തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കുന്നത് അപകടം, കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കുന്നത് അപകടം, കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍

Published on

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് അപകടമാണെന്ന് കാണിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത് വനംവകുപ്പിന്റെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍. മാര്‍ച്ചിലാണ് ആനയുടെ പ്രായാധിക്യവും കണ്ണിന്റെ കാഴ്ചയില്ലായ്മയും ഇടയാനുള്ള സാധ്യതതകളും ചൂണ്ടിക്കാട്ടി പൊതുജനങ്ങളുടേയും ആനപാപ്പാന്‍മാരുടേയും സുരക്ഷയ്ക്കായി തൃശൂരില്‍ പോലും എഴുന്നള്ളിപ്പിക്കാന്‍ അനുവദിക്കരുതെന്ന് കാണിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ സ്ഥിതിയില്‍ നിന്നും വിഭിന്നമല്ല ഇപ്പോഴത്തെ അവസ്ഥയെന്ന് ചൂണ്ടിക്കാണിച്ചാണ് കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷണ സമിതി രാമചന്ദ്രന്റെ വിലക്ക് നീക്കാത്തത്.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് രേഖകള്‍ പ്രകാരം 54 വയസ്സ് കഴിഞ്ഞതായി പറയുന്നുണ്ടെങ്കിലും അതിലേറെ പ്രായമുള്ളതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ആനയ്ക്ക് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതും പ്രായം ചെന്നതു കാരണം സാധാരണ നിലയിലുള്ള കാഴ്ച ശക്തി ഇല്ലാത്തതുമാണ്. വലതുകണ്ണിന് തീരെ കാഴ്ചയില്ലാത്തതിനാല്‍ ഒറ്റ കണ്ണ് കൊണ്ട് പരിസരം കാണേണ്ട അവസ്ഥയിലുള്ള ഈ ആനയെ അമിതമായി ജോലിഭാരം ഏല്‍പ്പിക്കുന്നുണ്ട് ഉടമസ്ഥര്‍. ഇടഞ്ഞോടി രണ്ടുപേരെ കൊന്നതിന് മുമ്പ് ആന എട്ട് ദിവസം കൊണ്ട് 750 കിലോമീറ്ററാണ് യാത്ര ചെയ്തത്. അത്രയധികം എഴുന്നള്ളിപ്പുകളുടെ ജോലിഭാരമാണ് അതിനുണ്ടായിരുന്നത്. ശാരീരിക അവശതയും കാഴ്ചക്കുറവും അമിത അധ്വാനവും ആനയെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. വലതുകണ്ണിന് കാഴ്ചയില്ലാത്തത് കൊണ്ട് ഇടതുകണ്ണുകൊണ്ടാണ് പരിസരം നിരീക്ഷിക്കുന്നത്, വളരെ ആശങ്കയോടെയും സംശയത്തോടെയുമാണ് അതിനാല്‍ ആന ചുറ്റുപാടും നോക്കുന്നത്, ചെറിയതോതില്‍ അസ്വസ്ഥനായാല്‍പ്പോലും അക്രമാസക്തനാകുന്നതും അതിനാലാണ്. അതിന്റെ കാഴ്ചശക്തി കുറവ് കാരണം എല്ലാ വശങ്ങളിലുമായി 4 പാപ്പാന്‍മാരുടെ സഹായത്തിലാണ് അതിനെ ഉത്സവങ്ങളില്‍ എഴുന്നെള്ളിക്കാറുണ്ടായിരുന്നത്. ഇതൊക്കെയായിട്ടും പല തവണ അക്രമാസക്തനായിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അക്രമസ്വഭാവവും ശാരീരിക പ്രശ്നങ്ങളും പരിഗണിച്ച് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂരങ്ങളില്‍ വിലക്കിയതില്‍ സര്‍ക്കാരിന് മുന്നില്‍ സമ്മര്‍ദ്ദ നീക്കവുമായി ആന ഉടമകളുമെത്തിയിരുന്നു. തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച് തൃശൂര്‍ പൂരത്തിന് മറ്റ് ആനകളെയും നല്‍കില്ലെന്നാണ് തൃശൂരില്‍ ചേര്‍ന്ന ആന ഉടമകളുടെ യോഗത്തില്‍ തീരുമാനിച്ചത്. തീരുമാനം പിന്‍വലിപ്പിക്കാന്‍ സര്‍ക്കാര്‍ ആന ഉടമകളുമായി ചര്‍ച്ച നടത്തുന്നുണ്ട്.

ഇതിനിടയില്‍ തൃശൂര്‍ കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യം ചെയ്ത് തെച്ചിക്കോട് കാവ് ദേവസ്വം നല്‍കിയ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.


തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കിയത് ജില്ലാ കലക്ടറാണെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയില്ലെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍ പ്രതികരിച്ചു. ഇക്കാര്യം കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുമെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കണമെന്ന് കോടതി പറഞ്ഞാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ല. പക്ഷെ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ അക്രമാസക്തനാണെന്നും 2007 മുതല്‍ ഏഴ് പേരെ കുത്തിക്കൊന്നിട്ടുണ്ടെന്നും വലിയ ജനത്തിരക്കുള്ള തൃശൂര്‍ പൂരത്തിന് ആനയെ എഴുന്നള്ളിപ്പിനായി കൊണ്ടുവന്നാല്‍ അപകടമുണ്ടാകുമെന്നും കാട്ടിയാണ് തൃശൂര്‍ ജില്ലാ കലക്ടറായ ടിവി അനുപമ വിലക്ക് തുടരുമെന്ന് അറിയിച്ചത്. തീരുമാനം പുനപരിശോധിക്കില്ലെന്നും കലക്ടര്‍ അറിയിച്ചിരുന്നു.

logo
The Cue
www.thecue.in