താലിബാന്‍ സംഘത്തില്‍ മലയാളികളുണ്ടോ എന്ന സംശയമുന്നയിച്ച് വീഡിയോ പങ്കുവെച്ച ശശി തരൂര്‍ എം.പിക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍. തരൂര്‍ പങ്കുവെച്ച വീഡിയോ പലതവണ കേട്ടുവെന്നും, അതില്‍ മലയാളം പറയുന്നില്ലെന്നും എന്‍.എസ്.മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. എന്തിനാണ് മലയാളികളെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയ ശേഷം സന്തോഷം കൊണ്ട് കരയുന്ന താലിബാന്‍ സൈനികരുടെ ദൃശ്യമായിരുന്നു കൂട്ടത്തില്‍ മലയാളികളുണ്ടോ എന്ന സംശയവുമായി തരൂര്‍ പങ്കുവെച്ചത്. വീഡിയോയില്‍ സംസാരിക്കട്ടെ എന്ന് ഒരാള്‍ പറയുന്നതായും, ഇതില്‍ നിന്ന് രണ്ട് മലയാളികള്‍ താലിബാന്‍ സംഘത്തില്‍ ഉണ്ടെന്നാണ് മനസിലാകുന്നതെന്നും തരൂര്‍ അവകാശപ്പെട്ടിരുന്നു.
'ഈ വീഡിയോ പല തവണ കേട്ടു. ഇയാള്‍ 'സംസാരിക്കട്ടെ' എന്ന് പറയുന്നില്ല. അറബിയില്‍ ഹോളി വാട്ടര്‍ എന്നര്‍ത്ഥം വരുന്ന സംസം എന്നോ, തമിഴില്‍ ഭാര്യ എന്നര്‍ത്ഥം വരുന്ന സംസാരം എന്നോ മറ്റോ ആണ് പറയുന്നത്. അല്ലെങ്കില്‍ അയാള്‍ തന്റെ ഭാഷയില്‍ എന്തോ ആണ് പറയുന്നത്. ഈ വാക്കാണ് എം.പിയെ പ്രേരിപ്പിച്ചതെങ്കില്‍, എന്തിനാണ് മലയാളികളെ ഇതിലേക്ക് വലിച്ചിഴക്കുന്നത്.' ട്വീറ്റില്‍ എന്‍.എസ്.മാധവന്‍ ചോദിക്കുന്നു.
അതേസമയം വീഡിയോയില്‍ സംസാരിക്കുന്നത് മലയാളമാണോ എന്ന സംശയം ഉയര്‍ന്നതോടെ വിശദീകരണവുമായി വീഡിയോ പങ്കുവെച്ച റമീസ് എന്നയാള്‍ രംഗത്തെത്തി. വീഡിയോയില്‍ കേള്‍ക്കുന്നത് മലയാളമല്ലെന്നും, അഫ്ഗാനിലെ സാഹുള്‍ പ്രവശ്യയില്‍ താമസിക്കുന്നവര്‍ സംസാരിക്കുന്ന ബ്രാവി എന്ന ഭാഷയാണെന്നുമായിരുന്നു ഇയാളുടെ വിശദീകരണം.
ഇതിന് പിന്നാലെ വിശദീകരണവുമായി വീണ്ടും തരൂര്‍ രംഗത്തെത്തിയിരുന്നു. താലിബാനിനെ മലയാളി സാന്നിധ്യം സംബന്ധിച്ച തന്റെ ട്വീറ്റിനെ വിമര്‍ശിച്ച എല്ലാവരും, അഫ്ഗാനിസ്ഥാന്‍ ജയിലുകളില്‍ നിന്ന് മോചിതരായവരെ ശ്രദ്ധിക്കുമെന്ന് ഉറപ്പുണ്ടെന്നായിരുന്നു തരൂരിന്റെ മറുപടി.