സ്ഥിരം മദ്യപര്‍ക്ക് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യണമെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറിയെ പുറത്താക്കി യൂത്ത് ലീഗ്
സ്ഥിരം മദ്യപര്‍ക്ക് റേഷന്‍ കടകള്‍ വഴിയോ മറ്റേതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയോ മദ്യത്തിന്റെ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട ജില്ലാ സെക്രട്ടറിയെ തല്‍ സ്ഥാനത്ത് നിന്ന് നീക്കി മുസ്ലിം യൂത്ത് ലീഗ്. മലപ്പുറം ജില്ലാ സെക്രട്ടറി ഗുലാം ഹസന്‍ ആലംഗീറിനെയാണ് അന്വേഷണവിധേയമായി ചുമതലയില്‍ നിന്ന് നീക്കിയത്. ഇക്കാര്യം സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചതിനാണ് നടപടിയെന്ന് പികെ ഫിറോസ് അറിയിച്ചു. പാര്‍ട്ടി നിലപാടല്ല ഗുലാം ഹസന്‍ ആലംഗീര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതെന്നുമായിരുന്നു പികെ ഫിറോസിന്റെ പ്രതികരണം.
കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തെ ബെവ്‌റേജസ് വില്‍പ്പന കേന്ദ്രങ്ങള് അടച്ചത്. റേഷന്‍ കടകള്‍ വഴിയോ മറ്റേതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയോ സ്ഥിരം മദ്യപാനികള്‍ക്ക് മദ്യം എത്തിക്കണമെന്നായിരുന്നു ഗുലാം ഹസന്റെ ആവശ്യം. ബെവ്‌റേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ച് മദ്യലഭ്യത സര്‍ക്കാര്‍ അപ്പാടെ ഇല്ലാതാക്കിയെന്നും അതുവഴി ഉണ്ടാകാനിടയുള്ള എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്വം പ്രതിപക്ഷകക്ഷികളുടെ മേല്‍ കെട്ടിവെയ്ക്കാനുള്ള കുത്സിത നീക്കമാണെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഇദ്ദേഹം ആരോപിച്ചിരുന്നു.അതേസമയം ക്ഷമ ചോദിച്ച് പിന്‍വലിച്ച പോസ്റ്റിനെ ന്യായീകരിക്കാനില്ലെന്നാണ് ഗുലാം ഹസന്‍ ആലംഗീറിന്റെ പ്രതികരണം.