അഫ്ഗാനില്‍ വിജയപ്രഖ്യാപനത്തിന് ശേഷം താലിബാന്റെ ആഹ്‌ളാദ പ്രകടനത്തിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.
''അഫ്ഗാനില്‍ ഇനിയും തുടരുക എന്നത് ഒരു സാധ്യതയല്ല. ഈ യുദ്ധം എല്ലാക്കാലേത്തേക്കും നീട്ടുന്നില്ല. നമുക്ക് ഇനി അഫ്ഗാനില്‍ വ്യക്തമായ ഒരു ലക്ഷ്യമില്ല. ഇതാണ് ശരിയായ തീരുമാനം, ബുദ്ധിപരമായ തീരുമാനം, അമേരിക്കയ്ക്ക് ഏറ്റവും ഉചിതമായ തീരുമാനം,'' അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സേന പിന്‍വാങ്ങിയതിന് പിന്നാലെ ജോ ബൈഡന്‍ പറഞ്ഞു.
താലിബാന് കീഴില്‍ നില്‍ക്കാന്‍ ആഗ്രഹിക്കാത്ത 120,000 ആളുകളെ എയര്‍ലിഫ്റ്റ് ചെയ്ത് പുറത്തെത്തിച്ച അമേരിക്കന്‍ സേനയേയും ബൈഡന്‍ പ്രകീര്‍ത്തിച്ചു. അതേസമയം അഫ്ഗാനിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് ബൈഡന്‍ മിണ്ടിയില്ല.
2001ലെ സെപ്തംബര്‍ പതിനൊന്ന് ആക്രമണത്തിന് ശേഷമാണ് യു.എസ് ട്രൂപ്പ് അഫ്ഗാനിലെത്തുന്നത്.
ഒരു സമവായത്തില്‍ പോലും എത്താതെ അഫ്ഗാനില്‍ നിന്നുള്ള അമേരിക്കയുടെ നിരുപാധിക പിന്മാറ്റത്തില്‍ ബൈഡന്‍ വലിയ വിമര്‍ശനം നേരിടുന്നുണ്ട്. കേവലം പതിനൊന്ന് ദിവസങ്ങള്‍ കൊണ്ടാണ് താലിബാന്‍ അഫ്ഗാന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തത്. രക്ഷാദൗത്യം സുഖമമാക്കാന്‍ അമേരിക്ക ഏകദേശം ആറായിരും യു.എസ് ട്രൂപ്പുകളെ കാബൂളില്‍ വിന്യസിച്ചിരുന്നു.