'പിണറായി വക കമ്മ്യൂണിസ്റ്റ് പാഠശാല'യെന്ന് ബാനര്‍; കണ്ണൂര്‍ സര്‍വകലാശാലയിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വൈസ് ചാന്‍സലറെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് പോലീസ് സര്‍വകലാശാലയുടെ പ്രധാന കവാടത്തിന് മുന്നില്‍ ബാരിക്കേഡ് കെട്ടി തടഞ്ഞു. അതേസമയം, നിയമന വിവാദത്തില്‍ വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല. സര്‍വകലാശാല കവാടത്തിന് മുന്നില്‍ 'പിണറായി വക കമ്മ്യൂണിസ്റ്റ് പാഠശാല' എന്നെഴുതിയ ബാനര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചു.
തന്‍റെ നിയമനം നിയമപരമല്ലെങ്കില്‍ ഗവര്‍ണര്‍ എങ്ങനെ അതില്‍ ഒപ്പിട്ടുവെന്നാണ് ഗോപിനാഥ് രവീന്ദ്രന്‍ നേരത്തെ ചോദിച്ചിരുന്നത്. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അനധികൃതമായി ഇടപെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു.