ബിഷപ്പ് ഫ്രാങ്കോ കേസില്‍ ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കത്തെഴുതി സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍. വിത്ത് ദ നണ്‍ എന്ന ഹാഷ്ടാഗില്‍ ഇതിനോടകം നിരവധി പേര്‍ കന്യാസ്ത്രീക്ക് കത്തെഴുതി. solidarity2sisters@gmail.com എഴുതുന്ന കത്ത് കന്യാസ്ത്രീക്ക് നേരിട്ടെത്തിക്കും.
അതിജീവിതയായ കന്യാസ്ത്രീക്ക് എഴുതിയ കത്തിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടുകൊണ്ടാണ് പിന്തുണ അറിയിക്കുന്നത്.
കന്യാസ്ത്രീയെ പിന്തുണയ്ക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന ആലോചനയില്‍ നിന്നാണ് ഇങ്ങനെ ഒരാശയം ഉണ്ടായതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഷാഹിന.കെ.കെ ഫേസ്ബുക്കില്‍ എഴുതി. ഗീതുമോഹന്‍ദാസ്, ധന്യരാജേന്ദ്രന്‍, ജിഷ എലിസബത്ത്, പാര്‍വതി, കെ.ആര്‍ മീര, ജെ.ദേവിക, രഞ്ജിനി ഹരിദാസ് തുടങ്ങി നിരവധി പേര്‍ ഇതിനോടകം കത്തെഴുതി.
ഷാഹിന കെ.കെയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
പ്രിയപ്പെട്ടവരേ ,
കഴിഞ്ഞ ആഴ്ച ഇതേ സമയമാണ് ആ കോടതി വിധി വന്നത്. .സ്ത്രീകളുടെ പോരാട്ടങ്ങളെ തളര്‍ത്തുന്ന , നമ്മളെയൊക്കെ നിരാശയിലേക്ക് തള്ളിവിട്ട ആ വിധി . അന്നേ ദിവസം കോട്ടയത്ത് പോയി ആ കന്യാസ്ത്രീയെ - അവര്‍ക്ക് വേണ്ടി പോരാടിയ ആ അഞ്ച് കന്യാസ്ത്രീകളെയും -ഒന്ന് കാണാനും കെട്ടിപ്പിടിക്കാനും തോന്നിയില്ലേ നിങ്ങള്‍ക്ക് ? എനിക്ക് തോന്നി . പക്ഷേ നമുക്ക് അത് കഴിയില്ലല്ലോ , അപ്പോള്‍ അവരെ പിന്തുണക്കാന്‍, അവര്‍ തനിച്ചല്ലെന്ന് അറിയിക്കാന്‍ നമുക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും? ആ ആലോചനയില്‍ നിന്നാണ് ഇങ്ങനെ ഒരാശയം ഉണ്ടായത് . അവര്‍ക്ക് കത്തെഴുതുക . നമ്മള്‍ കൂടെയുണ്ടെന്ന് , ഈ പോരാട്ടത്തില്‍ ഒറ്റക്കല്ലെന്ന് അവരെ അറിയിക്കുക . സ്വന്തം കൈപ്പടയില്‍ എഴുതുന്ന കത്തുകള്‍ ഇതോടൊപ്പം കൊടുത്തിട്ടുള്ള ഇമെയില്‍ ഐഡി യിലേക്ക് അയക്കാം .ഈ ഐഡി കൈകാര്യം ചെയ്യുന്ന ഏതാനും സുഹൃത്തുക്കള്‍ അവ പ്രിന്റ് ഔട്ട് എടുത്ത് മഠത്തില്‍ എത്തിക്കും . നമ്മുടെ വാക്കുകള്‍ , നമ്മുടെ ഉറപ്പുകള്‍ , നമ്മുടെ ചേര്‍ത്ത് പിടിക്കല്‍ അവര്‍ക്കിപ്പോള്‍ വളരെ ആവശ്യമാണ് . ഞാന്‍ അയച്ച കത്ത്ഈ ഇവിടെ ചേര്‍ക്കുന്നു . നിങ്ങളും കത്തയക്കൂ ഹാഷ്ടാഗ് കൂടി ചേര്‍ത്ത് നിങ്ങളുടെ കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യൂ . കാരണം അവര്‍ തോല്‍ക്കാതിരിക്കേണ്ടത് അവരുടെ മാത്രം ആവശ്യമല്ല . നമ്മുടേത് കൂടിയാണ് . നമുക്ക് കൂടി വേണ്ടിയാണ് അവര്‍ പൊരുതുന്നത്.
solidarity2sisters@gmail.com എന്ന ഐഡി യിലേക്ക് എഴുതൂ. നിങ്ങള്‍ കൂടെയുണ്ടെന്ന് അവരെ അറിയിക്കൂ