പൊലീസിന്റെ കള്ളം മുഖ്യമന്ത്രി ആവര്‍ത്തിച്ചു, നിരപരാധിയായ എന്നെ വിശ്വസിച്ചില്ല: മേരി വര്‍ഗീസ്

പൊലീസിന്റെ കള്ളം മുഖ്യമന്ത്രി ആവര്‍ത്തിച്ചു, നിരപരാധിയായ എന്നെ വിശ്വസിച്ചില്ല: മേരി വര്‍ഗീസ്
Published on

പൊലീസ് പറഞ്ഞ കള്ളം ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ചെയ്തതെന്ന് പാരിപ്പള്ളിയിലെ മത്സ്യവില്‍പ്പനക്കാരി മേരി വര്‍ഗീസ്. നിരപരാധിയായ തന്റെ വാക്ക് കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

മേരി വര്‍ഗീസ് മാധ്യമങ്ങളോട്

എനിക്ക് പറയാനുള്ളത് പൊലീസ് അത് ചെയ്യുമ്പോള്‍ മുഖ്യമന്ത്രി അവിടെ ഇല്ലല്ലോ. മുഖ്യമന്ത്രി അവിടെ ഉണ്ടെങ്കില്‍ അല്ലേ മനസിലാകൂ. അവര്‍ പറഞ്ഞ കള്ളം മുഖ്യമന്ത്രി ആവര്‍ത്തിക്കുകയാണ്. കാണാതെ മുഖ്യമന്ത്രി എങ്ങനെ ആ കള്ളം വിശ്വസിക്കും. നിരപരാധിയായ എന്റെ വാക്ക് മുഖ്യമന്ത്രി വിലകല്‍പ്പിക്കുന്നില്ല.

മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്

ഈ സ്ഥലം ഉയര്‍ന്ന കൊവിഡ് നിരക്കുള്ള ഡി കാറ്റഗറിയിലുള്ള സ്ഥലമാണ്. പൊലീസ് ഇവിടെ നില്‍ക്കുന്നകച്ചവടക്കാരോട് മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. അല്ലാതെ മത്സ്യങ്ങളോ പാത്രങ്ങളോ പൊലീസ് വലിച്ചെറിയുകയോ അട്ടിമറിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മത്സ്യവില്‍പ്പന നിരോധിച്ച കാരണത്താല്‍ മല്‍സ്യം വാരിയെറിയുന്ന രംഗം കൃത്രിമമായി സൃഷ്ടിച്ച് പ്രാദേശിക ചാനലിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

പൊലീസ് മീന്‍ കുട്ട വലിച്ചെറിഞ്ഞുവെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അഞ്ചുതെങ്ങ് സ്വദേശി മേരി വര്‍ഗീസ്. പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ് .ഐ കഴിഞ്ഞ വര്‍ഷം ലോക്ക് ഡൗണില്‍ പഴം വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനോട് ആക്രോശിക്കുന്ന ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ശുചിമുറിയില്‍ പോയ ഓട്ടോ ഡ്രൈവര്‍ക്ക് 2000 രൂപ പിഴ ചുമത്തിയ സംഭവവും പാരിപ്പളളി സ്റ്റേഷനിലാണ് നടന്നത്.

പൊലീസിന്റെ വാദം

മീൻ വിൽപ്പനയുമായി ബന്ധപെട്ടു പ്രചരിപ്പിക്കുന്ന വീഡിയോ വസ്തുതാ വിരുദ്ധമാണ് . പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ള 'ഡി കാറ്റഗറി'യിൽപെട്ട സ്ഥലത്തു കോവിഡ് പ്രോട്ടോകോൾ പ്രകാരം എല്ലാവിധ കച്ചവടങ്ങൾക്കും ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ലംഘിച്ചു കൊണ്ട് ചിലർ മത്സ്യ കച്ചവടം നടത്തുകയും, ആളുകൾ കൂടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു . ഇതിനെതിരെ പോലീസ് നടപടി സ്വീകരിച്ചതിനാൽ ചിലർ ആസൂത്രിതമായി ചിത്രീകരിച്ച വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് .

Related Stories

No stories found.
logo
The Cue
www.thecue.in