ഇതരമതത്തിലുള്ളവര്‍ക്ക് ക്ഷേത്രത്തിലെന്ത് കാര്യമെന്ന് ചോദിച്ച് മര്‍ദനം; എസ്.ഐക്കെതിരെ യുവാക്കളുടെ പരാതി

ഇതരമതത്തിലുള്ളവര്‍ക്ക് ക്ഷേത്രത്തിലെന്ത് കാര്യമെന്ന് ചോദിച്ച് മര്‍ദനം; എസ്.ഐക്കെതിരെ യുവാക്കളുടെ പരാതി
Published on

ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് വെച്ച് പൊലീസ് മര്‍ദിച്ചുവെന്ന പരാതിയുമായി യുവാക്കള്‍. ഇതരമതത്തിലുള്ളയാള്‍ക്ക് ക്ഷേത്രത്തില്‍ എന്താണ് കാര്യമെന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്ന് യുവാക്കള്‍ ആലുവ റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നവംബര്‍ 1ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഒരു അഭിമുഖത്തിനായി കൊച്ചിയിലെത്തിയ കോഴിക്കോട് സ്വദേശി മിഥുന്‍, സുഹൃത്തായ കൊല്ലം സ്വദേശി സെയ്ദാലി എന്നിവര്‍ക്കാര്‍ മര്‍ദനമേറ്റത്. അഭിമുഖത്തിന് പോകുന്നതിന് മുമ്പ് ചോറ്റാനിക്കര ക്ഷേത്രത്തില്‍ പോകണം എന്ന് മിഥുന്‍ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു സെയ്ദാലിയും ഒപ്പം എത്തിയത്. നടയടച്ചതിനാല്‍ എറണാകുളത്തേക്ക് മടങ്ങാനൊരുങ്ങി വാഹനം കാത്ത് നില്‍ക്കവെയാണ് പൊലീസ് വാഹനം എത്തിയത്.

പേര് ചോദിച്ച എസ്.ഐ, ഇതരമതത്തിലുള്ളയാള്‍ക്ക് എന്താണ് ക്ഷേത്രത്തില്‍ കാര്യം എന്ന് ചോദിച്ചാണ് മര്‍ദിച്ചതെന്ന് സെയ്ദാലി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. സുഹൃത്തിനൊപ്പം വന്നതാണെന്ന് പറയുകയും, അഭിമുഖത്തില്‍ പങ്കെടുക്കാനുള്ളതിന്റെ രേഖകള്‍ കാണിക്കുകയും ചെയ്തിട്ടും തന്നെ തെറിവിളിക്കുകയും, മുഖത്ത് അടിക്കുകയും ചെയ്തുവെന്നും സെയ്ദാലി പറഞ്ഞു. ഇതുകണ്ട് അവിടേക്കെത്തിയ മിഥുനെയും പൊലീസ് മര്‍ദിച്ചു.

അവിടെയെത്തിയ നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനെയും വാര്‍ഡ് മെമ്പറെയും വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് യുവാക്കളെ ആശുപത്രിയിലെത്തിച്ചത്. ആദ്യം തൃപ്പൂണിത്തുറ ആശുപത്രിയിലെത്തിയ യുവാക്കളെ, ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ച് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in