മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തപ്പെട്ട അലന്റെ പിതാവ് മുഹമ്മദ് ഷുഹൈബിനെ പിന്തുണയ്ക്കുന്നതില്‍ യു.ഡി.എഫില്‍ ഭിന്നത. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുസ്ലിംലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ എം.കെ. മുനീറും ചേര്‍ന്നാണ് സി.പി.എം നേതാവായിരുന്ന ഷുഹൈബിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായാണ് ഷുഹൈബ് കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് ജനവിധി തേടുന്നത്. നേതൃത്വം തീരുമാനം അടിച്ചേല്‍പ്പിക്കുകയാണെന്നാണ് കോണ്‍ഗ്രസിലെയും മുസ്ലിംലീഗിലെയും ജില്ലാ-പ്രാദേശിക നേതാക്കളുടെ വിമര്‍ശനം.
കോഴിക്കോട് കോര്‍പ്പറേഷനിലെ വലിയങ്ങാടി വാര്‍ഡിലാണ് ഷുഹൈബ് മത്സരിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോഴും സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ യു.ഡി.എഫിന് തീരുമാനത്തിലേക്ക് എത്താന്‍ കഴിയുന്നില്ല. അണികളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്റെ പിതാവിനെ മത്സരിപ്പിക്കുന്നത് യു.ഡി.എഫിന് തിരിച്ചടിയാകുമെന്നാണ് പ്രവര്‍ത്തകരും ജില്ലാ നേതാക്കളും വാദിക്കുന്നത്. മുസ്ലിം വോട്ടുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നാണ് ഇവര്‍ പറയുന്നത്. ആര്‍.എം.പിയുമായി ചേര്‍ന്ന് ജനകീയ മുന്നണിയുണ്ടാക്കിയാണ് ഒഞ്ചിയം പഞ്ചായത്തുള്‍പ്പെടുന്ന വടകര മേഖലയില്‍ യു.ഡി.എഫ് മത്സരിക്കുന്നത്.
കുറ്റിച്ചിറ തങ്ങള്‍സ് റോഡ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ മത്സര രംഗത്തെത്തിച്ച് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാനായിരുന്നു യു.ഡി.എഫ് തന്ത്രം. ജാമ്യം കിട്ടി കോഴിക്കോടെത്തിയ അലനെയും താഹയെയും യു.ഡി.എഫ് നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. സി.പി.എമ്മിന്റെ നയവ്യതിയാനങ്ങളില്‍ പ്രതിഷേധിച്ചാണ് മത്സരിക്കുന്നതെന്ന് ഷുഹൈബ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Workers oppose UDF support for RMP candidate Shuhaib