എക്‌സ് (ട്വിറ്റര്‍) ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയന്‍. എക്‌സില്‍ 80 ഔദ്യോഗിക അക്കൗണ്ടുകളുള്ള ദി ഗാര്‍ഡിയന് 27 ദശലക്ഷം ഫോളോവര്‍മാരാണ് നിലവിലുള്ളത്. ഈ അക്കൗണ്ടുകളിലൂടെ ഇനി പോസ്റ്റുകളൊന്നും പബ്ലിഷ് ചെയ്യില്ലെന്നാണ് പ്രഖ്യാപനം.
വംശീയതയും തീവ്രവലത് ഗൂഢാലോചനാ സിദ്ധാന്തങ്ങളും പ്രചരിപ്പിക്കുന്നതില്‍ എക്‌സ് മുന്നില്‍ നില്‍ക്കുകയാണെന്നാണ് ഗാര്‍ഡിയന്‍ കുറ്റപ്പെടുത്തുന്നത്. ഇത്തരം കണ്ടന്റുകള്‍ സ്ഥിരമായി എക്‌സില്‍ പ്രത്യക്ഷപ്പെടുന്നത് തങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. അതിന് അടിവരയിടുന്നതായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ക്യാംപെയിന്‍. എക്‌സ് എന്ന ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോമും ഉടമയായ ഇലോണ്‍ മസ്‌കും രാഷ്ട്രീയമായ ഇടപെടലുകള്‍ നടത്തുകയായിരുന്നുവെന്ന് സ്ഥിരീകരിക്കുകയാണെന്ന് ഗാര്‍ഡിയന്‍ വ്യക്തമാക്കുന്നു.
വാര്‍ത്താ മാധ്യമങ്ങള്‍ക്ക് പുതിയ വായനക്കാരിലേക്ക് എത്തുന്നതിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എത്രമാത്രം പ്രധാനമാണെന്ന് അറിയാമെങ്കിലും ഗാര്‍ഡിയനെ പ്രമോട്ട് ചെയ്യുന്നതില്‍ എക്‌സ് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നും മാധ്യമം പരാതിപ്പെടുന്നുണ്ട്. സ്വന്തം വെബ്‌സൈറ്റ് വായനക്കാര്‍ക്കു വേണ്ടി തുറന്നിട്ടിരിക്കുകയാണ്. അവിടേക്ക് വായനക്കാരെ ക്ഷണിക്കുകയാണെന്നും ഗാര്‍ഡിയന്‍ പറയുന്നു.
തങ്ങളുടെ ലേഖനങ്ങളും വാര്‍ത്തകളും എക്‌സ് ഉപയോക്താക്കള്‍ക്ക് ഷെയര്‍ ചെയ്യാവുന്നതാണ്. റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായി എക്‌സ് കണ്ടന്റുകള്‍ വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തുകയും എംബെഡ് ചെയ്യുകയും ചെയ്യും. വാര്‍ത്താശേഖരണത്തിനായി റിപ്പോര്‍ട്ടര്‍മാര്‍ക്ക് എക്‌സ് അക്കൗണ്ടുകള്‍ ഉപയോഗിക്കാവുന്നതാണ്. മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതു പോലെ, ഗാര്‍ഡിയന്‍ ഔദ്യോഗികമായി നേരിട്ട് ഇടപെടല്‍ നടത്താത്ത വിധത്തിലായിരിക്കും അവര്‍ ഇത് ഉപയോഗിക്കുകയെന്നും ഗാര്‍ഡിയന്‍ വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇലോണ്‍ മസ്‌ക് നേരിട്ടു തന്നെ രംഗത്തുണ്ടായിരുന്നു. വിജയത്തിന് ശേഷം നടത്തിയ ആദ്യ പ്രസംഗത്തില്‍ മസ്‌കിനെ ഹീറോയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. സോഷ്യല്‍ മീഡിയയ്ക്ക് ജനങ്ങളിലുണ്ടാക്കാന്‍ കഴിയുന്ന വലിയ സ്വാധീനം യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യക്തമായിരുന്നു. പ്രസിഡന്റായ ആദ്യ ടേം അവസാനിക്കുമ്പോള്‍ ജനപിന്തുണ നഷ്ടമായി രണ്ട് ഇംപീച്ച്‌മെന്റുകളെ നേരിട്ട്, ഒടുവില്‍ ആരോപണങ്ങളും കേസുകളുമായി പുറത്തുപോയ ട്രംപ് രണ്ടാമൂഴത്തില്‍ സ്വിംഗ് സ്റ്റേറ്റുകളില്‍ പോലും ആധിപത്യം നേടിയിരുന്നു.
ഗാര്‍ഡിയന്റെ വാക്കുകളോട് അവര്‍ അപ്രസക്തരാണെന്നായിരുന്നു മസ്‌കിന്റെ പ്രതികരണം. എക്‌സ് പോസ്റ്റിലാണ് മസ്‌ക് രണ്ടു വാക്കുകളിലൂടെ തന്റെ പ്രതികരണം അറിയിച്ചത്.
അതേസമയം കൂടുതലാളുകള്‍ എക്‌സ് വിട്ടുപോകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ സിഎന്‍എന്‍ അവതാരകന്‍ ഡോണ്‍ ലെമണ്‍ എക്‌സ് ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. അഭിപ്രായ സ്വാതന്ത്ര്യവനും സുതാര്യതയുമുള്ള സത്യസന്ധമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയാകുന്ന പ്ലാറ്റ്‌ഫോമാണ് എക്‌സ് എന്നായിരുന്നു ഒരിക്കല്‍ താന്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നാണ് ഇപ്പോള്‍ മനസിലാകുന്നതെന്ന് ലെമണ്‍ വ്യക്തമാക്കുന്നു.
ബ്രിട്ടനിലെ സൗത്ത് പോസ്റ്റില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടത് മുസ്ലീം കുടിയേറ്റക്കാരാലാണെന്ന വ്യാജ സോഷ്യല്‍ മീഡിയ പ്രചാരണത്തെത്തുടര്‍ന്ന് തീവ്ര വലത്, വംശീയ നിലപാടുകളുള്ളവര്‍ തെരുവിലിറങ്ങുകയും കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തത് ഏതാനും മാസങ്ങള്‍ മുന്‍പാണ്. ഈ വിഷയത്തില്‍ എക്‌സ് പ്രതിക്കൂട്ടിലായിരുന്നു. തുടര്‍ന്ന് ബ്രിട്ടീഷ് പൊലീസും എക്‌സ് ഉപേക്ഷിച്ചിരുന്നു.