരുടെ തീവണ്ടി ഗുജറാത്തിലെ ഗോധ്രയ്ക്ക് അടുത്ത് അഗ്‌നിക്കിരയാക്കപ്പെട്ടു. ഇതോടെ ഗുജറാത്തില്‍ വര്‍ഗീയ കലാപമരങ്ങേറി. മുസ്ലിങ്ങള്‍ ക്രൂരമായി വേട്ടയാടപ്പെട്ടു. സംഘപരിവാര്‍ ആക്രമണത്തില്‍ നൂറുകണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടമായി. 2004 ല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു. പിന്നാലെ ബാബറി കേസില്‍ അദ്വാനിക്കെതിരെ കേസെടുക്കാന്‍ ഉത്തര്‍പ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. 2005 ല്‍ തര്‍ക്ക ഭൂമിയില്‍ സായുധ സംഘത്തിന്റെ ആക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു.

ബാബറി മസ്ജിദ് തകര്‍ക്കലിനെക്കുറിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ 2009 ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബിജെപി നേതാക്കള്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായ പരാമര്‍ശമുണ്ടായിരുന്നു. മസ്ജിദ് പൊളിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് അദ്വാനി, വാജ്‌പേയി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് അറിയാമായിരുന്നുവെന്നാണ് പരാമര്‍ശം. 2010 ല്‍ തര്‍ക്ക ഭൂമി സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചു. ഭൂമി മൂന്നായി തിരിച്ച് വഖഫ് ബോര്‍ഡിനും ഹിന്ദു മഹാസഭയുടെ കീഴിലുള്ള രാംലല്ലയ്ക്കും നിര്‍മോഹി അഖാരയ്ക്കുമായി വീതിച്ചുനല്‍കി. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്തെ 2.77 ഏക്കര്‍ ഭൂമിയാണ് വീതിച്ചുനല്‍കിയത്. ഇതിനെതിരെ വഖഫ് ബോര്‍ഡും ഹിന്ദു മഹാസഭയും സുപ്രീം കോടതിയെ സമീപിച്ചു. ഇതോടെ അലഹബാദ് വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. 2014 ല്‍ മോദി അധികാരത്തിലേറിയതോടെ വിഷയം വീണ്ടും സജീവമായി. 2015 ല്‍ ക്ഷേത്രനിര്‍മ്മാണത്തിനായി അയോധ്യയിലേക്ക് കല്ലുകള്‍ എത്തിക്കാന്‍ തുടങ്ങി. 2017 ല്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറി. ഇതോടെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി മുറവിളികള്‍ സജീവമായി. അതിനിടെ ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് അദ്വാനിക്കെതിരെ എടുത്ത കേസുകള്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബാബറി മസ്ജിദ് തകര്‍ത്തതില്‍ കുറ്റകരമായ ഗൂഢാലോചനയ്ക്ക് ബിജെപി നേതാക്കള്‍ വിചാരണ നേരിടണമെന്ന് 2017 ഏപ്രില്‍ 20 ന് സുപ്രീം കോടതി വിധിച്ചു. എല്‍കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, രാജസ്ഥാന്‍ ഗവര്‍ണറായിരുന്ന കല്യാണ്‍സിങ് തുടങ്ങി 14 പേര്‍ ഗൂഢാലോനാക്കുറ്റത്തിന് വിചാരണ നേരിടണമെന്നായിരുന്നു വിധി.

ശേഷം അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീല്‍ ഭരണഘടനാ ബെഞ്ചിന് മുന്‍പാകെയെത്തി. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 16 അപ്പീലുകളാണ് കോടതി പരിഗണിച്ചത്. പ്രശ്നം മധ്യസ്ഥ ശ്രമത്തിലൂടെ പരിഹരിക്കാന്‍ കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് എഫ് എം ഖലീഫുള്ള, ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരെയാണ് മീഡിയേറ്റര്‍മാരായി നിയോഗിച്ചത്. ഒടുവില്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കിക്കൊണ്ട് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. തര്‍ക്കത്തിലുള്ള 2.77 ഏക്കര്‍ ഭൂമി ക്ഷേത്രനിര്‍മ്മാണത്തിനായി രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറാന്‍ കോടതി വിധിച്ചു. പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി സര്‍ക്കാര്‍ കണ്ടെത്തി നല്‍കാനും ഉത്തവരവിട്ടു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചിന്റേതായിരുന്നു വിധി. ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്.

1985 ന് ഇപ്പുറം രാജ്യം വേദിയായ വിവിധ ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അയോധ്യ വിഷയം ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ആയുധമാക്കി. രാമജന്‍മഭൂമി വാദം ഉയര്‍ത്തിയുള്ള തീവ്ര ഹിന്ദുത്വ കാര്‍ഡ് തെരഞ്ഞെടുപ്പുകളില്‍ പ്രയോഗിക്കപ്പെട്ടപ്പോഴൊക്കെ ഭരണഘടനാമൂല്യങ്ങള്‍ ചവിട്ടിമെതിയ്ക്കപ്പെടുന്നതിന് രാജ്യം സാക്ഷിയായി.

Related Stories

No stories found.
logo
The Cue
www.thecue.in