അടുത്തത് എവിടേക്കെന്ന് തീരുമാനിക്കുന്നത് നിങ്ങള്‍; വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധനയുമായി കളക്ടര്‍ സുഹാസ്
വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മിന്നല്‍ സന്ദര്‍ശനവുമായി എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. ഇടപ്പള്ളി സൗത്ത് വില്ലേജ് ഓഫീസില്‍ പരിശോധന നടത്തി മിന്നല്‍ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചതായി ജില്ലാ കളക്ടര്‍. പൊതുജനങ്ങളുമായി സംസാരിച്ച് പരാതികള്‍ ചോദിച്ചറിഞ്ഞു. ഓഫീസിലെ ഹാജര്‍നില പരിശോധിക്കുന്നുണ്ട്. റെക്കോര്‍ഡ് റൂമും കണ്ടാണ് സന്ദര്‍ശനം അവസാനിപ്പിച്ചത്. അടുത്ത പരിശോധന ഏത് വില്ലേജ് ഓഫീസിലാണെന്നത് പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാണെന്ന് ജില്ലാ കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് ജില്ലാ കളക്ടറുടെ നടപടി.
ഫേസ്ബുക്ക് പോസ്റ്റിലെ കമന്റ് ബോക്‌സില്‍ നിരവധി വില്ലേജുകളുടെ പേരാണ് നിര്‍ദേശിച്ചിട്ടുള്ളത്. കടുങ്ങല്ലൂര്‍ വില്ലേജ് ഓഫീസില്‍ മൂന്ന് മണിക്ക് ശേഷം ജീവനക്കാരില്ലെന്നാണ് ഒരാളുടെ കമന്റ്. മിന്നല്‍ സന്ദര്‍ശനം നടത്തുമെന്നത് പരസ്യമായി പ്രഖ്യാപിച്ചാല്‍ ജീവനക്കാര്‍ ഇനി ജാഗ്രതയോടെ ജോലി ചെയ്യുമെന്നായിരുന്നു ഒരാളുടെ അഭിപ്രായം. അലേര്‍ട്ടായി ജോലി ചെയ്യുന്നത് ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്നും മിന്നല്‍ സന്ദര്‍ശനം നിര്‍ത്തിയാലല്ലേ അല്ലാതെയാകാന്‍ പറ്റുകയുള്ളൂവെന്നും മറുപടി നല്‍കിയിട്ടുണ്ട്.
മുന്‍കൂട്ടി പറയാതെ വേണം ചെല്ലണമെന്നാണ് അപേക്ഷയെന്ന കമന്റിന് സമയവും സ്ഥലും മുന്‍കൂട്ടി നല്‍കിയല്ല മിന്നല്‍ സന്ദര്‍ശനമെന്നും ജില്ലാ കളക്ടര്‍. താലൂക്ക് ഓഫീസുകളിലും പരിശോധന നടത്തണമെന്നും അഭിപ്രായം രേഖപ്പെടുത്തിയവരുണ്ട്. സ്ഥലം അളക്കാന്‍ വരുന്നവര്‍ക്ക് കൈക്കൂലി കൊടുക്കേണ്ടി വരുന്നുവെന്ന പരാതി പറഞ്ഞ ആളോട് 04842336100 വിളിച്ചറിയിക്കാനും മറുപടി നല്‍കി.
വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്ന സ്വകാര്യ ബസുകളെ പിടികൂടാന്‍ നേരിട്ട് റോഡിലിറങ്ങിയും എസ് സുഹാസ് കൈയ്യടി നേടിയിരുന്നു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് ബസ് സ്റ്റോപ്പില്‍ അപ്രതീക്ഷിതമായി എത്തിയ ജില്ലാ കളക്ടര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും പരാതിയും സ്വീകരിച്ചിരുന്നു.