പ്രാണപ്രതിഷ്ഠ നടത്തിയിട്ട് ആറു മാസം; അയോധ്യയിലെ രാമക്ഷേത്രം ചോര്‍ന്നൊലിക്കുന്നുവെന്ന് മുഖ്യപുരോഹിതന്‍

പ്രാണപ്രതിഷ്ഠ നടത്തിയിട്ട് ആറു മാസം; അയോധ്യയിലെ രാമക്ഷേത്രം ചോര്‍ന്നൊലിക്കുന്നുവെന്ന് മുഖ്യപുരോഹിതന്‍
Published on

അയോധ്യയിലെ രാമക്ഷേത്രത്തില്‍ ചോര്‍ച്ചയുണ്ടെന്ന് മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. ആറു മാസം മുന്‍പ് ജനുവരി 22നായിരുന്നു രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തിയത്. നിരവധി എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ചോര്‍ച്ചയുണ്ടായത് അതിശയിപ്പിക്കുകയാണെന്ന് മുഖ്യപുരോഹിതന്‍ പറഞ്ഞു. മണ്‍സൂണ്‍ മഴ ആരംഭിച്ചതോടെയാണ് ചോര്‍ച്ച കണ്ടെത്തിയത്. രാംലല്ലയുടെ പ്രതിഷ്ഠയുള്ള പ്രധാന ശ്രീകോവിലിന്റെ മേല്‍ക്കൂരയാണ് ചോര്‍ന്നൊലിക്കുന്നത്.

ആദ്യ മഴയില്‍ തന്നെ ഇവിടെ ചോര്‍ച്ച തുടങ്ങി. ഇവിടെയെന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം, പോരായ്മ തിരിച്ചറിയണം. ക്ഷേത്രത്തില്‍ നിന്ന് വെള്ളം പുറത്തേക്ക് കളയാന്‍ മാര്‍ഗ്ഗമൊന്നും ഇല്ല. ശരിയായ ഡ്രെയിനേജ് സൗകര്യമില്ലാതെയാണ് നിര്‍മാണമെന്ന് മുഖ്യപുരോഹിതന്‍ കുറ്റപ്പെടുത്തി. മഴ ശക്തമാകുകയാണെങ്കില്‍ പ്രതിഷ്ഠയ്ക്ക് സമീപം വെള്ളക്കെട്ടുണ്ടാകുമെന്നും ആരാധന നടത്താന്‍ പോലും ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് വളരെ ഗൗരവമുള്ള കാര്യമാണെന്നും സത്യേന്ദ്ര ദാസ് കൂട്ടിച്ചേര്‍ത്തു.

അടുത്ത വര്‍ഷം ജൂലൈയില്‍ ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ പ്രധാന ശ്രീകോവിലില്‍ ചോര്‍ച്ച കണ്ടെത്തിയ സാഹചര്യത്തില്‍ നിര്‍മാണത്തില്‍ സൂക്ഷ്മത വേണമെന്ന് മുഖ്യ പുരോഹിതന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്നും നിര്‍മാണത്തില്‍ അന്വേഷണം വേണമെന്നുമാണ് ആവശ്യം. ഇതോടെ അടുത്ത വര്‍ഷം ജൂലൈയില്‍ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന സംശയവും ഉയരുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in