കർണ്ണാടകയിൽ ഐ.ടി.മേഖലയിലെ ജീവനക്കാരുടെ തൊഴിൽസമയം ദിവസം 14 മണിക്കൂർവരെയാക്കി ഉയർത്തിയേക്കും. കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതി ചെയ്യാനിരിക്കെയാണ് ഐടി കമ്പനി ഉടമകൾ ഇക്കാര്യം സർക്കാരിന് മുമ്പിൽ സമർപ്പിച്ചത്. നിലവിൽ കർണ്ണാടകയിലെ ഐടി സ്ഥാപനങ്ങളിൽ ഒൻപത് മണിക്കൂറാണ് തൊഴിൽ സമയം. പരമാവധി ഒരു മണിക്കൂറാണ് ഓവർടൈം. ദിവസം പരമാവധി 14 മണിക്കൂർ എന്ന നിലയിൽ മൂന്ന് മാസത്തേക്ക് പരമാവധി 125 മണിക്കൂർ തൊഴിൽ സമയം എന്നതാണ് കമ്പനികൾ മുന്നോട്ട് വെക്കുന്ന പുതിയ നിർദ്ദേശം. ഐടി, ഐടിഇഎസ്, ബിപിഒ സെക്ടറുകളിലെ തൊഴിലുകൾക്കാണ് ഈ നിർദേശം ബാധകമാവുക.
കഴിഞ്ഞദിവസം തൊഴിൽവകുപ്പ് വിളിച്ചുചേർത്ത ഐ.ടി. കമ്പനികളുടെയും ജീവനക്കാരുടെയും പ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ഇക്കാര്യം ചർച്ച ചെയ്തു. ജീവനക്കാരുടെ സംഘടനാപ്രതിനിധികൾ എതിർപ്പുയർത്തിയതോടെ കൂടുതൽ ചർച്ചനടത്തുമെന്ന് തൊഴിൽവകുപ്പ് മന്ത്രി സന്തോഷ് എസ്. ലാഡ് വ്യക്തമാക്കി. കർണാടയിൽ ഐ.ടി.മേഖലയിൽ 20 ലക്ഷത്തോളം പേർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ നല്ലൊരുശതമാനം മലയാളികളാണ്. ഈ നിർദ്ദേശം നടപ്പായാൽ ഐടി സെക്ടറിൽ മൂന്നിലൊന്ന് വിഭാഗം തൊഴിലാളികൾക്കും ജോലി നഷ്ടപ്പെടുമെന്നും കമ്പനികളിൽ 2 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുമെന്നും തൊഴിലാളികൾ ആശങ്കപ്പെടുന്നു.
കര്‍ണാടകയില്‍ സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് 100 ശതമാനം വരെ സംവരണം നൽകിക്കൊണ്ട് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. എന്നാൽ വിമർശനം ഉയർന്ന അടിസ്ഥാനത്തിൽ ബില്ല് മരവിപ്പിച്ചു. ഐടി മേഖലയിൽ നിന്നുൾപ്പടെ പ്രതിഷേധങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ബില്ല് താൽകാലികമായി മരവിപ്പിച്ചത്. വ്യവസായ മേഖലയുമായി ആലോചിച്ച് പരിശോധനകൾ നടത്തിയ ശേഷം വിഷയത്തിൽ തീരുമാനമെടുക്കുമെന്നാണ് വിശദീകരണം. ഇതിന് പിന്നാലെയാണ് ഇപ്പോൾ തൊഴിൽ സമയവുമായി ബന്ധപ്പെട്ട പുതിയ വിവാദം ഉയർന്നിരിക്കുന്നത്.