‘മാവോയിസ്റ്റുകളുടെ മനുഷ്യാവകാശത്തിന് വാദിക്കുന്നത് രാജ്യദ്രോഹം’; അട്ടപ്പാടി കൊലകളില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് ബിജെപി
അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ പൊലീസ് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് ബിജെപി. മാവോവാദികളെ അനുകൂലിച്ചുകൊണ്ട് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവരുന്നത് അങ്ങേയറ്റം അപടകരമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. മാവോവാദികള്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതും മനുഷ്യാവകാശത്തിന്റെ പരിവേഷം ചാര്‍ത്തിക്കൊടുക്കുന്നതും മാവോവാദത്തെ മഹത്വവല്‍ക്കരിക്കുന്നതുമായ നിലപാട് ഏത് മുഖ്യധാരാ പാര്‍ട്ടി സ്വീകരിച്ചാലും മാവോവാദം പോലെ തന്നെ രാജ്യദ്രോഹപരമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ധവളപത്രമിറക്കണം. കോഴിക്കോട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയതിനേയും എംടി രമേശ് ന്യായീകരിച്ചു.
നേരിട്ട് വെടിവെച്ചാല്‍ മാത്രം യുഎപിഎ മതിയോ? മാവോവാദത്തെ അനുകൂലിച്ച് ലഘുലേഖ വിതരണം ചെയ്യുന്നതും നിലപാട് എടുക്കുന്നതും രാജ്യദ്രോഹപരമാണ്.
എം ടി രമേശ്
മാവോവാദികളെ അറസ്റ്റ് ചെയ്ത പൊലീസുകാരെ നിര്‍വീര്യമാക്കുന്ന തരത്തിലും കേസ് ചുമത്തിയത് വലിയ കുറ്റമായി എന്ന രീതിയിലും, അവരുടെ മനോധൈര്യം തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. ഇന്ന് മാവോവാദികളെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുള്ളവരെല്ലാം ബിജെപിക്കെതിരെയാണ് രംഗത്ത് വന്നിട്ടുള്ളതെന്നും എംടി രമേശ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണോ അല്ലയോ എന്നതില്‍ മറുപടി പറയേണ്ടത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. കോഴിക്കോട് യുഎപിഎ ചുമത്തപ്പെട്ട വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നും മാവോ അനുകൂല പുസ്തകങ്ങളും രേഖകളും കിട്ടിയെന്ന് പൊലീസ് പറയുന്നു. അത് വസ്തുതാപരമായി ശരിയാണെങ്കില്‍ അവര്‍ക്കെതിരെ ചുമത്തേണ്ടത് യുഎപിഎ തന്നെയാണ്. ലഘുലേഖ വിതരണം ചെയ്തതില്‍ യുഎപിഎ ഉള്‍പ്പെടുത്തരുതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. നേരിട്ട് വെടിവെച്ചാല്‍ മാത്രം യുഎപിഎ മതിയോ? മാവോവാദത്തെ അനുകൂലിച്ച് ലഘുലേഖ വിതരണം ചെയ്യുന്നതും നിലപാട് എടുക്കുന്നതും രാജ്യദ്രോഹപരമാണ്. മാവോവാദികളെ അറസ്റ്റ് ചെയ്ത പൊലീസുകാരെ നിര്‍വീര്യമാക്കുന്ന തരത്തിലും കേസ് ചുമത്തിയത് വലിയ കുറ്റമായി എന്ന രീതിയിലും അവരുടെ മനോധൈര്യം തകര്‍ക്കുന്ന നിലപാടുകള്‍ സിപിഐഎമ്മും മുഖ്യമന്ത്രിയും സ്വീകരിക്കുന്നത് കള്ളി വെളിച്ചത്തായതുകൊണ്ടാണ്. മുഖ്യമന്ത്രിയുടെ പൊതുനിലപാടിനെ തള്ളിപ്പറയുന്ന മന്ത്രിമാരുള്ള മന്ത്രിസഭയില്‍ കൂട്ടുത്തരവാദിത്തമുണ്ടോ? മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും ഒത്തുകളി നടത്തുകയാണ്. ഇന്ന് മാവോവാദികളെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുള്ളവരെല്ലാം ബിജെപിക്കെതിരെയാണ് രംഗത്ത് വന്നിട്ടുള്ളത്. പുല്‍പ്പള്ളിയിലും ആറളം ഫാമിലും മാവോവാദത്തിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്ന കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നിട്ടുള്ളതാണെന്നും എംടി രമേശ് പറഞ്ഞു.
മാവോയിസ്റ്റുകള്‍ ലോകത്തെ ഏത് ഭീകരവാദികളേക്കാളും അപകടകാരികളാണ്. അവര്‍ ഐഎസും അല്‍ഖ്വെയ്ദയും പോലെ ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭീഷണിയുയര്‍ത്തുന്നവരാണ്. ചില സ്ഥലങ്ങളില്‍ അവര്‍ നേരിട്ട് ആയുധമെടുത്ത് കലാപം നടത്തും ചില സ്ഥലത്ത് തദ്ദേശീയരായ ആളുകളെ ഉപയോഗിപ്പെടുത്തി സായുധ സംഘര്‍ഷമുണ്ടാക്കും. മാവോയിസ്റ്റ് പ്രവര്‍ത്തനം കേരളത്തില്‍ സജീവമാണെന്നാണ് കുറച്ചുനാളുകളായി പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. പാലക്കാട് അട്ടപ്പാടിയിലുണ്ടായ സംഭവം അതുമായി ചേര്‍ത്തുവെച്ചാണ് വായിക്കേണ്ടതെന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു.
രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടയിലും അട്ടപ്പാടിയിലെ മാവോയിസ്റ്റുകള്‍ കൊലകളെ ന്യായീകരിച്ചുകൊണ്ട് പൊലീസ് ഭാഷ്യം ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി. മാവോയിസ്റ്റുകള്‍ക്ക് വല്ലാത്തൊരു പരിവേഷം ചാര്‍ത്തിക്കൊടുക്കാനുള്ള ശ്രമം നടക്കുകയാണെന്നും 'അയ്യാ ലേശം അരി താ' എന്നു പറഞ്ഞു നടക്കുന്നവരല്ല മാവോയിസ്റ്റുകളെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറയുകയുണ്ടായി. ഇന്നലെ നടന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും മുഖ്യമന്ത്രി പൊലീസ് ഭാഷ്യം ആവര്‍ത്തിച്ചു. ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും സ്വയരക്ഷക്ക് വേണ്ടിയാണ് തണ്ടര്‍ബോള്‍ട്ട് വെടിവെച്ചതെന്നും പിണറായി വാദിച്ചു. മജിസ്റ്റിരീയല്‍ റിപ്പോര്‍ട്ട് വന്ന ശേഷം നിലപാട് വ്യക്തമാക്കാനാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം