'പത്രം വായിക്കുന്നവര്‍ പോലും നിങ്ങള്‍ക്ക് പ്രശ്‌നക്കാരാണോ?'; എന്‍.ഐ.എയോട് ചീഫ് ജസ്റ്റിസ് എന്‍.വി രമണ

'പത്രം വായിക്കുന്നവര്‍ പോലും നിങ്ങള്‍ക്ക് പ്രശ്‌നക്കാരാണോ?'; എന്‍.ഐ.എയോട് ചീഫ് ജസ്റ്റിസ് എന്‍.വി രമണ
Published on

എന്‍.ഐ.എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. പത്രം വായിക്കുന്നവര്‍ പോലും എന്‍.ഐ.എയ്ക്ക് പ്രശ്‌നക്കാരാണോ എന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്.

ആധുനിക പവര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സസ് എന്ന കമ്പനിയുടെ ജനറല്‍ മാനേജരായ സഞ്ജയ് ജെയിനിനെതിരെയുള്ള യു.എ.പി.എ. കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി നല്‍കിയ ജാമ്യം ശരിവെച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. സഞ്ജയ് ജെയിനിന്റെ ജാമ്യത്തിന് എതിരായി എന്‍.ഐ.എ. നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രമണ അധ്യക്ഷനായ ജസ്റ്റിസ് കൃഷ്ണ മുരാരിയും ജസ്റ്റിസ് ഹിമ കോഹിലിയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് തള്ളി.

ട്രാന്‍സ്‌പോര്‍ട്ടര്‍മാരില്‍ നിന്നും ഇടപാടുകാരില്‍ നിന്നും ടി.പി.സി (തൃത്യ പ്രസ്തുതി കമ്മിറ്റി)യുടെ ആവശ്യപ്രകാരം സഞ്ജയ് ജയിന്‍ പണം പിരിച്ചുവെന്നാണ് എന്‍.ഐ.എവാദം. എന്നാല്‍ ടി.പി.സിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെങ്കിലും ഇക്കാരണത്താല്‍ ഇയാള്‍ക്ക് മേല്‍ യു.എ.പി.എ കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് പറഞ്ഞായിരുന്നു കോടതിയുടെ പരാമര്‍ശം.

'ഇങ്ങനെപോയാല്‍ പത്രം വായിക്കുന്നത് പോലും നിങ്ങള്‍ക്കൊരു കുറ്റമാവുമല്ലോ' എന്നാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞത്.

അന്വേഷണത്തിന് കക്ഷി പൂര്‍ണ സഹകരണം നല്‍കിയിരുന്നുവെന്നും ആവശ്യമായ എല്ലാ രേഖകളും അദ്ദേഹം തന്നെ നല്‍കിയിരുന്നുവെന്നും കോടതി പറഞ്ഞു.

'കക്ഷിയുടെ വരുമാനത്തിന് ചേര്‍ച്ചയില്ലാത്ത തുകയുടെ പണമോ ആഭരണങ്ങളോ പോലുള്ള കുറ്റകരമായ തെളിവുകളൊന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല,' എന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.

'കക്ഷി ടി.പി.സിക്ക് ലെവി തുക അടയ്ക്കുന്നതും ടി.പി.സി മേധാവിയുമായുള്ള കൂടിക്കാഴ്ചയും യു.എ.പി.എ നിയമത്തിന്റെ 17, 18 വകുപ്പുകള്‍ക്ക് കീഴില്‍ വരുന്നതല്ല,' എന്നും ഹൈക്കോടതി ഉത്തരവില്‍ നിരീക്ഷിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in