തൃശൂര്‍പൂരം അലങ്കോലമാക്കിയതിന് പിന്നിലാര്? രാഷ്ട്രീയ ഗൂഢാലോചന പുറത്തുവരണം; വിഎസ് സുനില്‍കുമാര്‍

തൃശൂര്‍പൂരം അലങ്കോലമാക്കിയതിന് പിന്നിലാര്? രാഷ്ട്രീയ ഗൂഢാലോചന പുറത്തുവരണം; വിഎസ് സുനില്‍കുമാര്‍
Published on

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. പൂരം അലങ്കോലപ്പെടുത്താന്‍ നേതൃത്വം കൊടുത്തവര്‍ ആരെന്ന് പുറത്തുവരണം. അന്നുണ്ടായ സംഭവങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്, അനിഷ്ട സംഭവങ്ങളുടെ പിന്നില്‍ അന്നത്തെ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും വിഎസ് സുനില്‍കുമാര്‍ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നാലേ ചേരയാണോ മൂര്‍ഖനാണോയെന്ന് തീരുമാനിക്കാന്‍ പറ്റൂവെന്നും സുനില്‍കുമാര്‍ പറഞ്ഞു.

'രാത്രിസമയത്ത് മേളം നിര്‍ത്തിവെക്കാന്‍ പറഞ്ഞു, ലൈറ്റ് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു. വെടിക്കെട്ട് നടത്തില്ലെന്ന് നാടകീയമായ നിലപാടുണ്ടാവുകയും അതുവരെ പൂരത്തിന്റെ ഒരുചടങ്ങില്‍ പോലും പങ്കെടുക്കാതിരുന്ന ബിജെപി സ്ഥാനാര്‍ഥിയെ രാത്രി ആംബുലന്‍സില്‍ എത്തിച്ചത് യാദൃശ്ചികമല്ല. സ്ഥാനാര്‍ത്ഥി ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം പ്രത്യക്ഷപ്പെടുകയും ചെയ്തുവെന്നത് കൂടി കൂട്ടിവായിക്കുമ്പോള്‍ അതിനുപിന്നിലെ രാഷ്ട്രീയ ഗൂഢാലോചന മനസിലാകും. പൂരം അലങ്കോലപ്പെടുത്താന്‍ തീരുമാനിച്ചത് സര്‍ക്കാരാണെന്നും പിന്നില്‍ എല്‍ഡിഎഫാണെന്നും പ്രചാരണം നടത്തി ജനവികാരം തിരിച്ചുവിടാന്‍ ശ്രമിച്ച ആളുകളാണ് ബിജെപിയും ആര്‍എസ്എസും. ഇവിടുത്തെ പല പൂരപ്രമികളെക്കാളും കൂടുതല്‍ പൂരത്തെ സ്നേഹിക്കുന്ന ആളാണ് ഞാന്‍. എന്നെയടക്കം ഈ ആളുകള്‍ പ്രതിക്കൂട്ടിലാക്കി', സുനില്‍കുമാര്‍ പറഞ്ഞു.

അതേസമയം, എഡിജിപി അജിത് കുമാറിനെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചു. പി.വി.അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തല്‍ പരിഗണിച്ച് പൂരം കലക്കിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പരാതി. അജിത് കുമാറിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണമെന്ന് ഹൈക്കോടതി അഭിഭാഷകന്‍ വിആര്‍ അനൂപ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in