ഏഷ്യാനെറ്റിനും സുവര്‍ണ ന്യൂസിനും 50 ലക്ഷം പിഴയിട്ട് ബംഗളുരു കോടതി, ദിവ്യ സ്പന്ദനയുടെ മാനനഷ്ട കേസില്‍ നടപടി
കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയും കന്നഡ സിനിമ നടിയുമായ ദിവ്യ സ്പന്ദനയ്ക്ക് എതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ഏഷ്യാനെറ്റിനും സുവര്‍ണ ന്യൂസിനും അമ്പതു ലക്ഷം രൂപ പിഴയിട്ട് ബംബളൂരൂ കോടതി. ദിവ്യ സ്പന്ദനയുടെ മാനനഷ്ട കേസിലാണ് 50 ലക്ഷം ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്കും അവരുടെ കന്നഡ ചാനലായ സുവര്‍ണയും നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്.
2013ലെ ഐപിഎല്‍ വാതുവെയ്പ്പില്‍ ദിവ്യ സ്പന്ദനയ്ക്ക് ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്ത സംപ്രേഷണം ചെയ്തതിനാണ് ചാനലിനെതിരെ കോടതി നടപടി. ഐപിഎല്‍ മല്‍സരങ്ങളിലെ വാതുവെപ്പുമായി ബന്ധപ്പെട്ട് തെളിവില്ലാതെ ഇനിയൊരു വാര്‍ത്തയും ദിവ്യക്കെതിരെ നല്‍കരുതെന്നും ദിവ്യ നല്‍കിയ മാനനഷ്ട കേസില്‍ ബംഗളുരു അഡിഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ഏഷ്യാനെറ്റിനും സുവര്‍ണ ന്യൂസിനും താക്കീത് നല്‍കി.
സ്‌പോട്ട് ഫിക്‌സിംഗ്, മാച്ച് ഫിക്‌സിംഗ് തുടങ്ങിയ വിവാദങ്ങളില്‍ ദിവ്യ സ്പന്ദനയുടെ പേര് പരാമര്‍ശിക്കുന്ന ഒരു വാര്‍ത്തയും തെളിവില്ലാതെ ഇനി നല്‍കരുതെന്നാണ് ജഡ്ജി പാട്ടീല്‍ നാഗലിംഗന ഗൗഡ ഉത്തരവില്‍ പറയുന്നത്.
ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്ന ദിവ്യയുടെ ചിത്രം ആവര്‍ത്തിച്ച് കാണിച്ചുകൊണ്ടാണം 2013 മെയ് മാസത്തില്‍സുവര്‍ണ ന്യൂസ് കോണ്‍ഗ്രസ് നേതാവായ ദിവ്യക്കെതിരായ വാര്‍ത്ത നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്കിന്റെ വാര്‍ത്ത തന്നെ മോശമായി ബാധിച്ചെന്ന് കാണിച്ച് അവര്‍ കോടതിയെ സമീപിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കവെ പ്രചാരണത്തിനിറങ്ങിയ സമയത്തായിരുന്നു വാതുവെപ്പ് വാര്‍ത്ത ചാനല്‍ സംപ്രേഷണം ചെയ്തത്. വാതുവെപ്പുമായി ഒരു വിധത്തിലും ദിവ്യക്ക് ബന്ധമില്ലെന്ന് കോടതി കണ്ടെത്തി. ഇത് സംബന്ധിച്ച കേസില്‍ ഒരിടത്തും ദിവ്യയുടെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് അവരുടെ മാനനഷ്ടപരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് ചാനലുകള്‍ക്ക് കോടതി പിഴവിധിച്ചത്.
ദിവ്യ സ്പന്ദനയെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന നിലയില്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നാണ് ഏഷ്യാനെറ്റിന്റേയും സുവര്‍ണാ ന്യൂസിന്റേയും നിലപാട്. അവര്‍ക്ക് ഒരു നഷ്ടവും സംപ്രേഷണം കൊണ്ടുണ്ടായില്ലെന്നും ചാനല്‍ പ്രതിനിധി വാദിച്ചു. രണ്ട് കന്നഡ താരങ്ങള്‍ക്ക് വാതുവെപ്പില്‍ ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചുവെന്ന് വരെ ചാനല്‍ വാദിച്ചു.
2013ലെ വാതുവെപ്പ് കേസിലാണ് ശ്രീശാന്തിനേയും അജിത് ചന്ദീലയേയും അങ്കീത് ചവാനേയും പൊലീസ് അറസ്റ്റ് ചെയ്തത്.