രാജ്കുമാറിന്റെ ശരീരത്തില്‍ കസേരയിട്ട് ഇരുന്നു,സ്വകാര്യ ഭാഗങ്ങളില്‍ കുരുമുളക് മിശ്രിതം തളിച്ചു ,കാന്താരി അരച്ചുപുരട്ടി
നെടുങ്കണ്ടത്തെ രാജ്കുമാറിന് നേരെ നടത്തിയ മര്‍ദ്ദനമുറകള്‍ ക്രൈബ്രാംഞ്ചിനോട് വെളിപ്പെടുത്തി അറസ്റ്റിലായ പൊലീസുകാര്‍. ഹരിത ഫിനാന്‍സ് തട്ടിപ്പിലൂടെ രാജ്കുമാര്‍ സ്വരൂപിച്ച പണം എവിടെയെന്ന് കണ്ടെത്താനാണ് മര്‍ദ്ദിച്ചതെന്ന് കഴിഞ്ഞദിവസം അറസ്റ്റിലായ റെജിയും നിയാസും വ്യക്തമാക്കി. രാജ്കുമാറിനെ കൂടുതല്‍ മര്‍ദ്ദിച്ച് അവശരാക്കിയത് ഇവരാണെന്ന് ആദ്യം അറസ്റ്റിലായ എസ്‌ഐ സാബുവും പൊലീസ് ഡ്രൈവര്‍ സജീവും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു.
ജൂണ്‍ 12 ന് രാത്രിയിലാണ് മര്‍ദ്ദനം തുടങ്ങിയതെന്ന് റെജിയും നിയാസും മൊഴി നല്‍കി. പണം എവിടെയെന്ന് വെളിപ്പെടുത്താന്‍ രാജ്കുമാര്‍ തയ്യാറായില്ല. ഇതോടെ മുട്ടിന് താഴെ അടിച്ചു. ചൂരല്‍ ഉപയോഗിച്ച് കാല്‍വെള്ളയിലും പ്രഹരിച്ചു. എന്നാല്‍ കുമാര്‍ ഒന്നും പറയാന്‍ കൂട്ടാക്കിയില്ല. ഇതോടെ 13,14 തിയ്യതികളിലും മര്‍ദ്ദനം തുടര്‍ന്നു. 3 കുപ്പി കുരുമുളക് സ്‌പ്രേ ഇയാളുടെ സ്വകാര്യ ഭാഗങ്ങളില്‍ അടിച്ചു. പിന്നീട് കാന്താരി അരച്ചുപുരട്ടിയെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. സ്റ്റേഷനില്‍ നിന്ന് കാന്താരി മുളകും ഇടിച്ചു ചതച്ച അരക്കല്ലും കണ്ടെടുത്തിട്ടുണ്ട്.
ഇത്രയൊക്കെ മര്‍ദ്ദനം നേരിട്ടിട്ടും കുമാര്‍ സത്യം പറഞ്ഞില്ലെന്നും ഇതോടെ ഇയാളുടെ ശരീരത്തിന് മുകളില്‍ നിയാസ് കസേരയിട്ടിരുന്നെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. വിശ്രമ മുറിയിലെ തറയില്‍ കിടത്തി മര്‍ദ്ദിച്ചപ്പോഴാണ് കുമാറിന്റെ കാല്‍മുട്ടിന് പരിക്കേറ്റത്. ഇതോടെയാണ് തിരുമ്മുകാരനെ എത്തിച്ച് ഉഴിച്ചില്‍ നടത്തിയത്. കുമാറില്‍ നിന്ന് പിടിച്ചെടുത്ത 72,500 രൂപയില്‍ നിന്ന് തിരുമ്മുകാരന് നിയാസ് 300 രൂപ നല്‍കുകയും ചെയ്തു. ഇരുവരെയും എത്തിച്ച് സ്റ്റേഷനില്‍ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി.