വൈക്കം മുഹമ്മദ് ബഷീർ മുതൽ ബാബാസാഹേബ് അംബേദ്കർ വരെ നിരവധി റിയൽ ലൈഫ് ലെജൻഡുകളെ മമ്മൂട്ടി സ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. ബോളിവുഡ് കഴിഞ്ഞാൽ ഏറ്റവും വലിയ സിനിമാ ഇൻഡസ്ട്രിയായ ടോളിവുഡ് ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയെ അവതരിപ്പിക്കാൻ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ ക്ഷണിച്ചത് എന്തുകൊണ്ടായിരിക്കാം ? ഒറ്റവട്ടമല്ല യാത്രയെന്ന സിനിമയുടെ ഒന്നാം ഭാഗത്തിലും രണ്ടാംഭാഗത്തിലും മമ്മൂട്ടി ഒരേ കഥാപാത്രമായി എത്തി. ഇന്ത്യയിലെ മികച്ച അഭിനേതാക്കളിൽ ഒരാളെന്നതും വൈ.എസ്. ആർ എന്നവൈ.എസ്. രാജശേഖര റെഡ്ഡിയെന്ന രാഷ്ട്രീയ നേതാവിന് മമ്മൂട്ടിയുടെ രൂപവുമായി സാമ്യമുണ്ടായിരുന്നുവെന്നതും ഈ കഥാപാത്രത്തിലേക്ക് മലയാളത്തിന്റെ മഹാനടനെ ക്ഷണിക്കാൻ കാരണങ്ങളായിട്ടുണ്ട്. അതിനെല്ലാമപ്പുറം മറ്റൊരു പ്രധാന കാരണമുണ്ട്. തെലുങ്ക് സിനിമയുടെ സൂപ്പർ-മെഗാ താരങ്ങളുടെ എതിർചേരിയിലുള്ള ഒരു സമുന്നത നേതാവാകാൻ യാത്ര സിനിമയുടെ അണിയറക്കാർക്ക് ഇന്ത്യൻ സിനിമയിലെ തന്നെ അതിഗംഭീര നടനെ മുന്നിൽ വേണമായിരുന്നു.
യെദുഗുരി സന്ദിഗ്ദി രാജശേഖര റെഡ്ഡി എന്ന ഞാൻ നിയമം വഴി സ്ഥാപിതമായ...,, മമ്മൂട്ടിയുടെ നായക കഥാപാത്രം വലിയൊരു ജനസാഗരത്തിന് മുന്നിൽ ഇങ്ങനെ തുടങ്ങുന്നൊരു സത്യപ്രതിഞ്ജയിലേക്ക് കടക്കുന്നു. വൈ.എസ്.ആർ എന്ന മമ്മൂട്ടിയുടെ സ്ക്രീൻ കാരക്ടറിൽ നിന്ന് വൈ.എസ്. രാജശേഖര റെഡ്ഡിയെന്ന ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയുടെ യഥാർത്ഥ വീഡിയോ ഫുട്ടേജിലേക്ക് വിഷ്വലുകൾ മാറുന്നു. യാത്ര സിനിമ ടെയ്ൽ എൻഡിലെത്തുമ്പോൾ ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട വൈ.എസ്.ആറിന്റെ വിലാപയാത്ര കാണാം. അവിടെ നിന്ന് മകൻ ജഗൻ മോഹൻ റെഡ്ഡി കണ്ണീരണിഞ്ഞ് അണികളെ അഭിസംബോധന ചെയ്യുന്നിടത്ത് സിനിമ അവസാനിക്കുന്നു. വൈ.എസ് ആറിൽ നിന്ന് പിൻഗാമിയായ ജഗന്റെ ഉദയവും ഉയർച്ചയും കാണിച്ചാണ് യാത്ര അവസാനിക്കുന്നത്. സിനിമയ്ക്ക് പ്രേക്ഷകരെ സ്വാധീനിക്കാൻ കഴിയുമോ എന്നത് പലകാലങ്ങളായുള്ള ചോദ്യമാണ്. ഉത്തരത്തിന് പല പക്ഷങ്ങൾ ഉണ്ടായേക്കാം. പക്ഷെ ഒരു സംസ്ഥാനത്തിന്റെ ഭരണമാറ്റത്തിന് വഴിയൊരുക്കിയ പല കാരണങ്ങളിലൊന്ന് മഹി വി.രാഘവ് സംവിധാനം ചെയ്ത യാത്രയെന്ന മമ്മൂട്ടി ചിത്രമായിരുന്നു.
ബാലയ്യയും, ചിരഞ്ജീവിയും,നാഗാർജുനയും പവൻ കല്യാണുമൊക്കെ സൂപ്പർ-മെഗാ താരങ്ങളായി വിലസുന്ന തെലുങ്ക് സിനിമാ ഇൻഡസ്ട്രി.തെലുഗ് രാഷ്ട്രീയത്തിലെ അതികായകനായ രാഷ്ട്രീയ നേതാവിനെ അവതരിപ്പിക്കാൻ കേരളത്തിൽ നിന്ന് മമ്മൂട്ടിയെ ക്ഷണിക്കുന്നു. കഥാപാത്രത്തിന്റെ പേരോ , ആന്ധ്രയുടെ വൈഎസ്ആർ ഗാരു. കൃത്യം പറഞ്ഞാൽ 2019 ലാണ് യാത്ര എന്ന തെലുഗ് ചിത്രം റിലീസ് ചെയ്യുന്നത്.വൈഎസ്ആറിന്റെ വേഷത്തിൽ,മുഖ്യമന്ത്രി വേഷത്തിൽ,വര്ഷങ്ങള്ക്കു ശേഷം തെലുങ്കിലേക്കെത്തുന്ന മമ്മൂട്ടി അതായിരുന്നു യാത്രയെ പറ്റി മലയാളി ആരാധകരിലുള്ള സന്തോഷവും ആകാംക്ഷയുമെല്ലാം.മമ്മൂട്ടി പറഞ്ഞ് വെച്ച ഓരോ തെലുങ്ക് ഡയലോഗുകൾക്കപ്പുറം അദ്ദേഹത്തിന്റെ പ്രകടനങ്ങൾക്ക്പുറം മലയാളികൾക്ക് ആ സിനിമ ഒരു ബിയോപിക്ക് മാത്രമായിരുന്നു പക്ഷെ ഇതേ ചിത്രം അങ്ങ് ടോളിവുഡിൽ, ആന്ധ്രയെന്ന സംസ്ഥാനത്ത് വെറുമൊരു ബിയോപിക്ക് മാത്രമല്ല അതിനപ്പുറം ഭരണകക്ഷിക്ക് ലോക്സഭാ ഇലക്ഷന് മുന്നോടിയായുള്ള പ്രധാന പ്രചരണ തന്ത്രങ്ങളിലൊന്നാണ്. വൈ.എസ്.ആർ. കോൺഗ്രസ് എന്ന ആന്ധ്രയിലെ പ്രായം കുറഞ്ഞൊരു രാഷ്ട്രീയ പാർട്ടിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിച്ചതിൽ വൈ.എസ്.ആർ എന്നൊരു വൈകാരിക സംഗതിയുണ്ട്. യാത്ര ഫസ്റ്റ് പാർട്ടിലും സെക്കൻഡ് പാർട്ടിലും ഉള്ളടക്കമായുള്ളത് വൈ.എസ്.ആർ എന്ന വൈകാരികതയാണ്. തെലുങ്ക് രാഷ്ട്രീയ നിരീക്ഷകരുടെ വാക്കുകളിൽ ഇലക്ഷനെ വൈ.എസ്.ആർ കോൺഗ്രസിന്റെ അമരത്തുള്ള ജഗൻ മോഹൻ റെഡ്ഡിക്ക് യാത്ര സെക്കൻഡ് വലിയൊരു രാഷ്ട്രീയ ആയുധം കൂടിയാണ്.
തമിഴ്നാട് പൊളിറ്റിക്സിനെ പറ്റി പറയുമ്പോൾ എടുത്തു പറയപ്പെടുന്ന രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധം ഇവിടെയും റിപീറ്റ് ചെയപെടുന്നുണ്ട്. അതിന്റെ ഉദാഹരണങ്ങളാണ് എൻടിആറും ചിരഞ്ജീവിയുമെല്ലാം. 2019 ൽ ഇറങ്ങിയ യാത്ര 1 , വൈഎസ്ആർനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെയും വൈകാരിക തലങ്ങളിലൂടെ ജനങ്ങളെ സ്പർശിക്കുകയാണെങ്കിൽ, തമിഴ് നടൻ ജീവ പ്രധാന കഥാപാത്രമാകുന്ന യാത്ര 2 വൈഎസ്ആർന്റെ മകനായ വൈ.എസ്. ജഗന്മോഹൻ റെഡ്ഡിയെ ആന്ധ്രയുടെ നായകനായി അവതരിപ്പിക്കുന്ന സിനിമയാണെന്നാണ് സൂചനകൾ. പുറത്തുവന്ന ടീസറും ട്രെയിലറുമെല്ലാം ജഗന്റെ ജനകീയതയെ വിശദീകരിക്കുന്ന സീനുകളാൽ സമ്പന്നമാണ്.
അച്ഛന്റെ ആദർശം പിന്തുടരുന്ന സാധാരണ മനുഷ്യർക്കായി ജീവിതം മാറ്റി വെക്കുന്ന രാഷ്ട്രീയ നേതാവ് എന്നതാണ് ട്രെയ്ലറിൽ നിന്ന് ചിത്രത്തെ പറ്റി കിട്ടുന്ന കോണ്ടെസ്ട്. പണമോ ബോക്സ് ഓഫീസിൽ ഹിറ്റോ അല്ല ഇത്തരത്തിലുള്ള ചിത്രങ്ങൾ മുൻപിലേക്ക് വെക്കുന്നത്, ഇമോഷണൽ ഡയലോഗുകൾ ഉപയോഗിച്ച് ജനങ്ങളിൽ അതിതീവ്രമായ വികാരങ്ങൾ ഉണ്ടാക്കി പോളിങ് ബൂത്തിലേക്ക് പോകുന്ന ഓരോ വ്യക്തികളെയും തന്റെ പേരിന് നേരെ കുത്താൻ തയാറെടുപ്പിക്കുക. അത് തന്നെയാണ് യാത്ര പോലെയുള്ള സിനിമകളിൽ നിന്നുള്ള പ്രതീക്ഷകൾ. പ്രശസ്ത ചലച്ചിത്ര സംവിധായകനും നിർമ്മാതാവും ആർജിവി മുൻപ് നിർമ്മിച്ച ചിത്രങ്ങളായ "ലക്ഷ്മിസ് എൻടിആർ", "അമ്മ രാജ്യമോ കടപ ബിദ്ദാലു" എന്നിവ ടിഡിപി തലവൻ എൻ ചന്ദ്രബാബു നായിഡുവിനെ നെഗറ്റീവ് ഷേഡിൽ കാണിക്കുകയും അതുവഴി വൈഎസ്ആർ കോൺഗ്രസ്സിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്തിരുന്നു. പിന്നീട് മഹി വി രാഘവ് ഡയറക്റ്റ് ചെയ്ത യാത്രയും 2019 ഇലക്ഷനിൽ ജഗനെയും വൈഎസ്ആർ കോൺഗ്രസിനെയും വിജയത്തിലേക്ക് നയിക്കാൻ സഹായിച്ചിട്ടുണ്ട്. സംവിധായകൻ ചിത്രം പ്രോപഗണ്ട അല്ല എന്ന് പറയുമ്പോഴും ഇലക്ഷൻ തൊട്ട് മുൻപുള്ള ചിത്രീകരണവും റിലീസുമൊക്കെ ഈ വാദത്തെ പൊളിച്ചുകളയും. ആദ്യഭാഗം നിയമസഭാ ഇലക്ഷന് മുമ്പ് തൊട്ടുമുമ്പും രണ്ടാം ഭാഗം 2024ലെ നിയമസഭാ-ലോക്സഭാ ഇലക്ഷന് തൊട്ടുമുമ്പും.
ഇനി ചിത്രത്തിലേക്കും ചിത്രം എങ്ങനെയാണ് അവിടുത്തെ പൊളിറ്റിക്കൽ സിറ്റുവേഷൻനെയും ഇന്ഫ്ലുവെൻസ് ചെയ്യുന്നതെന്നും നോക്കാം.
"എനിക്ക് മനസിലാവുന്നുണ്ട് ഞാനുണ്ട് കൂടെ" യാത്ര 1 ലെ ഡയലോഗാണ് ഇത്. ചന്ദ്രബാബു നായിഡുവിന്റെ ഭരണത്തിന് കീഴിൽ ടെകിലും ഐടി യിലും വളർച്ച നേടിയ നാട്ടിൽ അവിടുത്തെ ഭൂരിഭാഗം വരുന്ന കർഷകരെയും അവരുടെ ദുരിതങ്ങളേയും പരിഗണിക്കാൻ കഴിയാതെ പോയി, ആ കാലത്താണ് വൈഎസ്ആർ സംസ്ഥാനത്തെ കൊടിയ വരൾച്ചയെയും കർഷകരെയും അഭിസംബോധന ചെയ്‌തുകൊണ്ട് ഒരു പദയാത്ര നടത്തുന്നത്. അവിടെ നിന്നാണ് വൈഎസ്ആർ എന്ന രാഷ്ട്രീയ നായകന്റെ ഉയർച്ച. ആന്ധ്രയുടെ ജനപ്രിയനായ നേതാവ് വൈഎസ്ആർനെ പിന്നീടൊരിക്കലും ജനങ്ങൾ കൈവിട്ടതെ ഇല്ല. മുഖ്യമന്ത്രിയായിരിക്കെ തന്നെയാണ് വൈഎസ്ആർ ഒരു ഹെലികോപ്റ്റർ അപകടത്തിൽ മരണപെടുന്നതും.അന്ന് തങ്ങളുടെ പ്രിയപ്പെട്ട വൈഎസ്ആർ ഗാരുവിനെ ഒരു നോക്ക് കാണാൻ എത്തിയത് മഹാജനാവലിയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദക്ഷിണഇന്ത്യയിലെ ഏറ്റവും വലിയ ഒരു മുഖം കൂടിയാണ് അന്ന് നഷ്ടമായത്. അന്ന് അച്ഛന്റെ ശരീരത്തോട് ചേർന്നിരുന്നു ആ വിലാപയാത്രയിൽ കൈകൾ കൂപ്പി ജങ്ങളോട് നന്ദി പറഞ്ഞിരുന്ന മുഖമായിരുന്നു മകനായ ജഗന്മോഹൻ റെഡ്‌ഡിയുടേത്.
അന്ന് ജഗൻ രാഷ്ട്രീയത്തിലേക്കിറങ്ങിയിട്ടില്ല ഇന്ത്യയിലെ തന്നെ കോടീശ്വരന്മാരിൽ ഒരാൾ എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിലും ബംഗ്ലാവുകളും സ്ഥലങ്ങളും ഉള്ള ഒരു പെർഫെക്റ്റ് ബിസിനസ് ഐക്കൺ അത് മാത്രമായിരുന്നു ജഗൻ അന്ന്. എന്നാൽ അച്ഛന്റെ മരണത്തിനു ശേഷം രാഷ്ട്രീയത്തിലേക്കിറങ്ങാൻ തീരുമാനിച്ച ജഗനെ കാത്തിരുന്നത് ഹൈ കമന്റിന്റെ മുഖത്തടിച്ചു പോലെയുള്ള പ്രതികരണമായിരുന്നു. വൈഎസ്ആറിന്റെ മകനെന്ന പരിഗണനയൊന്നും ജഗൻ നല്കാൻ സോണിയയോ കൂട്ടരോ തയാറായിരുന്നില്ല, പകരം മുഖ്യമന്ത്രിയായി കെ റോസയ്യയെ നിർദേശിക്കാൻ തീരുമാനമായി.വൈഎസ്ആറിന്റെ ഭാര്യയായ വിജയമ്മയും മകൾ ശര്മിളയും അന്ന് സോണിയ ഗാന്ധിയെ കാണാൻ ഡൽഹിയിലേക്ക് പോയിരുന്ന സമയമാണ്, അച്ഛനെ പോലെ തന്നെ ഒടർപ് എന്ന പദയാത്ര നടത്തി ജനപ്രീതി നേടാൻ ഇറങ്ങിത്തിരിച്ചിരുന്ന ജഗനെ വിമർശിക്കുകയും ഉടൻ തന്നെ യാത്ര നിർത്തി വെക്കണമെന്നും സോണിയ അന്ന് കടുത്ത ഭാഷയിൽ സംസാരിക്കുകയും ചെയുന്നു. വൈഎസ്ആറുമായി അടുത്ത സൗഹൃദം വച്ചിരുന്ന സോണിയിൽ നിന്ന് ഇത്തരത്തിൽ ഒരു പെരുമാറ്റം അന്ന് വിജയമ്മ പ്രതീക്ഷിച്ചിരുന്നില്ല. അപമാനിതരായി ഇറങ്ങിയ വൈഎസ്ആർ കുടുംബത്തിന്റെ പ്രതികാരം തന്നെയായിരുന്നു പിന്നീട് ജഗൻ ആന്ധ്രയിൽ കോൺഗ്രസ് പിളർത്തിയതും വൈ.എസ്.ആർ കോൺഗ്രസ് രൂപീകരിച്ചതും,പിന്നീട് കോൺഗ്രസിന് ആന്ധ്രയിൽ നില ഉറപ്പിക്കാൻ കഴിയാതെപോയതും,വര്ഷങ്ങള്ക്കിപ്പുറം ജഗൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയതുമൊക്കെ.
ജഗനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കുവാനായും വൈഎസ്ആർ തരംഗം വര്ഷങ്ങള്ക്കിപ്പുറവും, ഉണർത്തുക എന്ന ഉദ്ദേശവുമാണ് യാത്ര എന്ന ചിത്രത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഇന്നിതാ സംസ്ഥാനം വീണ്ടും 2024ൽ ഇലക്ഷനായി ഒരുങ്ങുമ്പോൾ ജഗന്റെ ജനപ്രീയത്തെയും വൈഎസ്ആർ തരംഗവും എല്ലാം ചേർത്ത് യാത്ര 2 ഫെബ്രുവരി 8 ന് പുറത്തുവരുന്നു. ചിത്രം പൊളിറ്റിക്കൽ പ്രോപഗണ്ടക്ക് അപ്പുറം മറ്റൊന്നും ഉയർത്തിക്കാട്ടാൻ പോകുന്നിലെന്നു ഇപ്പോൾ തന്നെ വിലയിരുത്തലുകൾ ഉണ്ട്. എന്തായാലും ചിത്രത്തിലെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ജഗനും വില്ലൻ പരിവേഷത്തിൽ നിൽക്കുന്ന സോണിയയും കൂട്ടരും ചന്ദ്രബാബു നായിഡുവുമൊക്കെ ജനങ്ങളെ ജഗനൊപ്പം നിർത്തുമോ ഇല്ലയോ എന്ന് കണ്ടറിയേണ്ടതുണ്ട്.