സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന് കാണിച്ച് ഓട്ടോ ഡ്രൈവര്‍ക്കും പിഴയിട്ട് പൊലീസ്
ബിഹാറില്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചില്ലെന്ന് കാണിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് 1000 രൂപ പിഴയിട്ട് പൊലീസ്. മുസഫര്‍പൂരിലെ സറൈയയിലായിരുന്നു സംഭവം. ഓട്ടോറിക്ഷകള്‍ക്ക് സീറ്റ്‌ബെല്‍റ്റ് ഇല്ലെന്നിരിക്കെയാണ് അധികൃതരുടെ വഴിവിട്ട നടപടി. പുതിയ മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം കാറുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ലംഘിച്ചാല്‍ പിഴ പത്തുമടങ്ങായാണ് വര്‍ധിപ്പിച്ചത്. നിയമത്തില്‍ ഓട്ടോയെന്ന് പ്രത്യേകമായി പരാമര്‍ശിക്കാതിരിക്കെ ഇത്തരത്തില്‍ നടപടിയുണ്ടാകുന്നത് ഈ വിഭാഗം ഡ്രൈവര്‍മാരെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഇദ്ദേഹം ദരിദ്രനായതിനാല്‍ കുറഞ്ഞ തുകയാണ് പിഴയിട്ടതെന്നാണ് സറൈയ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അജയ് കുമാറിന്റെ വാദം. കാറുകളില്‍ യാത്ര ചെയ്യവെ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ മുന്‍പ് 100 രൂപയായിരുന്നു പിഴ. ഇപ്പോള്‍ ഇത് 1000 ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. റോഡുകള്‍ മോശമായിരിക്കെ വന്‍ തുക പിഴ ചുമത്തുന്നതിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പുതുക്കിയതിന്റെ പകുതി പിഴയാണ് ഈടാക്കുന്നത്. കേരളത്തില്‍ പിഴയീടാക്കുന്നത് ഓണത്തോടനുബന്ധിച്ച് നിര്‍ത്തിവെച്ചിരുന്നു. പിഴത്തുക കുറച്ചുള്ള നിയമഭേഗദതിക്ക് സംസ്ഥാനം ശ്രമം നടത്തിവരികയാണ്.