'ഇത് സ്വയം നശിക്കാനുള്ള വഴിയാണ്'; കേരളത്തിലെ തുടര്‍ഭരണം സിപിഎമ്മിന് ദോഷം ചെയ്യുമെന്ന് അരുന്ധതി റോയ്

'ഇത് സ്വയം നശിക്കാനുള്ള വഴിയാണ്'; കേരളത്തിലെ തുടര്‍ഭരണം സിപിഎമ്മിന് ദോഷം ചെയ്യുമെന്ന് അരുന്ധതി റോയ്
Published on

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ഭരണത്തിലെത്തിയത് ഇടതുപക്ഷത്തിന് തന്നെ ദോഷം ചെയ്യുമെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്.

പശ്ചിമ ബംഗാളിലെ പോലെ കേരളത്തില്‍ സിപിഎം പുറത്ത് പോകാത്തത് ഇവിടുത്തെ ജനങ്ങള്‍ അതിന് അതിനനുവദിക്കാത്തതുകൊണ്ടാണെന്നും അരുന്ധതി റോയ് പറഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.

'ഓരോ അഞ്ചു വര്‍ഷം കഴിയുമ്പോഴും അധികാരത്തിലിരിക്കുന്നവരെ പുറത്താക്കി ഭരണകൂടത്തെ അച്ചടക്കം പഠിപ്പിച്ച് നേര്‍വരയില്‍ നിര്‍ത്തുകയായിരുന്നു ജനങ്ങള്‍ ഇതുവരെ ചെയ്തുകൊണ്ടിരുന്നത്. അങ്ങനെത്തന്നെയാണ് ചെയ്യേണ്ടതും. പക്ഷേ ഇപ്രാവശ്യം ആ ചാക്രികത മുറിഞ്ഞിരിക്കുന്നു. അത് എന്നെ കുറച്ച് അസ്വസ്ഥപ്പെടുത്തുന്നുണ്ട്. വേറൊന്നിനുമല്ല, സിപിഎമ്മിന്റെ ഗുണത്തെ കരുതി തന്നെ. തുടര്‍ച്ചയായി അധികാരത്തിലിരിക്കുക എന്നത് സ്വയം നശിപ്പിക്കപ്പെടുന്നതിനുള്ള വഴിയാണ്,' അരുന്ധതി റോയ് പറഞ്ഞു.

കേരളം സംഘപരിവാറിനും അതിന്റെ ഹിന്ദുരാഷ്ട്ര പ്രോജക്ടിനുമെതിരെ ശക്തമായി നിലകൊള്ളുന്നുണ്ട്. പക്ഷെ പല സ്ഥാപനങ്ങളും, സിപിഎമ്മിലെതന്നെ ചില വിഭാഗങ്ങളും ഉള്‍പ്പെടെ ഇസ്ലാമോഫോബിയയുടെ അസ്വസ്ഥകരമായ അടയാളങ്ങള്‍ കാണിക്കുന്നുണ്ടെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു.

മാക്‌സിസ്റ്റ് പാര്‍ട്ടിയുടെ സാന്നിധ്യം കൊണ്ടും അതിന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ടും വളരെയധികം നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സിപിഎമ്മിന് ഒരു തരത്തിലുമുള്ള വിമര്‍ശനങ്ങളെയും സഹിക്കാന്‍ കഴിയാത്ത തരത്തിലുള്ള സ്റ്റാലിനിസത്തിന്റെ ഒരു പ്രവണതയുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ജാതി ചിന്തകളെ ചോദ്യം ചെയ്യാന്‍ കഴിയാത്തത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഒരു ദുരന്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in