എന്ത് കൊണ്ട് കൊച്ചിയിലെ 349 ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന ഉത്തരവ്?

എന്ത് കൊണ്ട് കൊച്ചിയിലെ 349 ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന ഉത്തരവ്?

Published on

കൊച്ചി മരടിലെ തീരദേശമേഖലാ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് അപ്പാര്‍ട്‌മെന്റുകള്‍ പൊളിച്ചുനീക്കണമെന്നാണ് ഇന്നലെ സുപ്രീം കോടതി ഉത്തരവിട്ടത്. അഞ്ച് അപ്പാര്‍ട്‌മെന്റുകളിലായി പൊളിക്കേണ്ട 349 ഫ്ളാറ്റുകളില്‍ താമസക്കാര്‍ ഉള്ളത് 198 എണ്ണത്തിലാണ്. താരങ്ങളും സംവിധായകരും വ്യവസായികളും ഉള്‍പ്പെടുന്ന ലക്ഷ്വറി ഫ്ളാറ്റും ഈ അപ്പാര്‍ട്‌മെന്റ് സമുച്ചയങ്ങളിലുണ്ട്.

ഹോളി ഫെയ്ത്ത് അപ്പാര്‍ട്മെന്റ്സ്, കായലോരം അപ്പാര്‍ട്മെന്റ്സ്, ഹോളിഡേ ഹെറിറ്റേജ്, ജെയ്ന്‍ കോറല്‍ കോവ്‌, ആല്‍ഫ വെഞ്ച്വേര്‍സ് എന്നീ അപ്പാര്‍ട്ട്മെന്റുകളാണ് പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഇതില്‍ ഹോളിഡേ ഹെറിറ്റേജിന്റെ നിര്‍മ്മാണം നടന്നിട്ടില്ല. പഞ്ചായത്ത് അനുമതി നല്‍കിയെങ്കിലും നഗരസഭ അനുമതി റദ്ദാക്കിയതിനാലാണ് പണിനടക്കാഞ്ഞച്. കുണ്ടന്നൂര്‍ ഹോളിഫെയ്ത്ത് എച്ച് ടു ഒവില്‍ മലയാളത്തിലെ സംവിധായകരും നിര്‍മ്മാതാക്കളും താരങ്ങളും ഉള്‍പ്പെടെ താമസക്കാരായുണ്ട്. നിര്‍മ്മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുള്ള സിആര്‍സെഡ് മേഖലയിലാണ് ഈ കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയിരിക്കുന്നത്.

H2O ഹോളി ഫെയ്ത്ത് അപ്പാര്‍ട്മെന്റ്സ്
H2O ഹോളി ഫെയ്ത്ത് അപ്പാര്‍ട്മെന്റ്സ്

മരട് പഞ്ചായത്തായിരുന്ന 2006-2007 വര്‍ഷങ്ങളിലാണ് ഈ കെട്ടിടങ്ങള്‍ക്ക് അനുമതി കൊടുത്തിരിക്കുന്നത്. നഗരസഭയായി മാറിയതോടെ അനുമതി റദ്ദ് ചെയ്‌തെന്നാണ് നഗരസഭാ ഉപാധ്യക്ഷന്‍ പറയുന്നത്. സുപ്രീം കോടതി ഉത്തരവ് കിട്ടിയാലുടന്‍ പരിശോധന നടത്തി നിയമോപദേശം തേടി ഉചിതമായ നടപടി സ്വീകരിക്കുമെന്നും നിയമസഭാ ഉപാധ്യക്ഷന്‍ പറയുന്നു.

കേരള തീരദേശ മേഖലാ നിയന്ത്രണ അതോറിറ്റി അറിയാതെയാണ് മരട് പഞ്ചായത്ത് നിര്‍മ്മാണത്തിന് അനുമതി കൊടുത്തത്. സിആസെഡ് 3 മേഖലയില്‍ തീരദേശത്ത് നിന്ന് 200 മീറ്റര്‍ പരിധിക്കുള്ളില്‍ നിര്‍മ്മാണം പാടില്ലെന്ന നിയമമുള്ളതിനാലാണ് ഈ കെട്ടിടങ്ങള്‍ പൊളിച്ചി മാറ്റേണ്ടിവരുന്നത്.

ആല്‍ഫ വെഞ്ച്വേര്‍സ്
ആല്‍ഫ വെഞ്ച്വേര്‍സ്

സിആര്‍സെഡ് വ്യവസ്ഥകള്‍ ലംഘിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം അനധികൃത നിര്‍മ്മാണങ്ങള്‍ പ്രളയത്തിനും പ്രകൃതിദുരന്തത്തിനും വഴിവെക്കുമെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ വര്‍ഷം കേരളം നേരിട്ട പ്രളയം കൂടികണക്കിലെടുത്താണ് സുപ്രീം കോടതി വിധി.

ചട്ടംലംഘിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഫ്‌ളാറ്റുകള്‍ വാങ്ങിയവരാണ് ഇപ്പോള്‍ അങ്കലാപ്പിലായത്. ഫ്‌ളാറ്റ് വാങ്ങിയവര്‍ക്ക് പുനഃപരിശോധന ഹര്‍ജി നല്‍കാനാകും. തങ്ങളുടെ വാദം കേട്ടില്ലെന്ന് പറയാനാകുമെങ്കിലും കോടതി കടുത്ത നിലപാടെടുത്തിരിക്കുന്ന സാഹചര്യത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുന്നതാണ് കൂടുതല്‍ ഫലവത്താവുക.

നഗരസഭ തന്നെയല്ലെ അനുമതി തന്നത്, കറന്റ് തരുന്നത് കെഎസ്ഇബി അല്ലേ, ഞങ്ങളെല്ലാം ടാക്‌സ് നല്‍കുന്നില്ലേ?. എന്നിട്ടും പെട്ടൊന്നൊരു ദിവസം താമസിക്കുന്ന ഫ്‌ളാറ്റ് പൊളിച്ചുകളയണമെന്ന് കേട്ടതിലെ ഞെട്ടലിലാണ് ഞങ്ങള്‍. എന്നേപ്പോലുള്ള പല പ്രവാസികളും ഇവിടെ ഫ്‌ളാറ്റ് വാങ്ങിയിട്ടുണ്ട്. പലരും ഇപ്പോഴും വിദേശത്താണ്. ഒരു മാസത്തിനകം ഇത് പൊളിക്കണമെന്ന് പറയുമ്പോള്‍ എല്ലാവരും എന്ത് ചെയ്യും. പലര്‍ക്കും വരാനുള്ള സാഹചര്യം പോലുമില്ല. എങ്ങനെ നിയമനടപടി സ്വീകരിക്കാമെന്ന് നാളെ ഫ്‌ളാറ്റുടമകള്‍ എല്ലാം ചേര്‍ന്ന് വിളിച്ചിരിക്കുന്ന ഒരു യോഗത്തില്‍ ചര്‍ച്ച നടക്കും. എന്നിട്ടാണ് മുന്നോട്ടുള്ള തീരുമാനം

ജയകുമാര്‍, മരടിലെ എച്ച്ടുഒ ഹോളിഫെയ്ത്തിലെ ഫ്‌ളാറ്റുടമ

മരട് പഞ്ചായത്ത് നഗരസഭയായതിന് പിന്നാലെ നിര്‍മ്മാണ അനുമതി റദ്ദാക്കാന്‍ നഗരസഭ നല്‍കിയ നോട്ടീസ് ഹൈക്കോടതിയില്‍ സിംഗിള്‍ ബെഞ്ച് റദ്ദാക്കുകയും പിന്നീട് ഡിവിഷന്‍ ബെഞ്ച് ആ വിധി ശരിവെക്കുകയും ചെയ്തു. പുനഃപരിശോധന ഹര്‍ജിയും തള്ളിയതോടെ തീരദേശ മേഖലാ നിയന്ത്രണ അതോറിറ്റി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

അനധികൃതനിര്‍മ്മാണത്തിന് നഗരസഭയ്ക്ക് മാത്രമാണ് ഉത്തരവാദിത്തമെന്നും അനുമതി നേടിയവര്‍ കുറ്റക്കാരല്ലെന്നുമായിരുന്നു ഹൈക്കോടതി നിലപാട്. പഞ്ചായത്ത് സെക്രട്ടറിയും കെട്ടിട നിര്‍മ്മാക്കളും ഒളിച്ചുകളിച്ചതാണ് അനധികൃത നിര്‍മ്മാണത്തിന് കാരണമായതെന്നും സെക്രട്ടറിയെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കിയെന്നും സുപ്രീം കോടതിയില്‍ നഗരസഭ അറിയിച്ചു.

ജെയ്ന്‍ കോറല്‍ കോവ്‌ 
ജെയ്ന്‍ കോറല്‍ കോവ്‌ 

കേരള മുനിസിപ്പല്‍ ബില്‍ഡിങ്‌സ് ചട്ടത്തിലെ വ്യവസ്ഥ പാലിക്കാതെയാണ് പഞ്ചായത്ത് സെക്രട്ടറി അനുമതി നല്‍കിയതെന്ന് വിജിലന്‍സ് കണ്ടെത്തിയതോടെ നിര്‍മ്മാണ അനുമതി റദ്ദാക്കാനുള്ള നടപടിയെടുക്കാന്‍ സര്‍ക്കാര്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം 2007ല്‍ കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി, അവര്‍ ഹൈക്കോടതിയില്‍ ഇത് ചോദ്യം ചെയ്തു. ഇടക്കാല സ്‌റ്റേ ഉത്തരവിന്റെ മറവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 2012ല്‍ നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി വന്നു, 2015ല്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചു. ഇതോടെയാണ് 2015 ഡിസംബറില്‍ തീരദേശ മേഖല നിയന്ത്രണ അതോറിറ്റി സുപ്രീം കോടതിയിലേക്ക് നീങ്ങിയത്.

സുപ്രീം കോടതി വിധിക്കെതിരായി അപ്പീല്‍ പോയാല്‍ അനുകൂല വിധി നേടാമെന്ന് കരുതുന്നവരുണ്ട്. 2006ല്‍ നിര്‍മ്മാണ അനുമതി നടക്കുമ്പോഴാണ് പ്രദേശം സിആര്‍സെഡ് 3 മേഖലയിലുള്ളത്. 2011ലെ വിജ്ഞാപനത്തില്‍ സിആര്‍സെഡ് 2 മേഖലയാണ് പ്രദേശം. വീണ്ടും നിര്‍മ്മാണം നടത്തുന്നതിന് തടസ്സമുണ്ടാകില്ലെന്ന് നിയമവിദഗ്ധരുടെ നിരീക്ഷണവുമുണ്ട്. ഇത് ഫ്‌ളാറ്റുടമകള്‍ക്ക് സഹായകമാകുമെന്നാണ് പറയപ്പെടുന്നത്.

logo
The Cue
www.thecue.in