സമസ്ത വേദിയില്‍ വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവത്തെ അപലപിച്ച് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. പഠന മികവിനുള്ള പുരസ്‌കാരം സ്വീകരിക്കുന്നതില്‍ നിന്ന് പെണ്‍കുട്ടിയെ വിലക്കിയ മത നേതൃത്വത്തിന്റെ നീക്കം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും സതീദേവി പറഞ്ഞു.
പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍, പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ വേദിയിലുണ്ടായിരുന്ന സമസ്ത നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം തീര്‍ത്തും അപലപനീയമാണെന്ന് സതീദേവി പ്രസ്താവനയില്‍ പറഞ്ഞു.
സ്ത്രീ സാക്ഷരതയില്‍ മുന്നിട്ട് നില്‍ക്കുന്ന കേരളത്തില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു പുരസ്‌കാരം സ്വീകരിക്കാന്‍ പെണ്‍കുട്ടിക്ക് വിലക്ക് കല്‍പ്പിക്കുന്ന മതനേതൃത്വത്തിന്റെ നീക്കം അംഗീകരിക്കാന്‍ കഴിയില്ല. സമൂഹത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പിന്തിരിഞ്ഞു നടത്തിക്കാനുള്ള മതനേതൃത്വത്തിന്റ നീക്കങ്ങള്‍ക്കെതിരേ സമൂഹ മനസാക്ഷി ഉണരണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്‌കാരം സ്വീകരിക്കാനായി പൊതുവേദിയിലേക്കു ക്ഷണിച്ചതിനെതിരെ സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുള്ള മുസ്‌ലിയാര്‍ രംഗത്തെത്തിയത്. മദ്രസ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് പുരസ്‌കാരം സ്വീകരിക്കാനായി സംഘാടകര്‍ പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചത്. ഇതാണ് നേതാവിനെ പ്രകോപിപ്പിച്ചത്.
'അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ', എന്നുപറഞ്ഞ് അബ്ദുള്ള മുസ്‌ലിയാര്‍ സംഘാടകരോട് പ്രകോപിതനാകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.