കേരളത്തിനെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് ഉത്തരവാദിത്തമാണെന്നാണ് യോഗി പറഞ്ഞത്.
'' ഈ ആളുകള്‍ ബംഗാളില്‍ നിന്ന് വന്ന് ഇവിടെ അരാജകത്വം സൃഷ്ടിക്കുകയാണ്. നിങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷിതത്വവും ബഹുമാനവും മറ്റുചിലര്‍ തടസ്സപ്പെടുത്താന്‍ വന്നിരിക്കുകയാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ജനങ്ങളെ അറിയിക്കേണ്ടത് അനിവാര്യമാണ്. അത്തരം മുന്നറിയിപ്പ് നല്‍കേണ്ടത് ഉത്തരവാദിത്തണമാണ്,'' എന്നാണ് എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആദിത്യനാഥ് പറഞ്ഞത്.
സൂക്ഷിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളവും പശ്ചിമ ബംഗാളും കശ്മീരും ആയി മാറുമെന്നായിരുന്നു ഒന്നാം ഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പായി ആദിത്യനാഥ് പറഞ്ഞത്. പരാമര്‍ശത്തില്‍ ആദിത്യനാഥിനെതിരെ കേരളത്തിലെ ഭരണ പ്രതിപക്ഷ നേതൃത്വങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വന്നിരുന്നു. കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ആദിത്യനാഥിന് മറുപടി നല്‍കിയിരുന്നു.
കേരളത്തിലും പശ്ചിമ ബംഗാളിലും നടക്കുന്നത് പോലെയുള്ള ആക്രമണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും മറ്റേതെങ്കിലു സംസ്ഥാനങ്ങളില്‍ നടന്നിട്ടുണ്ടോ എന്ന് ആദിത്യനാഥ് ചോദിച്ചു. അഞ്ച് വര്‍ഷത്തില്‍ ഉത്തര്‍പ്രദേശില്‍ എന്തെങ്കിലും കലാപം നടന്നോ? എന്നും ആദിത്യനാഥ് എ.എന്‍.ഐ അഭിമുഖത്തില്‍ പറഞ്ഞു. യു.പി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് സമാധാനപരമായാണ് നടന്നതെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.